കല്ലായിപ്പുഴ കവികൾക്കെന്നും കാൽപ്പനിക ഭാവനകളുടെ വസന്തഭൂമിയാണ്. മലയാള സിനിമയുടെ ബ്ലാക്ക് ആന്റ് വൈറ്റ് കാലഘട്ടത്തിൽ കല്ലായി പുഴയുടെ ഓരത്ത് തന്റെ കുഞ്ഞുസ്വപ്നങ്ങളുമായി ജീവിച്ചുതുടങ്ങിയ ഒരു ചെറുപ്പക്കാരൻ ഉണ്ടായിരുന്നു. പകൽ മുഴുവൻ കല്ലായിയിലെ മരമളവുജോലിയും രാത്രികാലങ്ങളിൽ നാടകപ്രവർത്തനവുമായി ആ ചെറുപ്പക്കാരൻ തന്റെ കൊച്ചുസ്വപ്നങ്ങൾക്കൊപ്പം മുന്നോട്ടുപോയി. കോഴിക്കോടന് കാഴ്ചവട്ടങ്ങളുടെയും ഭാഷാശൈലിയുടെയും പരിച്ഛേദമായ ആ ചെറുപ്പക്കാരന് മലയാളസിനിമ നൽകിയ പേര് മാമുക്കോയ എന്നായിരുന്നു. കല്ലായിയിലെ ഓലകൊട്ടകയിൽ കപ്പലണ്ടിയും കൊറിച്ചിരുന്നു. മാമുക്കോയ ഒരുപാട് സിനിമകൾ കണ്ടിട്ടുണ്ട്. വെള്ളത്തുണിയിൽ തെളിഞ്ഞുവരുന്ന സത്യന്റെയും നസീറിന്റെയും ജയാഭാരതിയുടെയും ദൃശ്യങ്ങളോടൊപ്പം ഒരുനാൾ തന്നെയും അതിലൂടെ കാണാൻ കഴിയുമെന്ന് മാമുക്കോയ കിനാവ് കണ്ടിരുന്നു. മലയാളസിനിമയിൽ പകരക്കാരനില്ലാത്ത നടനായിരുന്നു മാമുക്കോയ. ഇന്നസെന്റിനെപ്പോലെ ഭാഷാശൈലിയുടെ കരുത്തിൽ പറയുന്ന നിഷ്‌ക്കളങ്കമായ ഹാസ്യമായിരുന്നു മാമുക്കോയയുടേയും കൈമുതൽ. മാമുക്കോയയൊരിക്കലും അഭിനയിക്കാൻ അറിയില്ലായിരുന്നു. അഭിനയത്തിനപ്പുറം ഒരുതരം പെരുമാറലായിട്ടാണ് അദ്ദേഹം ഓരോ സിനിമയേയും നോക്കിക്കണ്ടത്. മാധ്യമപ്രവർത്തനത്തിന്റെ ഭാഗമായി നിരവധി തവണ അദ്ദേഹത്തെ നേരിൽ കണ്ട് സംസാരിക്കാനും അഭിമുഖങ്ങൾ എടുക്കാനും എനിക്ക് സാധിച്ചിട്ടുണ്ട്.
'ഞാൻ ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളിലും എന്റേതായ ഒരു ശൈലിയുണ്ടാവും. ഒരു ചായക്കടക്കാരനായാലോ ഒരു പോലീസ് ഉദ്യോഗസ്ഥനായാലോ ഞാൻ എങ്ങനെയാണോ അങ്ങനെതന്നെയായിരിക്കും സിനിമയിലും. സിനിമയ്ക്ക് വേണ്ടി ഞാൻ പ്രത്യേകമായി അഭിനയിക്കാറില്ല. ക്യാമറ വയ്ക്കുന്നതുകൊണ്ടുമാത്രം അത് സിനിമ ആകുന്നു എന്നേയുള്ളൂ.' മാമുക്കോയ ഒരിക്കൽ പറഞ്ഞു.
നാടകത്തിലൂടെയാണ് മാമുക്കോയ സിനിമയിലേക്ക് വന്നത്. ഇന്നത്തെപ്പോലെ പത്രദൃശ്യമാധ്യമങ്ങളുടെ അതിപ്രസരം ഇല്ലാത്ത കാലമായിരുന്നു അത്. റേഡിയോ ആയിരുന്നു അന്നത്തെ ജനകീയ മാധ്യമം. ഈ ലോകത്തെക്കുറിച്ച് നമ്മൾ അറിഞ്ഞത് ആകാശവാണിയിലൂടെ ആയിരുന്നു. റേഡിയോ നാടകത്തിലൊക്കെ അഭിനയിക്കാൻ അവസരം കിട്ടുന്നത് മഹാഭാഗ്യമായി കരുതുന്ന കാലം. അന്ന് മാമുക്കോയ ഉൾപ്പെടുന്ന നാടകപ്രവർത്തകരോടൊപ്പം ഒരു സിനിമാനടൻ ഉണ്ടായിരുന്നു. എല്ലാവരും സ്‌നേഹത്തോടെ ബാലേട്ടൻ എന്നുവിളിക്കുന്ന നിലമ്പൂർ ബാലൻ. ബാലേട്ടൻ. സിനിമയിലും നാടകത്തിലുമൊക്കെ അരങ്ങുതകർക്കുന്ന കാലം. ബാലേട്ടൻ ആദ്യമായി കോഴിക്കോടിന്റെ പശ്ചാത്തലത്തിൽ സംവിധാനം ചെയ്ത ചിത്രത്തിലൂടെയായിരുന്നു മാമുക്കോയയുടെ സിനിമാപ്രവേശനം. 1979 ൽ റിലീസായ അന്യരുടെ ഭൂമിയായിരുന്നു മാമുക്കോയയുടെ ആദ്യചിത്രം. പക്ഷേ അതൊരു ബ്ലാക്ക് ആന്റ് വൈറ്റ് അവാർഡ് പടമായിരുന്നു. വെറും ഉച്ചക്കളി മാത്രമായി ഒതുങ്ങിപ്പോയ ചിത്രം വേണ്ടത്ര രീതിയില ആ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ ആ വർഷത്തെ മികച്ച ദേശീയോദ്ഗ്രഥനചിത്രത്തിലുള്ള അവാർഡ് ആ ചിത്രത്തിന് ലഭിച്ചു. അതൊരു വലിയ നേട്ടമായി. ആദ്യചിത്രത്തിലഭിനയിച്ചതിനുശേഷം താൻ പ്രതീക്ഷിച്ചതുപോലുള്ള അവസരങ്ങളൊന്നും മാമുക്കോയയ്ക്ക് കിട്ടിയിരുന്നില്ല. വീണ്ടും കല്ലായിലെ തടിയളവും നാടകപ്രവർത്തനവുമൊക്കെയായി കുറെ വർഷങ്ങൾ കടന്നുപോയി. ആയിടയ്ക്കാണ് സിനിമയിൽ കലാസംവിധായകനായ കൊന്നനാട്ട് രാമൻകുട്ടി ഒരു പടം ചെയ്യുന്നത്. ചിത്രത്തിന്റെ പേര് സുറുമയിട്ട കണ്ണുകൾ വിജയരാഘവനായിരുന്നു നായകൻ. കെ.പി. ഉമ്മർ, ബഹദൂർ, നെല്ലിക്കോട് ഭാസ്‌ക്കരൻ, കെ.പി. കുഞ്ഞാണ്ടി തുടങ്ങിയ വലിയ കലാകാരന്മാരോടൊപ്പം മാമുക്കോയയ്ക്കും ചെറിയൊരു വേഷം കിട്ടി. ആ വേഷം കിട്ടാൻ കാരണം സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ അനുഗ്രഹം വാങ്ങാനായി ബേപ്പൂരിലെ വീട്ടിലെത്തുമ്പോൾ മാമുക്കോയയും അവിടെയുണ്ട്. അനുഗ്രഹം ഒക്കെ വാങ്ങി അവർ പോകാനിറങ്ങുമ്പോൾ ബഷീർ മാമുക്കോയയെ ചൂണ്ടി കാണിച്ചുപറഞ്ഞു ഇവൻ ഇവിടെ നാടകവും കലാപ്രവർത്തനവുമൊക്കെയായി നടക്കുന്നവനാ നിങ്ങളുടെ സിനിമയിൽ എന്തെങ്കിലും വേഷമുണ്ടെങ്കിൽ പരിഗണിക്കണം. സിനിമയിൽ കെ.പി. ഉമ്മർ അവതരിപ്പിക്കുന്ന അറബിയുടെ കഥാപാത്രം സഞ്ചരിക്കുന്നത് കുതിരവണ്ടിയിലാണ്. കുതിരയ്ക്ക് പുല്ലിട്ടുകൊടുക്കുന്ന ജോലിക്കാരന്റെ വേഷമായിരുന്നു അത് മാമുക്കോയയ്ക്ക്. പിന്നീട് കൊല്ലം കഴിഞ്ഞു. 1986 ൽ ഇറങ്ങിയ ദൂരെ ഒരു കൂടുകൂട്ടാം എന്ന മോഹൻലാൽ ചിത്രത്തിലാണ് മാമുക്കോയ അഭിനയിക്കുന്നത്. ആ ചിത്രത്തിന്റെ തിരക്കഥ ശ്രീനിവാസൻ ആയിരുന്നു. തലശേരിയിൽ നാടകപ്രവർത്തനം നടത്തുന്ന സമയത്തെ മാമുക്കോയയ്ക്ക് ശ്രീനിവാസനെഅറിയാം. സാമാന്യം ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷമായിരുന്നു ആ ചിത്രത്തിൽ മാമുക്കോയയ്ക്ക് ലഭിച്ചത്. തുടർന്ന് സ്‌നേഹമുള്ള സിംഹം, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. അതിനുശേഷം മാമുക്കോയയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മലബാർ ശൈലിയിലുള്ള അദ്ദേഹത്തിന്റെ ഡയലോഗ് പ്രസന്റേഷൻ പ്രേക്ഷകർക്ക് വലിയ ഇഷ്ടമായിരുന്നു. നാടോടിക്കാറ്റിലെ ഗഫൂർക്കാ ദോസ്ത് എന്ന കഥാപാത്രം മാമുക്കോയയുടെ അഭിനയജീവിതത്തിലെ വലിയ ബ്രേക്കായി. ദാസന്റെയും വിജയന്റെയും മാത്രമല്ല ലോകമലയാളികളുടെ മുഴുവൻ ദോസ്തായി ഗഫൂർക്ക മാറി.
നാട്ടിൻപുറത്തിന്റെ നന്മയുള്ള കഥാപാത്രങ്ങളിലൂടെയാണല്ലോ താങ്കൾ മലയാളികളുടെ പ്രിയതാരമായി മാറിയത്? മലയാള സിനിമയിലെ ഇന്നത്തെ തലമുറ അത്തരം കഥകളോട് പുറംതിരിഞ്ഞുനിൽക്കുകയാണോ? എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടിയിൽ നിന്നും ഉള്ളിലെ പച്ചയായ മനുഷ്യനെനമുക്ക് തിരിച്ചറിയാൻ കഴിയും.
'ഇന്ന് ഇത്തരം കഥാപാത്രങ്ങൾ കാണണമെങ്കിൽ സത്യൻ അന്തിക്കാടിന്റെയും ലാൽജോസിന്റെയും ചിത്രങ്ങൾ കാണണം. എന്തും വിരൽ തുമ്പിൽ അറിയുന്ന ഈ ഇന്റർനെറ്റ് യുഗത്തിൽ എന്ത് ഗ്രാമം എന്ത് നന്മ. പണ്ടൊക്കെ ഒരു സിനിമയിൽ അഭിനയിച്ചതിനുശേഷം ഡബ്ബ് ചെയ്യാൻ മദ്രാസിൽ പോണം ഇന്ന് ഷൂട്ടിംഗ് കഴിഞ്ഞു. ഉടനെഅടുത്തുകിടക്കുന്ന വണ്ടിയിൽ കയറിയാൽ ഡബ്ബ് ചെയ്യാം. അല്ലെങ്കിൽതന്നെ എവിടെയാണ് ഇന്ന് ഗ്രാമങ്ങൾ. അതിവേഗം ഗ്രാമങ്ങളെ നാഗരികത വന്നുമൂടുകയാണ്. എല്ലാം വീടിനുള്ളിൽ കിട്ടുമ്പോൾ പുഴയും തോടും വയലുമൊക്കെ പുതിയ തലമുറയ്ക്ക് എന്തിനാണ്. ഇന്ന് കാശുകൊടുത്താൽ എല്ലാം നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്നുണ്ട്. പണ്ട് അതല്ലായിരുന്നു സ്ഥിതി. പാടത്തു പണിയെടുത്തിരുന്ന ഒരു വലിയ തലമുറ കേരളത്തിലുണ്ടായിരുന്നു. പകലന്തിയോളം വയലേലകളിൽ പണിയെടുത്തു വൈകുന്നേരം പുഴയിൽ കുളിച്ചു. രാത്രിയിൽ ഭക്ഷണം കഴിക്കുമ്പോൾ കിട്ടുന്ന ഒരനുഭൂതിയും സുഖവും ഇന്ന് കിട്ടുന്നുണ്ടോ. പുഴയും തോടും മറ്റ് ജലാശയങ്ങളുമെല്ലാം വൃത്തിഹീനമായി. പ്രകൃതിയെ സംരക്ഷിക്കേണ്ട അധികാരിവർഗ്ഗങ്ങൾ തന്നെ ചൂഷണം ചെയ്യാൻ കൂട്ടുനിൽക്കുന്നു. പിന്നെ എങ്ങനെയാണ് ഇന്നത്തെ തലമുറയ്ക്ക് പ്രകൃതി സ്‌നേഹവും മൂല്യബോധവും ഉണ്ടാകുന്നത്. നല്ല വായുവും ശുദ്ധമായ വെള്ളവും ലഭിച്ചിരുന്ന നാട്ടിൻപുറത്തെല്ലാം ഇന്ന് നാശത്തിന്റെ വക്കിലാണ്. ഈ ഇന്റർനെറ്റ് യുഗത്തിൽ നാട്ടിൻപുറവും നഗരവും എല്ലാം ഒരുപോലെയാണ്. വയലുകളിൽ വിത്തെറിഞ്ഞു. അത് പാകമായി ഭക്ഷണയോഗ്യമാവാൻ ചുരുങ്ങിയത് ഒരു 8 മാസമെങ്കിലും പിടിക്കും. ഇന്ന് അത്രയും സമയം കൃഷിക്ക് വേണ്ടി കളയാൻ ആളുകൾക്ക് എവിടെയാണ് സമയം. എല്ലാവർക്കും തിരക്കോട് തിരക്കല്ലേ. കൃഷിയിലൂടെ ആർജ്ജിക്കുന്ന ഒരു വലിയ സംസ്‌ക്കാരമുണ്ടായിരുന്നു.
കേരളത്തിൽ നന്മയുടെ ആ മഹത്തായ കാർഷിക സംസ്‌ക്കാരമൊക്കെ ഇന്ന് എവിടെയോ പൊയ്മറഞ്ഞു. ഭാവിയെക്കുറിച്ചുള്ള കൃത്യമായ ദിശാബോധമോ വീക്ഷണമോ ഇല്ലാതെ മറ്റേതൊക്കെയോ വഴികളിലൂടെയാണ് ഇന്നത്തെ യുവതലമുറ കടന്നുപോകുന്നത്. ഈ പച്ചപ്പും പുഴയും തോടും ഗ്രാമങ്ങളും ഒക്കെ ഇല്ലാതായാൽ എന്തായിരിക്കും ഈ നാടിന്റെ അവസ്ഥയെന്നോർക്കുമ്പോൾ ഭയം തോന്നുകയാണ്. അനുനിമിഷം വളർന്നുകൊണ്ടിരിക്കുന്ന ഈ ലോകത്തിന്റെ കൂടെ സഞ്ചരിക്കുകയാണ് ഇന്നത്തെ തലമുറ. പക്ഷേ നമ്മളൊക്കെ പഴയ ആളുകളായതുകൊണ്ടാവാം പുതിയ മാറ്റങ്ങളിലൂടെയൊക്കെ അത്ര പെട്ടെന്ന് സഞ്ചരിക്കാൻ കഴിയാതെ പോകുന്നത്. എന്നാൽ പുതിയ ചിന്തളെയും പുതിയ തലമുറയുടെ പ്രവൃത്തികളെയും അപ്പാടെ തള്ളിക്കളയുന്ന ഒരാളല്ല ഞാൻ. സിനിമയിലാണെങ്കിലും മറ്റ് മേഖലകളിലാണെങ്കിലും നമ്മെ വിസ്മയിപ്പിക്കുന്ന പ്രതിഭാധനന്മാരായ ചെറുപ്പക്കാർ ഉണ്ട്. മനുഷ്യബന്ധങ്ങളുടെ ഹൃദയഹാരിയായ കഥകൾ പറയുന്ന സിനിമകൾ ഈ കാലത്തും മലയാളത്തിൽ ഉണ്ടാകുന്നുണ്ട്. ഒരു ചലചിത്രനടൻ എന്ന നിലയിൽ ഓരോകാലത്തെയും സിനിമ ആവശ്യപ്പെടുന്നത് എന്താണോ അത് കൊടുക്കുക എന്നതാണ് എന്റെ ധർമ്മം. പണ്ട് നമ്മൾക്ക് കിട്ടിയതെല്ലാം ആ കാലത്തിന്റെ സൗഭാഗ്യങ്ങളായിരുന്നു എന്ന് കരുതാനാണ് എനിക്കിഷ്ടം. എല്ലാകാലത്തും അത് വേണമെന്ന് വാശിപിടിക്കാൻ കഴിയില്ലല്ലോ. ഇന്ന് സംഭവിക്കുന്നതെല്ലാം ഇന്നത്തെ ശരികളാണ്. ഇന്നത്തെ ശരികളോടൊപ്പം നീങ്ങാനാണ് എനിക്കിഷ്ടം. മനുഷ്യൻ ചെയ്യുന്ന എല്ലാ ജോലികളും ഇന്ന് റോബോട്ടുകൾ ചെയ്യുമെന്നാണ് പറയുന്നത്. ഇനിയുള്ള കാലം ജോലിക്കാരെയൊക്കെ പിരിച്ചുവിട്ടു കമ്പനികളെല്ലാം ജോലികൾ റോബോട്ടുകളെ ഏൽപ്പിച്ചാൽ എന്ത് ചെയ്യും.