ചലചിത്ര സംവിധായകൻ സിദ്ദീഖിൻ്റെ ഒന്നാം ചരമവാർഷികദിനത്തിൽ "ചിരിയുടെ രസതന്ത്രം " എന്ന സിദ്ദീഖ് ജീവചരിത്ര ഗ്രന്ഥകർത്താവ് പത്രപ്രവർത്തകൻ മഹ്ബൂബിൽ നിന്നും ഏറ്റുവാങ്ങി മമ്മുട്ടി വായിക്കുന്നു. സിദ്ദീഖിനെ സിനിമയിലേക്ക് കൊണ്ടുവരാൻ നിമിത്തമായത് മമ്മുട്ടിയാണ്. കലാഭവനിൽ മിമിക്സ് പരേഡ് എന്ന ഹാസ്യ കലാപ്രകടനം 1981-ൽ സംവിധാനം ചെയ്തത് സിദ്ദീഖാണ്. ആലപ്പുഴ കാർമ്മൽ തീയറ്ററിൽ മമ്മുട്ടിക്കൊപ്പം സംവിധായകൻ ഫാസിൽ കലാഭവൻ്റെ മിമിക്സ് പരേഡ് കണ്ടു. സിദ്ദീഖിനെ അഭിനന്ദിക്കുന്നതിനിടെയാണ് സിദ്ദീഖ് സിനിമക്ക് പറ്റിയ കഥകൾ എഴുതുന്ന വിവരം മമ്മുട്ടി ഫാസിലിൻ്റെ ശ്രദ്ധയിൽ പെടുത്തിയത്. അന്ന് പുല്ലേപ്പടി ദാറുൽ ഉലൂം ഹൈസ്കൂളിൽ സ്ഥിരം ക്ലറിക്കൽ സ്റ്റാഫും കലാഭവനിൽ മിമിക്സ് പരേഡ്കലാകാരനുമായിരുന്ന സിദ്ദീഖും കൂട്ടുകാരൻ ലാലും അങ്ങിനെയാണ് ഫാസിലിനൊപ്പം സിനിമയിൽ സഹായിയായി എത്തിയത് എട്ട് വർഷത്തിന് ശേഷം 1989 ലാണ് സിദ്ദീഖ്- ലാലിൻ്റെ ആദ്യ ചിത്രം റാംജി റാവു സ്പീക്കിങ്ങ് പുറത്തിറങ്ങി സൂപ്പർ ഹിറ്റായി മാറിയത്. നർമ്മത്തിൻ്റെ ശക്തിയും സ്വാധീനവും തിരിച്ചറിഞ്ഞ സിദ്ദീഖ് സിനിമകൾ സൂപ്പർ ഹിറ്റുകളായി മാറി. എന്നാൽ തൻ്റെ പിതാവ് ഇസ്മായിലണ്ണൻ പറഞ്ഞ തമാശകളുടെ പകുതി പോലും തനിക്ക് സിനിമയിൽ ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്ന പരിഭവം പറഞ്ഞ സിദ്ദീഖ് 2023 ഓഗസ്റ്റ് 8 - ന് വിടവാങ്ങിയത്. ഇന്ന് സിദ്ദീഖിൻ്റെ ഒന്നാം ചരമ വാർഷിക ദിനം.