NEWS

മമ്മൂട്ടി ഫാന്‍സ് അദ്ദേഹത്തിന്‍റെ പരീക്ഷണചിത്രങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു എന്നാല്‍ മോഹന്‍ലാല്‍ ഫാന്‍സ് അതിന് തയ്യാറാകുന്നില്ല

News

 മമ്മൂട്ടി ഫാന്‍സ് അദ്ദേഹത്തിന്‍റെ പരീക്ഷണചിത്രങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു. എന്നാല്‍ മോഹന്‍ലാല്‍ ഫാന്‍സ് അതിന് തയ്യാറാകുന്നില്ല. മലൈക്കോട്ട വാലിബനെതിരെ ചിലര്‍ ആസൂത്രിതമായ നീക്കം നടത്തി. അവര്‍ക്കെതിരെയുള്ള നിയമപോരാട്ടം തുടരും- മുന്‍മന്ത്രിയും ആര്‍.എസ്.പി നേതാവുമായ ഷിബു ബേബിജോണ്‍ അടുത്തിടെ നിര്‍മ്മിച്ച തന്‍റെ ചിത്രത്തിന്(മലൈക്കോട്ടെ വാലിബന്‍) ബോക്സ് ഓഫീസിലുണ്ടായ തിരിച്ചടിയെക്കുറിച്ച് പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു.

അദ്ദേഹം പറഞ്ഞ പരീക്ഷണചിത്രങ്ങളാണ് ഇവിടെ പരിഗണനാ വിഷയം. അടുത്തിടെ ഇറങ്ങിയ മമ്മൂട്ടിയുടെ പല പരീക്ഷണചിത്രങ്ങളും വിജയിച്ചു എന്നത് നൂറുശതമാനം വാസ്തവമായ കാര്യമാണ്. മലൈക്കോട്ടൈ വാലിബന്‍റെ സംവിധായകന്‍ ലിജോ ജെ. പല്ലിശ്ശേരി തന്നെ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമാണ്  നന്‍പകല്‍ നേരത്ത് മയക്കം. പൊതുജനപിന്തുണയുടെ കാര്യത്തിലും കച്ചവടത്തിന്‍റെ കാര്യത്തിലും മികച്ച പ്രകടനമാണ് പ്രസ്തുത ചിത്രം കാഴ്ചവച്ചത്. എന്നാല്‍ അതിന് തൊട്ടുപിന്നാലെ അതേ സംവിധായകന്‍ മോഹന്‍ലാലിനെവച്ച് ഒരു പരീക്ഷണചിത്രം ചെയ്തപ്പോള്‍ പാളിപ്പോയി. ഇതിന്‍റെ കാരണങ്ങള്‍ പരിശോധിക്കാം.

മലയാളം, തമിഴ് ഭാഷകള്‍ മാറിമാറി കൈകാര്യം ചെയ്യുന്ന ഒരു ദ്വിഭാഷാ ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ട്രെഡീഷണല്‍ വേ ഓഫ് നരേഷനില്‍ നിന്നും മാറി പ്രമേയം കൊണ്ടും അവതരണം കൊണ്ടും അഭിനയമികവ് കൊണ്ടും വേറിട്ടുനിന്ന ചിത്രമായിരുന്നു അത്. സാധാരണഗതിയില്‍ അത്തരമൊരു ചിത്രം കൊമേഴ്സ്യലി സക്സസ് ആയില്ലെങ്കില്‍ അതില്‍ അത്ഭുതപ്പെടാനില്ല. എന്നാല്‍ അതിന് വിരുദ്ധമായി, ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയില്‍ നന്‍പകല്‍ നേരത്ത് മയക്കം വന്‍മുന്നേറ്റമാണ് നടത്തിയത്. തുടര്‍ന്ന് ഒ.ടി.ടിയിലും കാര്യമായ ചലനം സൃഷ്ടിക്കാന്‍ ചിത്രത്തിന് സാധിച്ചു. 

അടുത്തിടെയായി മമ്മൂട്ടി കൈകാര്യം ചെയ്യുന്ന പ്രമേയങ്ങള്‍ പലതും വ്യത്യസ്ത ഇമേജുകളുടെ തടവറകള്‍ ഭേദിക്കുന്നതുമാണ്. റോഷാക്കും കാതലുമൊക്കെ ഇതിനായി നമുക്ക് ഉദാഹരിക്കാം. ഏറ്റവും അടുത്തിടെ പുറത്തിറങ്ങിയ മിഥുന്‍മാനുവേല്‍ ചിത്രം എബ്രഹാം ഓസ്ലര്‍  മറ്റൊരുദാഹരണം. അതില്‍ നെഗറ്റീവ് ടച്ചുള്ള വേഷം ചെയ്യുന്നതിലൂടെ മമ്മൂട്ടി ഒരു വിപ്ലവകരമായ മുന്നേറ്റത്തിനാണ് തുടക്കം കുറിച്ചത്. 

ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു എന്നുമാത്രമല്ല ജയറാമിന്‍റെ കരിയറില്‍ അത് ഒരു ബ്രേക്ക് ത്രൂ ആവുകയും ചെയ്തു. ഇക്കാര്യങ്ങള്‍ എടുത്തുപറയുമ്പോഴും അതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് മമ്മൂട്ടി കൈകാര്യം ചെയ്ത അലക്സാണ്ടര്‍ എന്ന കഥാപാത്രമായിരുന്നു. അത് പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. എന്നാല്‍ മോഹന്‍ലാലിന്‍റെ കാര്യത്തില്‍ ഇത്തരം സ്വീകാര്യത ലഭിക്കുന്നില്ല എന്നതാണ് ഷിബു ബേബിജോണ്‍ പരിതപിക്കുന്നത്. മലൈക്കോട്ടൈ വാലിബന് രണ്ടാം ഭാഗം ചിന്തിക്കാന്‍ പോലുമാകില്ലെന്ന് അദ്ദേഹം അസന്ദിഗ്ധമായി പറയുകയും ചെയ്തു.

ഇവിടെ ഫാന്‍സ് അസോസിയേഷനെമാത്രം പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ സാധിക്കുമോ എന്നതാണ് പ്രസക്തമായ മറ്റൊരു സത്യം. കാരണം ഒരു ചിത്രത്തിന്‍റെ ജയപരാജയങ്ങള്‍ ഫാന്‍സുകാരെ മാത്രം ആശ്രയിച്ചല്ല തീരുമാനിക്കപ്പെടുന്നത്. ബഹുഭൂരിപക്ഷം വരുന്ന സാമാന്യജനങ്ങളാണ് ഇവിടെ വിധി കര്‍ത്താക്കള്‍. അവരാരും മോഹന്‍ലാലിന്‍റെ പരീക്ഷണചിത്രങ്ങള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ അതിന് കാരണം മോഹന്‍ലാലിന്‍റെ മുന്‍കാല ചിത്രങ്ങള്‍ തന്നെയാണ്.

അദ്ദേഹത്തിന്‍റെ ഒരു സുഹൃത്ത് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്- ലാല്‍ എപ്പോഴും കംഫര്‍ട്ട് സോണില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ആളാണ്. പരിചയമുള്ള സംവിധായകന്‍, പരിചയമുള്ള നിര്‍മ്മാതാവ്, പരിചയമുള്ള അഭിനേതാക്കള്‍ അങ്ങനെ പല കാര്യങ്ങളിലും അദ്ദേഹം സ്വയം ചുരുങ്ങാന്‍ ഇഷ്ടപ്പെടുന്നു എന്നാണ് സുഹൃത്ത് പറഞ്ഞുവെച്ചത്. അതില്‍ കുറച്ചൊക്കെ ശരിയുണ്ട് താനും. സ്ഥിരം മുഖങ്ങളുടെ സൃഷ്ടികളില്‍ മാത്രമായി ഒരു നടന്‍ ഒതുങ്ങു മ്പോള്‍ അദ്ദേഹത്തിന് ലഭിക്കുന്ന കഥാപാത്രങ്ങളിലും അത്തരം പരിമിതികള്‍ ഉണ്ടാകുന്നത് സ്വാഭാവികം. 

 

അങ്ങനെവരുമ്പോള്‍ മോഹന്‍ലാല്‍ എന്ന അതുല്യനടനില്‍ നിന്നുള്ള പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കും ഇടിവ് സംഭവിക്കും. അദ്ദേഹം എത്ര കെങ്കേമന്‍ പടത്തില്‍ അഭിനയിച്ചാലും. ഓ.. ഇത് ഇങ്ങനൊക്കെ തന്നെയായിരിക്കും എന്ന മുന്‍വിധി ചിലര്‍ക്കെങ്കിലും ഉണ്ടായാല്‍ അതില്‍ അത്ഭുതപ്പെടാനില്ല.

ഇവിടെയാണ് മമ്മൂട്ടി വ്യത്യസ്തനാകുന്നത്. പ്രായത്തിന്‍റെ പരിമിതികളെ മറികടക്കാന്‍ സാധിക്കുന്ന നല്ല വേഷങ്ങള്‍ എന്തും ചെയ്യാന്‍ അദ്ദേഹം സന്നദ്ധനാണ്. അതില്‍ ഇമേജ് പോലും അദ്ദേഹത്തിന് തടസ്സമാകില്ല. പുതിയ ക്രിയേറ്റേഴ്സിന് മുന്നില്‍ മമ്മൂട്ടിയുടെ വാതിലുകള്‍ ഒരിക്കലും അടയ്ക്കപ്പെടാറില്ല. എന്നാല്‍ മോഹന്‍ലാലിന്‍റെ സ്ഥിതി അങ്ങനല്ല. അങ്ങനെവരുമ്പോള്‍ ലിജോയെപ്പോലെ വേറിട്ട ചിന്താഗതിക്കാര്‍ ലാലിന്‍റെ അടുത്ത് എത്താനുള്ള സാദ്ധ്യത തുലോം കുറവാണ്. ഇനി അഥവാ ആരെങ്കിലും എത്തിപ്പെട്ടാലും അത് പ്രേക്ഷകരുടെ മുന്‍വിധിക്ക് ഇരപ്പെടുകയും വാലിബന്‍റെ ഗതിയില്‍ ചെന്ന് അവസാനിക്കുകയും ചെയ്യും.

മോഹന്‍ലാല്‍ എന്ന നടന്‍റെ ശാരീരിക പരിമിതികള്‍(അടുത്തിടെ വന്നുഭവിച്ച) മറ്റൊരു വിഷയമാണ്. ഇനിയും എത്രനാള്‍ അദ്ദേഹത്തിന് താടിയുള്ള കഥാപാത്രങ്ങള്‍ മാത്രം അഭിനയിച്ച് പിടിച്ചുനില്‍ക്കാന്‍ സാധിക്കുമെന്ന് ചോദിച്ചാല്‍ അതിനും കൃത്യമായ ഉത്തരമില്ല. ഒടിയന് ശേഷം അദ്ദേഹത്തിന് സംഭവിച്ച രൂപമാറ്റം മോഹന്‍ലാല്‍ എന്ന നടന്‍റെ ഭാവചലനങ്ങള്‍ക്ക് ദോഷകരമായി മാറി എന്നത് ഒരു ദുഃഖസത്യമാണ്. രൂപത്തിലെ പരിമിതികള്‍ മറികടക്കാന്‍ കഥാപാത്രത്തിന്‍റെ വൈവിധ്യം കൊണ്ടും ഇതര സാങ്കേതികത്വങ്ങള്‍ കൊണ്ടും ഒരുപരിധിവരെ സാധിച്ചേക്കും.

എന്നാല്‍ അതിനൊന്നും മുതിരാതെ ലാല്‍ കംഫര്‍ട്ട് സോണില്‍ തന്നെ നില്‍ക്കുന്നതാണ് അദ്ദേഹത്തിന് തിരിച്ചടിയാകുന്നത് എന്ന് ചിലരെങ്കിലും കരുതുന്നു. ഈ സാഹചര്യത്തില്‍ ഒരു തിരുത്തലിന് തയ്യാറാകേണ്ടത് മോഹന്‍ലാല്‍ തന്നെയാണ്. അദ്ദേഹത്തെ ഉപദേശിക്കാന്‍ മറ്റുള്ളവര്‍ക്ക് അര്‍ഹതയില്ലെങ്കിലും അദ്ദേഹം സ്വയം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ എന്ന് അദ്ദേഹത്തിന്‍റെ ആരാധകര്‍ കരുതുന്ന ചില സംഗതികളുണ്ട്.

അതില്‍ ഏറ്റവും പ്രധാനം സ്ഥിരം കോക്കസുകളില്‍ നിന്നും പുറത്തുവരിക എന്നതുതന്നെയാണ്. പ്രായത്തെ അതിജീവിക്കുന്ന, ഇമേജിന്‍റെ തടവറകള്‍ക്കപ്പുറം സഞ്ചരിക്കുന്ന കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുക, പ്രമേയം കൊണ്ടും അവതരണമികവ് കൊണ്ടും കാലത്തിനതീതമായി സഞ്ചരിക്കാവുന്ന സബ്ജക്ടുകള്‍ക്ക് പിന്നാലെ പോവുക. സാധ്യമെങ്കില്‍ വെറും കൊമേര്‍സ്യല്‍ കം മസാല പടങ്ങളില്‍ നിന്ന് കുറച്ചുനാളെങ്കിലും മാറി നില്‍ക്കുക. ഒരു വര്‍ഷം കമിറ്റ് ചെയ്യുന്ന വേഷങ്ങളുടെ എണ്ണം കുറച്ചുകൂടി നിജപ്പെടുത്തിയാല്‍ അതും നന്നാകും. ഇതിലൂടെ ലാഭിക്കുന്ന സമയം ബറോസ് പോലുള്ള സംവിധായകസംരംഭങ്ങള്‍ക്കായി മാറ്റിവയ്ക്കുകയും ആകാം.

ഇപ്പോള്‍ പ്രായത്തിന്‍റെ പരിമിതികള്‍ മുഖത്ത് മാത്രമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. അധികം വൈകാതെ അത് ശബ്ദത്തേയും ഗ്രസിച്ചേക്കാം. ശബ്ദവിസ്മയം കൊണ്ട് തീയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച മമ്മൂട്ടി ശബ്ദത്തിന്‍റെ ഇടര്‍ച്ചയിലൂടെയാണ് ഇപ്പോള്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. നാളെ ഈ അവസ്ഥ ഏതൊരു അഭിനേതാവിനും വന്നുഭവിച്ചേക്കാം. ഒന്നോ രണ്ടോ കൊല്ലം കഴിഞ്ഞ് നടന്നേക്കാവുന്ന ഒരു ചിത്രത്തിന് ഇന്നേ കമിറ്റ്മെന്‍റ് നല്‍കുമ്പോള്‍ ശബ്ദത്തിന്‍റെ സാദ്ധ്യതകള്‍ കൂടി പരിഗണിക്കുന്നത് നന്നായിരിക്കും. ഒരു പരീക്ഷണചിത്രം പരാജയപ്പെട്ടു എന്നതുകൊണ്ട് ഇവിടെ ഒന്നും അവസാനിക്കുന്നില്ല. ഇനിയും അത്തരം പരീക്ഷണങ്ങള്‍ക്ക് അദ്ദേഹം മുതിരുക തന്നെ വേണം. അത് പ്രേക്ഷകരുടെ പ്രത്യാശ വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ ഉപകരിക്കൂ. ഒരു പക്ഷേ, അദ്ദേഹത്തിന്‍റെ വിമര്‍ശകര്‍ക്കുപോലും അതൊരു പുത്തനുണര്‍വ്വ് സമ്മാനിച്ചേക്കാം.

വ്യക്തിപരമായ സാമ്പത്തിക പ്രതിസന്ധികള്‍ മറികടക്കാന്‍ വേണ്ടിയിട്ടാണ് ഷിബു ബേബിജോണ്‍ എന്ന സുഹൃത്തിനോട് സഹകരിക്കാന്‍ മോഹന്‍ലാല്‍ തയ്യാറായത്. എന്നാല്‍ വാലിബന്‍റെ റിസള്‍ട്ട് ഷിബുവിന് ഗുണത്തെക്കാളേറെ ദോഷം ചെയ്തു എന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇനിയൊരു പരീക്ഷണചിത്രത്തിന് ഷിബു ഒരുക്കമാകില്ലായിരിക്കും. പക്ഷേ, അദ്ദേഹത്തെപ്പോലുള്ള നിര്‍മ്മാതാക്കള്‍ ഇനിയും തിരിച്ചുവരികയും നല്ല സിനിമകള്‍ സൃഷ്ടിക്കപ്പെടുകയും വേണം. അത്തരം ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ഇനിയുമേറെ വിസ്മയിപ്പിക്കാന്‍ മോഹന്‍ലാല്‍ എന്ന പ്രതിഭയ്ക്ക് സാധിക്കും. പ്രേക്ഷകര്‍ അതിനായി കാത്തിരിക്കുന്നു.


LATEST VIDEOS

Exclusive