തമിഴിൽ നയൻതാര, മാധവൻ, സിദ്ധാർഥ്, രാശിഖന്ന തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് 'ടെസ്റ്റ്'. തമിഴിൽ പുറത്തുവന്നു സൂപ്പർഹിറ്റായ 'വിക്രം വേദ' എന്ന ചിത്രം ഉൾപ്പെടെ നിറയെ ചിത്രങ്ങൾ നിർമ്മിച്ച ശശികാന്ത് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് 'ടെസ്റ്റ്'. അതുപോലെ ജനപ്രിയ പിന്നണി ഗായികയായ ശക്തിശ്രീ ഗോപാലൻ സംഗീത സംവിധായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന്റെ ചിത്രീകരണം നടന്നു വരുന്ന സാഹചര്യത്തിൽ ഇതിൽ മറ്റൊരു മലയാളി നടിയായ മീരാ ജാസ്മിനും ജോയിൻ ചെയ്തിട്ടുണ്ട്. ഒരു പോസ്റ്റർ പുറത്തിറക്കിക്കൊണ്ടാണ് ചിത്രത്തിന്റെ ടീം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒരു വലിയ ഇടവേളയ്ക്കു ശേഷം മീരാ ജാസ്മിൻ തമിഴിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് 'ടെസ്റ്റ്'. 2002-ൽ പുറത്തുവന്നു വൻ വിജയമായി മാറിയ 'റൺ' എന്ന ചിത്രം മുഖേനയാണ് മീരാ ജാസ്മിൻ തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിൽ മാധവനായിരുന്നു നായകനായി അഭിനയിച്ചത്. ഇതിനു ശേഷം മണിരത്‌നം സംവിധാനം ചെയ്ത 'ആയുധ എഴുത്ത്' എന്ന ചിത്രത്തിലും മാധവനൊപ്പം മീരാ ജാസ്‍മിൻ അഭിനയിച്ചിരുന്നു. 2004-ൽ റിലീസായ ഈ ചിത്രത്തിനെ തുടർന്ന് 18 വർഷങ്ങൾക്ക് ശേഷം വീണ്ടും മാധവൻ നടിക്കുന്ന ചിത്രത്തിൽ അഭിനയിക്കാനിരിക്കുകയാണ് മീരാ ജാസ്മിൻ! അതുപോലെ നയൻതാരക്കൊപ്പം മീരാ ജാസ്മിൻ അഭിനയിക്കുന്ന ആദ്യത്തെ ചിത്രം കൂടിയാണ് ഇത്.