ഫെബ്രുവരി 17ന് റിലീസാകുന്ന ‘ക്രിസ്റ്റി’ സിനിമയിലെ ഇന്റിമേറ്റ് സീൻ ചിത്രീകരിക്കുമ്പോൾ നടൻ മാത്യു തോമസ് പേടിച്ചിരിക്കുകയായിരുന്നു എന്ന് നടി മാളവിക മോഹനൻ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ സൈബർ ലോകത്ത് വലിയ ചർച്ചകളും ഉയർന്നിരുന്നു. ഇപ്പോഴിതാ, ചിത്രത്തിലെ ഇന്റിമേറ്റ് സീനിനെ കുറിച്ച് തുറന്നു പറയുകയാണ് മാത്യു. ചിത്രത്തിൽ ഒരൊറ്റ ഇന്റിമേറ്റ് സീനേയുള്ളൂ എന്നും താരം പറയുന്നു.
കുറച്ച് കാലമായി ക്രിസ്റ്റിയിലേത് പോലൊരു ലവ് സ്റ്റോറി വന്നിട്ടില്ലെന്ന് മാത്യു ചൂണ്ടിക്കാട്ടുന്നു. പതിനെട്ട് വയസാകാത്ത ഒരുത്തന്റെ പ്രണയമല്ല സിനിമയുടെ പ്രമേയം. പതിനെട്ട് വയസാകുന്നതിന് മുമ്പും മെച്വേഡ് ആയതിന് ശേഷവും ക്രിസ്റ്റിയിലെ തന്റെ കഥാപാത്രത്തിന് തന്നേക്കാൾ പ്രായം കൂടിയ ചേച്ചിയുടെ കഥാപാത്രത്തോട് പ്രണയമുണ്ട്. അതിനാൽ പ്രായം മാറുമ്പോൾ വരുന്ന വ്യത്യാസങ്ങളും ട്രാൻസിഷനും കാണിക്കുന്നുണ്ട്. വെറുതെ ചെറിയ പ്രായത്തിൽ തോന്നിയ പ്രണയമല്ല വയസ് കൂടുന്തോറും ആ പ്രണയവും വളരുന്നുണ്ടെന്നും സിനിമയിൽ കാണിക്കുന്നുണ്ട്. കോളേജ് ഫൈനൽ ഇയർ വരെയുള്ള ജേർണി പടത്തിലുണ്ട്.
താൻ ക്രിസ്റ്റിയുടെ കഥ പറഞ്ഞപ്പോൾ ചിലരൊക്കെ തന്നോട് പറഞ്ഞിരുന്നു തങ്ങൾക്കും ഒരു ചേച്ചിയോട് ഇത്തരത്തിൽ ഇഷ്ടമുണ്ടായിരുന്നുവെന്നും പുറകെ നടന്നിരുന്നു എന്നുമൊക്കെ. തനിക്ക് പക്ഷെ അത്തരത്തിൽ ഒരു പ്രണയമുണ്ടായിട്ടില്ല. പക്ഷെ ചെറിയ ക്രഷ് തോന്നിയിട്ടുണ്ട് - മാത്യു പറയുന്നു. ആൽവി ഹെന്റി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഗോവിന്ദ് വസന്ത ആണ് സംഗീതം ഒരുക്കുന്നത്.