തമിഴ് സിനിമയിലെ സെൻസേഷണൽ സംവിധായകനായ വെട്രിമാരൻ, വിജയ്സേതുപതി, സൂരി തുടങ്ങിയവരുടെ കൂട്ടുകെട്ടിൽ ഈയിടെ പുറത്തുവന്നു വൻ വിജയമായ ചിത്രമാണ് 'വിടുതലൈ'. ഇപ്പോൾ ഇതിന്റെ രണ്ടാം ഒരുക്കിവരികയാണ് വെട്രിമാരൻ. ആദ്യത്തെ ഭാഗം പോലീസ് ട്രക്ക് ഡ്രൈവറായി അഭിനയിച്ച സൂരിയുടെ കഥാപാത്രത്തിനെ പ്രധാനമാക്കിയുള്ളതായിരുന്നു. രണ്ടാം ഭാഗം വിജയസേതുപതി അവതരിപ്പിക്കുന്ന തീവ്രവാദ സംഘടനയുടെ നേതാവായ വാത്തിയാർ പെരുമാളിനെ പ്രധാനമാക്കിയുള്ളതാണ്.
രണ്ടാം ഭാഗത്തിൽ വിജയ്സേതുപതിയുടെ കഥാപാത്രത്തിന് ഏറെ പ്രാധാന്യം ഉണ്ടെന്നും അതിൽ വിജയസേതുപതിയുടെ പത്നിയായി അഭിനയിക്കാൻ വെട്രിമാരൻ മഞ്ജു വാരിയരെ തിരഞ്ഞെടുത്തിരിക്കുന്നു എന്നുള്ള വാർത്ത മുൻപ് നാനയിൽ നൽകിയിരുന്നു. ഇതിനെ തുടർന്ന് ഇപ്പോൾ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി തകൃതിയായി നടന്നു വരുന്ന സാഹചര്യത്തിൽ മഞ്ജുവാരിയർ ചിത്രത്തിൽ ജോയിൻ ചെയ്തിട്ടുണ്ട്. ഇവരെ കൂടാതെ തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ 'അട്ടകത്തി' ദിനേശും പുതിയതായി ചിത്രത്തിൽ ജോയിൻ ചെയ്തിട്ടുണ്ട്. ഇതിന് മുൻപ് വെട്രിമാരൻ സംവിധാനം ചെയ്തു സൂപ്പർഹിറ്റായ 'അസുരൻ' എന്ന ചിത്രത്തിൽ ധനുഷിനൊപ്പം മഞ്ജുവാരിയർ കഥാനായകിയായി അഭിനയിച്ചിരുന്നു. മഞ്ജുവാരിയർ അഭിനയിച്ച ആദ്യത്തെ തമിഴ് ചിത്രം കൂടിയായിരുന്നു 'അസുരൻ'. പിന്നീട് അജിത്തിനൊപ്പം 'തുണിവ്' എന്ന ചിത്രത്തിലും താരം അഭിനയിക്കുകയുണ്ടായി! 'വിടുതലൈ'യുടെ രണ്ടാം ഭാഗത്തിന്റെയും സംഗീത സംവിധാനം നിർവഹിക്കുന്നത് ഇളയരാജ തന്നെയാണ്. ചിത്രം പൊങ്കലിന് റിലീസ് ചെയ്യാനാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.