കമൽഹാസൻ്റെ 'രാജ്കമൽ ഫിലിംസ്' നിർമ്മിക്കുന്ന ചിത്രമാണ് 'അമരൻ' ശിവകാർത്തികേയൻ നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ സായ് പല്ലവിയാണ് നായികയായി എത്തുന്നത്. രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ശിവകാർത്തികേയൻ മിലിട്ടറി ഓഫീസറായിട്ടാണ് അഭിനയിക്കുന്നത്. കാശ്മീർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ടീസർ അടുത്തിടെ പുറത്തിറങ്ങുകയുണ്ടായി. ചിത്രത്തിന്റെ ടീസറിൽ മുസ്ലീങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കുന്ന രംഗങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞു തമിഴ്‌നാട്ടിലെ ഒരു വിഭാഗം മുസ്ലിങ്ങളുടെ സഘടനയായ 'തമിഴ്‌നാട് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി' ചിത്രത്തിന്റെ നിർമ്മാതാവായ കമൽഹാസൻ, നായകനായ ശിവകാർത്തികേയൻ എന്നിവർക്കെതിരെ വൻ പ്രതിഷേധത്തിൽ ഇറങ്ങിയിരിക്കുകയാണ്. തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിൽ കമൽഹാസ്സന്റെയും, ശിവകാർത്തികേയന്റേയും കോലങ്ങൾ കത്തിച്ചെല്ലാമാണ് പ്രധിഷേധം നടത്തി വരുന്നത്. മുസ്ലീങ്ങളെ തീവ്രവാദികളായി ചിത്രീകരിച്ചിട്ടുള്ള രംഗങ്ങൾ ചിത്രത്തിൽനിന്നും നീക്കണം, അല്ലെങ്കിൽ ഈ ചിത്രത്തിന് എതിരായുള്ള പ്രതിഷേധങ്ങൾ തുടരും എന്നും ആ സഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.