2023- ന്‍റെ അവസാന മാസമായ ഡിസംബറിൽ 50 ഓളം സിനിമകൾ റിലീസാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞാഴ്ച മൂന്ന് ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തുകയും ചെയ്തു. അതിലൊന്ന് നയൻതാരയുടെ 'അന്നപൂരണി. മറ്റൊന്ന് ഹരീഷ് കല്യാൺ, എം.എസ്. ഭാസ്കർ പ്രധാന കഥാപാത്രങ്ങളിൽ അഭിനയിച്ച 'പാർക്കിംഗ്' എന്ന ചിത്രം.മൂന്നാമത്തെ ചിത്രം 'നാട്'. ഈ മൂന്ന് ചിത്രങ്ങളും നല്ല അഭിപ്രായം നേടിയവയാണ്. എന്നാൽ ചിത്രം റിലീസായ ദിവസം മുതൽ തന്നെ മഴപെയ്യാൻ തുടങ്ങിയതോടുകൂടി, 'മിക് ജാം' ചുഴലിക്കാറ്റും ഉണ്ടായതിനാൽ ചെന്നൈ ഉൾപ്പെടെയുള്ള പല ജില്ലകളിലുള്ള തിയേറ്ററുകളും അടച്ചു പൂട്ടേണ്ടി വന്നു. ഏറ്റവും കൂടുതൽ കലക്ഷൻ നേടുന്ന ചെന്നൈ, ചെങ്കൽപ്പെട്ട്, കാഞ്ചിപുരം തിരുവള്ളൂർ എന്നിവിടങ്ങളിലെ തീയറ്ററുകൾ തുടർച്ചയായി അടച്ചിട്ടിരിക്കുന്നതിനാൽ കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
അതിശക്തമായ മഴയും, കൊടുങ്കാറ്റും ഉണ്ടായതിനെ തുടർന്ന് ചെന്നൈയിലുള്ള മിക്ക സ്ഥലങ്ങളിലും വെള്ളം കെട്ടിക്കിടക്കുകയാണ്. അതിനാൽ ജനങ്ങളുടെ ജീവിതം തന്നെ മുടങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഈ വെള്ളിയാഴ്ച പുതിയ ചിത്രങ്ങൾ ഒന്നും റിലീസ് ആകുകയില്ല എന്നാണ് പറയപ്പെടുന്നത്. അങ്ങനെ ഒരു സമയം ചിത്രങ്ങൾ റിലീസ് ചെയ്യുകയാണെങ്കിലും തിയേറ്ററുകളിലേക്ക് ജനങ്ങൾ വരുന്ന കാര്യം സംശയമാണ്. അതുകൊണ്ട് ഇനി ക്രിസ്തുമസ് പ്രമാണിച്ച് മാത്രമേ പുതിയ ചിത്രങ്ങളുടെ റിലീസ് ഉണ്ടാവുകയുള്ളൂ എന്നാണ് കോളിവുഡിൽ നിന്നും പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഓരോ വർഷം ഡിസംബറിലും 50 ഓളം ചിത്രങ്ങൾ റിലീസ് ആകുന്ന സാഹചര്യത്തിൽ ഈ വർഷം വളരെ കുറച്ച് ചിത്രങ്ങൾ മാത്രമേ റിലീസ് ആകുകയുള്ളൂ എന്ന കാര്യം സിനിമാ ആരാധകരെ നിരാശപ്പെടുത്തിരിക്കുകയാണ്. അതേസമയം റിലീസിന് ഒരുങ്ങി വന്ന ചിത്രങ്ങളുടെ നിർമ്മാതാക്കളും ആശങ്കയിലാണ്.