തമിഴിൽ വ്യത്യസ്ത ചിത്രങ്ങൾ സംവിധാനം ചെയ്തു വരുന്ന സംവിധായകനാണ് മാരി സെൽവരാജ്. ഇദ്ദേഹം സംവിധാനം ചെയ്ത 'പരിയേറും പെരുമാൾ', 'കർണൻ', 'മാമ്മന്നൻ', 'വാഴൈ' എന്നീ ചിത്രങ്ങളെല്ലാം ജനശ്രദ്ധയും, നിരൂപക പ്രശംസയും നേടി, വൻ വിജയമായ ചിത്രങ്ങളാണ്. ഈ ചിത്രങ്ങളെ തുടർന്ന് മാരി സെൽവരാജ് ഇപ്പോൾ സംവിധാനം ചെയ്തു വരുന്ന സിനിമ 'ബൈസൺ' ആണ്. വിക്രമിന്റെ മകൻ ധ്രുവ് വിക്രം, അനുപമ പരമേശ്വരൻ നായകൻ, നായകിയായി അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം അവസാനഘട്ടത്തിലെത്തി. 'ബൈസൺ' എന്ന സിനിമയ്ക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രത്തിൽ തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ കാർത്തിയാണ് നായകനായി അഭിനയിക്കുന്നത്. കാർത്തി, മാരി സെൽവരാജ് കോമ്പിനേഷനിൽ ഒരുങ്ങാനിരിക്കുന്ന ചിത്രത്തിന്റെ ആരംഭഘട്ട പണികൾ പോലും തുടങ്ങാത്ത സാഹചര്യത്തിലാണ് ഈ ചിത്രത്തിന് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യാനിരിക്കുന്ന മറ്റൊരു ചിത്രം കുറിച്ചും അതിൽ ഹീറോയായി അഭിനയിക്കാനിരിക്കുന്ന നടനെ കുറിച്ചും ഉള്ള വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അതനുസരിച്ച് തമിഴ് സിനിമയിൽ എപ്പോഴും തിരക്കുള്ള നടനായി പ്രവർത്തിച്ചുവരുന്ന വിജയ്സേതുപതിയെ നായകനാക്കിയാണത്രെ മാരി സെൽവരാജ് തന്റെ അടുത്ത ചിത്രം ഒരുക്കുന്നത്. ഇവർ രണ്ടു പേരും ഒന്നിക്കുന്ന വാർത്ത കോളിവുഡിൽ വമ്പൻ പ്രതീക്ഷയാണ് ഉണ്ടാക്കിയിരിക്കുന്നത്.