NEWS

'അവർക്ക് വേദനയുണ്ടാക്കിയതിൽ ഖേദിക്കുന്നു'; മാപ്പ് പറഞ്ഞു മൻസൂർ അലി ഖാൻ

News

തൃഷയ്‌ക്കെതിരായ സ്ത്രീവിരുദ്ധവും ലിംഗവിവേചനപരവുമായ പരാമർശം നടത്തിയ നടൻ മൻസൂർ അലി ഖാൻ പോലീസിനുമുന്നിൽ മാപ്പ് പറഞ്ഞു. തൗസന്റ് ലൈറ്റ്‌സ് വനിതാ പോലീസ് സ്റ്റേഷനിൽ വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരായപ്പോഴാണ് ഖേദപ്രകടനം.

നടി തൃഷ അടക്കമുള്ളവരെ ബന്ധപ്പെടുത്തി താൻ നടത്തിയ പരാമർശം അവർക്ക് വേദനയുണ്ടാക്കിയതിൽ ഖേദിക്കുന്നുവെന്ന് മൊഴി നൽകുകയായിരുന്നു. ഹർജി പിൻവലിച്ചതിന് പിന്നാലെ നടൻ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. പരാമർശത്തിൽ നിന്നും പിന്നോട്ടില്ലെന്നും മാപ്പ് പറയില്ലെന്നും പറഞ്ഞ നടൻ മാപ്പ് പറയുകയായിരുന്നു.

സ്ത്രീത്വത്തെ അപമാനിക്കുക, ലൈംഗിക ചുവയോടെ സംസാരിക്കുക എന്നീ വകുപ്പുകൾചുമത്തിയാണ് നടനെതിരെ കേസെടുത്തത്. കേസെടുക്കാനായി ദേശീയ വനിത കമ്മീഷൻ, തമിഴ്നാട് ഡിജിപിക്ക് നിർദേശം നൽകിയിരുന്നു. നടൻ്റെ സ്ത്രീവിരുദ്ധ പരാമർശ പ്രസംഗത്തിന് ശേഷം, നടിഗർ സംഘം (ചലച്ചിത്ര സംഘം) നടനെ താൽക്കാലികമായി വിലക്കേർപ്പെടുത്തിയിരുന്നു. പിന്നാലെ ചെന്നൈയിൽ വാർത്താസമ്മേളനം നടത്തിയ മൻസൂർ, താൻ തെറ്റൊന്നും പറഞ്ഞിട്ടില്ലെന്നും മാപ്പുപറയില്ലെന്ന് പറഞ്ഞിരുന്നു.

ലോകമെമ്പാടുമായി 600 കോടിയിലധികം കളക്ഷൻ നേടിയ ദളപതി വിജയിന്റെ 'ലിയോ' സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു നടൻ്റെ സ്ത്രീവിരുദ്ധ പരാമർശം. തൃഷയ്‌ക്കൊപ്പം ലിയോയിൽ അഭിനയിക്കുന്നുവെന്ന് കേട്ടപ്പോൾ കിടപ്പുമുറി സീൻ ഉണ്ടാകുമെന്ന് താൻ കരുതിയെന്ന് നടൻ പറയുന്നു. പഴയ സിനിമകളിൽ ബലാത്സംഗ സീനുകൾ ചെയ്തിട്ടുണ്ട്. മറ്റ് നടിമാരെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയതുപോലെ തൃഷയേയും കൊണ്ടുപോകാമെന്ന് കരുതി. എന്നാൽ കാശ്മീരിലെ ഷൂട്ടിംഗ് സെറ്റിൽ തൃഷയെ അവർ കാണിച്ചില്ല"- എന്നായിരുന്നു നടൻ നടത്തിയ പരാമർശം. സംഭവത്തിൽ നിരവധി പേരാണ് നടനെ വിമർശിച്ച് രംഗത്തെത്തിയത്.


LATEST VIDEOS

Top News