കൊച്ചി: സമഗ്ര സിനിമാനയത്തിന്റെ കരട് തയ്യാറാക്കാൻ രൂപവത്കരിച്ച സമിതിയിൽനിന്നു നടി മഞ്ജുവാര്യരും സംവിധായകൻ രാജീവ് രവിയും പിന്മാറി. ഷൂട്ടിങ് തിരക്കുകൾ ചൂണ്ടിക്കാട്ടിയാണ് ഇരുവരും ചലച്ചിത്രവികസന കോർപ്പറേഷൻ രൂപീകരിച്ച സമിതിയിൽ നിന്നും പിന്മാറിയത്. ഇരുവരും അസൗകര്യം അറിയിച്ചതായി സമിതി ചെയർമാൻ ഷാജി എൻ. കരുൺ വ്യക്തമാക്കി.
സിനിമാനയം രൂപവത്കരിക്കുന്നതിന് മുന്നോടിയായിട്ടാണ് സർക്കാർ സമിതിയുണ്ടാക്കിയത്. സെപ്റ്റംബറിൽ കൊച്ചിയിൽ നടക്കുന്ന സിനിമാ കോൺക്ലേവിന് മുന്നോടിയായി കരട് തയ്യാറാക്കാനാണ് തീരുമാനം. സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണിയാണ് കൺവീനർ. എം.എൽ.എ.യും നടനുമായ എം. മുകേഷ്, സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ, നടിമാരായ പത്മപ്രിയ, നിഖിലാ വിമൽ, നിർമാതാവ് സന്തോഷ് കുരുവിള, അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ എന്നിവരാണ് മറ്റംഗങ്ങൾ.