ആന്ധ്രപ്രദേശ മുൻ മുഖ്യമന്ത്രിയായ വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ജീവചരിത്രം 'യാത്ര' എന്ന പേരിൽ ചിത്രമാകുകയും അതിൽ വൈ.എസ്.രാജശേഖര റെഡ്ഡിയുടെ കഥാപാത്രത്തിനെ മമ്മൂട്ടി അവതരിപ്പിക്കുകയും ചെയ്തിരുന്നല്ലോ! ഇപ്പോഴിതാ ചിത്രത്തിന്റെ തുടർച്ചയായി 'യാത്ര 2' എന്ന പേരിൽ തെലുങ്കിൽ ചിത്രം ഒരുങ്ങി വരികയാണ്. എന്നാൽ രണ്ടാം ഭാഗം വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകനും, ഇപ്പോഴത്തെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഡിയുടെ ജീവിതത്തിൽ നടന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. ഇതിൽ ജഗൻ മോഹൻ റെഡ്ഡിയായി അഭിനയിക്കുന്നത് തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ ജീവയാണ്. ഈ വിവരം മുൻപ് നാനയിൽ നൽകിയിരുന്നു.
ഇപ്പോൾ ഈ ചിത്രം കുറിച്ച് ലഭിച്ചിരിക്കുന്ന മറ്റൊരു പുതിയ വാർത്ത ഈ ചിത്രത്തിൽ ജീവക്കൊപ്പം മമ്മുട്ടിയും അഭിനയിക്കുന്നുണ്ട് എന്നുള്ളതാണ്. ചെറുപ്പത്തിലുള്ള ജഗൻ മോഹൻ റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതത്തിലൂടെ ആരംഭിക്കുന്ന കഥ തുടർന്ന് അദ്ദേഹം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത് വരെയാണ് ചിത്രീകരിക്കുന്നത്. ഇതിൽ ചെറുപ്പത്തിലുള്ള ജഗൻ മോഹൻ റെഡ്ഡി സംബന്ധപെട്ട ദൃശ്യങ്ങളിലാണ് മമ്മുട്ടിയുടെ കഥാപാത്രം വരുന്നത്. ഇപ്പോൾ മമ്മുട്ടിയും, ജീവയും അഭിനയിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ആദ്യ ഭാഗം സംവിധാനം ചെയ്ത മഹി വി.രാഘവ് തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. തമിഴ് സിനിമയിലെ മുൻനിര സംഗീത സംവിധായകന്മാരിൽ ഒരാളായ സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. രണ്ടാം ഭാഗം അടുത്ത വർഷം ഫെബ്രുവരി എട്ടിന് പ്രദർശനത്തിനെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.