രജനികാന്ത് ഇപ്പോൾ ലോഗേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന 'കൂലി' എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന 'ജയിലർ' രണ്ടാം ഭാഗത്തിലാണ് രജനികാന്ത് അഭിനയിക്കാനിരിക്കുന്നത്. 'ജയിലർ' രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം രജനികാന്തിന്റെ ജന്മദിനമായ ഡിസംബർ 12-ന് ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുപോലെ അതേ ദിവസം 'കൂലി'യുടെ ടീസർ പുറത്തുവരാനും സാധ്യതയുണ്ട് എന്നും ഒരു റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിലാണ് 'ജയിലർ' രണ്ടാം ഭാഗത്തിന് ശേഷം മണിരത്നവും, രജനികാന്തും വീണ്ടും ഒന്നിച്ച് ഒരു ചിത്രം ഒരുക്കാൻ പോകുന്ന് എന്നുള്ള വാർത്ത കോളിവുഡിൽ പുറത്തുവന്ന് വൈറലായിക്കൊണ്ടിരിക്കുന്നത്. 1991-ൽ റിലീസായി വമ്പൻ വിജയമായ 'ദളപതി'യാണ് രജനികാന്ത്, മണിരത്നം കോമ്പിനേഷനിൽ പുറത്തുവന്ന ഒരേയൊരു ചിത്രം. ഈ സിനിമയ്ക്കു ശേഷം രണ്ടുപേരും പിന്നീട് ഒന്നിച്ചിട്ടില്ല. അതുപോലെ 1987-ൽ റിലീസായി സൂപ്പർഹിറ്റായ 'നായകൻ' എന്ന സിനിമക്ക് ശേഷം കമൽഹാസനെ നായകനാക്കി ഒരു സിനിമയും സംവിധാനം ചെയ്തിട്ടില്ലാത്ത മണിരത്‌നം ഇപ്പോൾ അദ്ദേഹത്തെ നായകനാക്കി 'തഗ് ലൈഫ്' എന്ന ചിത്രം സംവിധാനം ചെയ്തു വരികയാണ്. വളരെയധികം പ്രതീക്ഷകളോടെ ഒരുങ്ങിവരുന്ന 'തഗ് ലൈഫ്' റിലീസിന് ശേഷം രജനികാന്തിനെ നായകനാക്കിയാണ് മണിരത്നം സിനിമ സംവിധാനം ചെയ്യുവാൻ ഒരുങ്ങുന്നത് എന്നതാണ് ഇപ്പോഴത്തെ റിപ്പോർട്ട്. ഇത് സംബന്ധമായ ചർച്ചകൾ നടന്നു വരികയാണെന്നും, ഈ ചിത്രം കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം 'കൂലി' ചിത്രത്തിന്റെ റിലീസിന് മുൻപായി ഉണ്ടായിരിക്കുമെന്നുമാണ് പറയപ്പെടുന്നത്. അങ്ങിനെയെങ്കിൽ ഇത് 33 വർഷങ്ങൾക്ക് ശേഷം രജനികാന്തും, മണിരത്നവും ഒന്നിക്കുന്ന ചിത്രമായിരിക്കും.