പ്രശസ്ത സംവിധായകൻ കെ.ജി. ജോർജിൻ്റെ നിര്യാണത്തിൽ അനുസ്മരിച്ച് നടൻ മമ്മൂട്ടി. ഹൃദയത്തോട് ചേർത്ത് വച്ചിരുന്ന ഒരാൾ കൂടി വിട പറയുന്നു എന്നാണ് നടൻ ഫേസ്ബുക്കിൽ കെജി ജോർജിൻ്റെ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്. മന്ത്രിമാരും സിനിമ പ്രവർത്തകരും അദ്ദേഹത്തിൻ്റെ വിയോഗത്തിൻ അനുസ്മരിച്ച് രംഗത്തെത്തി.
ഏത് തരം സിനിമകളെടുക്കാനും കഴിവുള്ള വ്യക്തിയാണ് കെ.ജി ജോർജ് എന്ന് നടൻ അശോകൻ പറയുന്നു. എന്നും മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകനാണ് അദ്ദേഹമെന്നും നടൻ പറഞ്ഞു. ‘സിനിമയെ അത്രത്തോളം സ്‌നേഹിക്കുകയും, മനസിലാക്കി പഠിക്കുകയും ചെയ്ത സംവിധായകനാണ് കെ.ജി ജോർജ്. രണ്ട് സിനിമകളിലേ അദ്ദേഹത്തിനൊപ്പം എനിക്ക് പ്രവർത്തിക്കാൻ കഴിഞ്ഞുള്ളു’ – അശോകൻ പറഞ്ഞു
സാമുവൽ – അന്നാമ്മ ദമ്പതികളുടെ മൂത്ത മകനായി 1945 മേയ് 24ന് തിരുവല്ലയിലായിരുന്നു കെ.ജി.ജോർജിന്റെ ജനനം. തിരുവല്ല എസ്ഡി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ചങ്ങനാശേരി എൻഎസ്എസ് കോളജിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയ ശേഷം പുണെ ഫിലിം ഇൻസ്റ്റിട്ട്യൂട്ടിൽ നിന്നും സിനിമാ സംവിധാനം കോഴ്സ് പൂർത്തിയാക്കി. പ്രശസ്ത സംവിധായകൻ രാമു കാര്യാട്ടിന്റെ സഹായിയായിട്ടാണ് സിനിമാരംഗത്തേയ്ക്കു ചുവടുവച്ചത്.
‘സ്വപ്നാടനം’ ആണ് (1976) ആദ്യ ചിത്രം. ഉൾക്കടൽ, മേള, യവനിക, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകൾ, മറ്റൊരാൾ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. 1977 ഫെബ്രവരി ഏഴിനായിരുന്നു വിവാഹം. ശരദിന്ദു മലർദീപ നാളം നീട്ടി (ഉൾക്കടൽ )എന്ന ഹിറ്റ് ഗാനം ആലപിച്ചത് സൽമയാണ്. നടൻ മോഹൻ ജോസ് ഭാര്യാ സഹോദരനാണ്. 1998ൽ പുറത്തിറങ്ങിയ ‘ഇലവങ്കോടുദേശം’ ആണ് അവസാന ചിത്രം.