മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ഓസ്ലറില്‍ മമ്മൂട്ടിയുടെ കൗമാരപ്രായത്തിലെ വേഷത്തില്‍ എത്തിയ ആദം സാബിക്കിന്‍റെ വിശേഷങ്ങള്‍
ഓസ്ലറിലെ മറ്റൊരു വേഷത്തിനായാണ് ആദ്യം ഓഡിഷന്‍ അയയ്ക്കുന്നത്. എന്നാല്‍ എന്നെ നേരിട്ട് കാണണമെന്ന് പറഞ്ഞു അവര്‍ വിളിപ്പിക്കുകയായിരുന്നു. എന്നെ കണ്ടെത്തിയത് സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടര്‍ പ്രിന്‍സ് ജോയ്യാണ്. ഫ്ളാറ്റില്‍ അവരെ മീറ്റ് ചെയ്തു വീട്ടില്‍ വന്നതിനുശേഷം ടെന്‍ഷനായിരുന്നു. മൂന്നാഴ്ചയോളം കാത്തിരുന്നു.
കിട്ടില്ലായിരിക്കുമോയെന്ന ടെന്‍ഷന്‍ വല്ലാതെ വേട്ടയാടിയിരുന്നു. മൂന്നാഴ്ചകള്‍ക്കപ്പുറം പ്രിന്‍സ് ചേട്ടന്‍ വിളിച്ചു സെലക്ട് ആയില്ലെന്ന് പറഞ്ഞു. ഉള്ളിലെ വെളിച്ചമെല്ലാം പെട്ടെന്ന് ഇരുട്ടായ പോലെ തോന്നി. പിന്നെയുണ്ട് സ്ക്രിപ്റ്റ് അയച്ചുതന്നു വായിക്കാന്‍ പറയുന്നു. ഞാനും കരുതി സെലക്ട് ആവാത്ത പ്രോജക്ടിന്‍റെ സ്ക്രിപ്റ്റ് എന്തിനാ എനിക്കവര്‍ അയച്ചുതരുന്നതെന്ന.് അങ്ങനെ കണ്‍ഫ്യൂഷനില്‍ നില്‍ക്കുമ്പോഴാണ് ചേട്ടന്‍ പറയുന്നത് നീ സെലക്ട് ആയി ഡാ. ഞാന്‍ ചുമ്മാ പറഞ്ഞതെന്ന്.
അത് കേട്ടപ്പോള്‍ ഉണ്ടായ സന്തോഷവും എക്സൈറ്റ്മെന്‍റും എത്രത്തോളം ഉണ്ടെന്ന് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. പിന്നീടങ്ങോട്ടുള്ള ദിവസങ്ങള്‍ പേടിയായിരുന്നു. ചെറുപ്പം മുതല്‍ നമ്മള്‍ കാണുന്ന ആരാധിക്കുന്ന ഒരാളുടെ കൗമാരക്കാലം അഭിനയിക്കുക. ഇത് എന്നെക്കൊണ്ട് സാധിക്കുമോ എന്നൊക്കെ ഉള്ളില്‍ തോന്നിയിരുന്നു. സെറ്റില്‍ മിഥുന്‍ ചേട്ടന്‍ നമ്മളെ ഒരുപാട് കംഫര്‍ട്ട് ആക്കിയതിനുശേഷം മാത്രമേ ഷൂട്ട് എടുക്കുകയുള്ളൂ. ഒപ്പം സംവിധായകരുടെ ടീം ഒരുപാട് ഹെല്‍പ്പ് ചെയ്തു.
മമ്മൂക്കയുടെ കൗമാരം
സിനിമയുടെ പ്രൊമോഷന്‍ സമയങ്ങളില്‍ മമ്മൂക്കയ്ക്ക് ബാക്കിലായി ഇരിക്കുന്ന എന്‍റെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇത്രമാത്രം നീതി പുലര്‍ത്തിയ ചെറുപ്പക്കാലം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞു. പക്ഷേ എനിക്ക് ഞങ്ങള്‍ തമ്മില്‍ സാമ്യതകളൊന്നും തോന്നുന്നില്ല. പക്ഷേ ഓരോരുത്തരും പറയുമ്പോള്‍ ആര്‍ക്കൊപ്പമാണ് എന്‍റെ പേര് ചേര്‍ക്കപ്പെടുന്നതെന്ന് ഓര്‍ക്കുമ്പോള്‍ തന്നെ സന്തോഷവും ഭാഗ്യവുമായി തോന്നുന്നു.