മകള്‍ ആദ്യമായി സിനിമയിലേക്ക് വന്നപ്പോള്‍ എന്തെങ്കിലും ഉപദേശം കൊടുത്തായിരുന്നോ?
തെരിയില്‍ അവള്‍ കുഞ്ഞല്ലെ. വെയിലത്ത് നിന്നുള്ള ഷൂട്ട് ഒന്നും അവളെക്കൊണ്ട് താങ്ങാമായിരുന്നില്ല. ഞാന്‍ എല്ലാം പറഞ്ഞു ചെയ്യിപ്പിക്കുകയായിരുന്നു. 'തെരി'യുടെ ഓഡിയോ ലോഞ്ചിലാണ് ശരിക്കും അവള്‍ സിനിമയുടെ ലോകം മനസ്സിലാക്കിയത്. 'തെരി ബേബി' എന്നാണ് അവളെ ആളുകള്‍ വിളിക്കാറുള്ളത്. നന്നായി അഭിനയിച്ചാല്‍ ഇതുപോലെ ഒരുപാട് ആരാധകരെ കിട്ടുമെന്ന് ഞാന്‍ അവളോട് പറഞ്ഞിട്ടുണ്ട്.
ഇപ്പോള്‍ ചെയ്യുന്ന പ്രോജക്ടുകള്‍...?
ഒരു വെബ് സീരീസ് ചെയ്യുന്നുണ്ട്. ഇതുവരെ പ്രേക്ഷകര്‍ എന്നെ കാണാത്ത ഒരു വേഷത്തിലാവും. അതുപിന്നെ തമിഴിലും റിയാലിറ്റി ഷോകള്‍ ചെയ്യുന്നുണ്ട്.
ജീവിതപാഠം...?
ഞാന്‍ മറ്റുള്ളവരുടെ അനുഭവങ്ങളില്‍ നിന്നാണ് കൂടുതല്‍ പഠിക്കാറുള്ളത്. സ്വന്തമായി തെറ്റ് ചെയ്ത്, അത് തിരുത്തി സമയം കളയേണ്ട മറ്റുള്ളവരുടെ അനുഭവങ്ങളും നമ്മള്‍ക്ക് പാഠമാണ്.
വ്യക്തിജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടായ അനുഭവങ്ങളെ എങ്ങനെ നോക്കി ക്കാണുന്നു?
അന്ന് വളരെ മോശം അവസ്ഥയായിരുന്നു. ഒരുപാട് സമയം വലിയ വേദനയിലായിരുന്നു. ഇപ്പോള്‍ അതിന്‍റെ തീവ്രത കുറഞ്ഞിട്ടുണ്ട്. ഞാന്‍ വളരെ പോസിറ്റീവ് ആണ്. അന്നത്തെ അവസ്ഥയില്‍ ഞാന്‍ നിസ്സഹായയാണ്.
മോശം അവസ്ഥയെ എങ്ങനെയാണ് നേരിടുന്നത്?
ഞാന്‍ എന്‍റെ മകളോടോ, അമ്മയോടോ സംസാരിക്കും. പിന്നെ എനിക്ക് കുറെ ഫ്രണ്ട്സ് ഉണ്ട്. ഇവരാണ് എന്‍റെ സന്തോഷത്തിന്‍റെ താക്കോല്‍. വിഷമം വരുമ്പോള്‍ അവരുടെയടുത്ത് പോകും. യഥാര്‍ത്ഥ തെറാപ്പിസ്റ്റുകള്‍ അവരാണ്.
എപ്പോഴും വിളിക്കാന്‍ കഴിയുന്ന സുഹൃത്ത്?
സംഘവി, മഹേശ്വരി, രേണു.. സെലിബ്രിറ്റികളല്ലാത്തവരും അക്കൂട്ടത്തിലുണ്ട്.
മലയാള സിനിമയില്‍ ഏറ്റവും ആത്മബന്ധം ഉള്ളത്?
ലാലേട്ടന്‍, സുരേഷ് ഗോപിച്ചേട്ടന്‍.. കലച്ചേച്ചി...
ഭക്ഷണത്തിലൊക്കെ നല്ലവിധം ശ്രദ്ധിക്കാറുണ്ടോ?
പണ്ടൊക്കെ ഏത് സെറ്റില്‍ പോയാലും അവിടെ എത്ര വിശിഷ്ട വിഭവങ്ങളുണ്ടെങ്കിലും ഞാന്‍ സാലഡൊക്കെയേ എടുക്കൂ. മധുരം തൊടാറില്ലായിരുന്നു. ഇപ്പോള്‍ ശ്രദ്ധ കുറഞ്ഞു.
രജനികാന്തിന്‍റെ കൂടെ എപ്പോഴാണ് അടുത്ത സിനിമ?
എനിക്കും ഒരുപാട് ആഗ്രഹമുള്ള ഒരു കാര്യമാണത്. പ്രതീക്ഷയോടെയിരിക്കാം.