മണിരത്നം സംവിധാനം ചെയ്തിരിക്കുന്ന 'പൊന്നിയിൻ സെൽവൻ' രണ്ടാം ഭാഗം ഈ മാസം 28-ന് പുറത്തുവരാനിരിക്കുകയാണല്ലോ! ഈ ചിത്രത്തിന് ശേഷം കമൽഹാസൻ നായകനാകുന്ന സിനിമയാണ് മണിരത്നം സംവിധാനം ചെയ്യാനിരിക്കുന്നത്. കമൽഹാസൻ ഇപ്പോൾ ശങ്കർ സംവിധാനം ചെയ്യുന്ന 'ഇന്ത്യൻ-2'വിന്റെ ചിത്രീകരണത്തിൽ പങ്കെടുത്തു വരികയാണ്. ഇതിന്റെ ഷൂട്ടിങ് ജൂൺ മാസം പകുതിയോടെ തീരുമെന്നാണ് പറയപ്പെടുന്നത്. 'നായകൻ' എന്ന ചിത്രത്തിന് ശേഷം 36 വർഷങ്ങൾക്കപ്പുറം മണിരത്നവും, കമൽഹാസ്സനും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ജൂലൈ മാസം തുടങ്ങും എന്നാണ് റിപ്പോർട്ട്. അതിന് മുമ്പായി മണിരത്‌നവും, കമൽഹാസനും ചേർന്ന് തങ്ങളുടെ സിനിമയുടെ ഒരു പ്രൊമോഷൻ വീഡിയോ ഉണ്ടാക്കാൻ പദ്ധതിയിട്ടുണ്ടത്രേ! ഇതിന് മുൻപ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത, കമൽഹാസൻ നായകനായ 'വിക്രം' എന്ന ചിത്രത്തിന്റെ പ്രിവ്യൂ വീഡിയോ റിലീസ് ചെയ്തിരുന്നു. ആ വീഡിയോ സിനിമാ ആരാധകർക്കിടയിൽ മികച്ച സ്വീകാര്യതയും നേടിയിരുന്നു. തുടർന്ന് പരാജയ ചിത്രങ്ങൾ നൽകിവന്ന കമൽഹാസന് കുറെ വർഷങ്ങൾക്ക് ശേഷം സൂപ്പർഹിറ്റായി മാറിയ ഒരു ചിത്രമാണ് 'വിക്രം'. അതിനാലാണത്രെ കമൽഹാസൻ 'വിക്രമി'ന്റെ ശൈലിയെ പിന്തുടർന്നു പ്രൊമോഷൻ വീഡിയോ ഉണ്ടാക്കാൻ തീരുമാനിച്ചി രിക്കുന്നത്. കമൽഹാസൻ ഇത് സംബന്ധമായി മണിരത്നവുമായി ചർച്ചകൾ നടത്തിയപ്പോൾ മണിരത്നവും അതിന് സമ്മതിച്ചുവത്രെ! എന്നാൽ മണിരത്‌നം സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിനു ഷൂട്ടിങ്ങ് തുടങ്ങുന്നതിനു മുൻപ് ഇതുപോലെ ഒരു പ്രൊമോഷൻ വീഡിയോ നിർമ്മിക്കുന്നത് ഇതാദ്യമായാണ്.