NEWS

കഴിവുണ്ടെന്ന് തെളിയിച്ചാല്‍ അവസരങ്ങള്‍ വന്നെത്തും

News

 

ഇത് മനോജ് കെ.യൂ. 'തിങ്കളാഴ്ച നിശ്ചയം' എന്ന സിനിമ കണ്ടവര്‍ക്ക് ഈ നടനെ മറക്കാന്‍ കഴിയില്ല. കുവൈറ്റ് വിജയന്‍ എന്ന ആ കഥാപാത്രം പ്രേക്ഷകര്‍ ഏറ്റുവാങ്ങിയിരുന്നു. ആ പ്രേക്ഷകരില്‍ ഒരാളായിരുന്നു പ്രശസ്തനടന്‍ മമ്മൂട്ടിയും. മനോജ് പ്രധാനവേഷം ചെയ്ത തിങ്കളാഴ്ച നിശ്ചയം സിനിമ മമ്മൂട്ടി കണ്ടിട്ടുണ്ടെന്ന കാര്യം മനോജിനറിയില്ല പക്ഷേ...?


മ്മൂട്ടിയില്‍ നിന്നും മനോജ് അതറിയുമ്പോള്‍ സത്യത്തില്‍ ഞെട്ടിപ്പോയി.
 

മനോജ് പിന്നീട് അഭിനയിച്ച 'പ്രണയവിലാസം' എന്ന സിനിമയുടെ ഡബ്ബിംഗ് എറണാകുളത്ത് സ്റ്റുഡിയോയില്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ മമ്മൂട്ടി അതേ സ്റ്റുഡിയോയില്‍ തന്നെ മറ്റൊരു സിനിമയുടെ ഡബ്ബിംഗിനായി എത്തിയിരുന്നു. ആ സമയം അവിടെ വച്ചാണ് മനോജ് മമ്മൂട്ടിയെ പരിചയപ്പെടുന്നത്. തിങ്കളാഴ്ച നിശ്ചയം സിനിമയില്‍ ഒരച്ഛന്‍വേഷം ചെയ്ത നടനാണെന്ന് പറഞ്ഞ് പരിചയപ്പെടുമ്പോള്‍ തന്നെ മമ്മൂട്ടി പറഞ്ഞു. കുവൈറ്റ് വിജയനല്ലേയെന്ന്. ആ കഥാപാത്രത്തിന്‍റെ പേര് വരെ മമ്മൂട്ടി ഓര്‍ത്തുവച്ചിരിക്കുന്നല്ലോയെന്ന് ആലോചിക്കുമ്പോള്‍ മനോജിന് വലിയ അത്ഭുതമാണ് തോന്നിയത്.
 

മനോജിന്‍റെ മനസ്സില്‍ പണ്ടേ സിനിമയെക്കുറിച്ചുള്ള സ്വപ്നങ്ങളുണ്ടായിരുന്നു. പക്ഷേ, ആരെ കാണണം...? ആഗ്രഹിക്കുന്നതുപോലെ നടക്കുമോ? എന്നൊന്നും അറിയില്ലായിരുന്നു.


പലരെയും പരിചയമുണ്ടായിരുന്നു. പക്ഷേ, നമുക്ക് കഴിവുണ്ടെന്ന് തെളിയിക്കണം. അങ്ങനെ തെളിയിച്ചാല്‍ അവസരങ്ങള്‍ കൂടുതലായി ഇങ്ങോട്ടുവന്നെത്തും. അതാണ് സിനിമ.
ഒരവസരം കിട്ടിയാലല്ലേ തെളിയിക്കാനും കഴിയൂ എന്ന മറുചോദ്യത്തിനും മനോജിന് മറുപടിയുണ്ടായിരുന്നു.

 

'അതിനല്ലെ ഇപ്പോ ഓഡിഷന്‍ വയ്ക്കുന്നതും അത് നടത്തുന്നതും.'- (മനോജ് ചിരിക്കുന്നുണ്ടായിരുന്നു)
'തിങ്കളാഴ്ച നിശ്ചയ'ത്തിനും മുന്‍പേ സംവിധായകന്‍ പ്രിയനന്ദനന്‍റെ നെയ്ത്തുകാരന്‍, പുലിജന്മം എന്നീ സിനിമകളില്‍ മുഖം കാണിക്കാന്‍ എന്ന രീതിയില്‍ അഭിനയിച്ചിട്ടുണ്ട്. പിന്നീട് നാടകവും കോണ്‍ട്രാക്ടര്‍ ജോലിയും ഒക്കെയായി പയ്യന്നൂരില്‍ തുടരുകയായിരുന്നു. ഈ അടുത്ത കാലത്ത് ഒരു ഓഡിഷനില്‍ പങ്കെടുത്തു. അങ്ങനെ കിട്ടിയതാണ് 'ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍' സിനിമയിലെ വേഷം. പിന്നീട് ഒരു ക്യാരക്ടര്‍ വേഷം ചെയ്യുന്നത് കപ്പേളയിലും സുജിത് വാസുദേവ് സംവിധാനം ചെയ്ത 'ഓട്ടര്‍ഷ' എന്ന സിനിമയിലുമാണ്.

 

ഇപ്പോള്‍ മനോജിന് അഭിനയിക്കാന്‍ കുറെ സിനിമകളുണ്ട്. വിഷ്ണു സംവിധാനം ചെയ്യുന്ന 'ആനന്ദ് ശ്രീബാല' എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന മനോജിന്‍റെ പുതിയ സിനിമകള്‍ പ്രാവ്, പകലും പാതിരാവും, ചാവേര്‍, 18+എന്നിവയാണ്.
 

പയ്യന്നൂരിനടുത്തുള്ള അന്നൂര്‍ എന്ന ഗ്രാമത്തിലാണ് മനോജിന്‍റെ വീട്. ഭാര്യയും രണ്ട് ആണ്‍മക്കളുമാണ് മനോജിന്. ഇരുവരും വിദ്യാര്‍ത്ഥികളാണ്. മൂത്തയാള്‍ പ്ലസ് വണ്ണിലും ഇളയ ആള്‍ അഞ്ചാം ക്ലാസിലും പഠിക്കുന്നു.
 

ഖസാക്കിന്‍റെ ഇതിഹാസം നാടകത്തെക്കുറിച്ച്?
 

'അതെ. ആ നാടകം വലിയ വിജയമായി. ഹിന്ദിയിലും ആ നാടകം ഇപ്പോള്‍ ചെയ്തു. അടുത്തുതന്നെ ഈ നാടകവുമായി ഞങ്ങള്‍ വിദേശത്തേയ്ക്ക് പോകുകയാണ്.
 

പ്രൊഫഷണല്‍ നാടകട്രൂപ്പൊന്നുമല്ല കോട്ടോ. അമച്വര്‍ നാടകമാണ്. വരുമാനമൊന്നും കാര്യമായിട്ടില്ല. കയ്യില്‍ നിന്നും കാശ് പോകുന്നതേയുള്ളൂ. പിന്നെ തീയേറ്റര്‍ നാടകവും ഒക്കെ ഒരു പാഷനായതുകൊണ്ട് അഭിനയിക്കുന്നു എന്നുമാത്രം.
 

ഫോട്ടോ: സിനു കാക്കൂര്‍


LATEST VIDEOS

Interviews