സൂപ്പര്‍താരം രജനിയുടെ വന്‍വിജയം നേടിയ 'ജയിലര്‍' എന്ന സിനിമയിലെ ശ്വേത എന്ന കഥാപാത്രം മലയാളിയായ മിര്‍ണാമേനോന്‍റെ കരിയറിനെ അത്യുന്നതങ്ങളില്‍ എത്തിച്ചു. 2016 ല്‍ അഭിശരവണന്‍റെ നായികയായി 'പട്ടധാരി' എന്ന തമിഴ്സിനിമയിലൂടെയായിരുന്നു അതിഥി മേനോന്‍ എന്ന പേരില്‍ നായികയായി അരങ്ങേറ്റം കുറിച്ചത്. അതിഥിമേനോന്‍ എന്ന പേര് മിര്‍ണാമേനോന്‍ എന്ന് മാറ്റിയതോടെ ഭാഗ്യം തെളിയുകയായിരുന്നു. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് സിനിമകളില്‍ മിര്‍ണായ്ക്ക് തിരക്കേറുകയായിരുന്നു. കന്നഡത്തിലും രംഗപ്രവേശം നടത്താനിരിക്കുന്ന ഈ താരത്തിന് തെന്നിന്ത്യന്‍ സിനിമകളില്‍ നിന്ന് ഓഫറുകളുടെ പ്രവാഹമത്രേ. 'ജയിലര്‍' തന്‍റെ കരിയറില്‍ വരുത്തിയ മാറ്റത്തെക്കുറിച്ചും ജയിലറില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങളെക്കുറിച്ചും തല്‍സമയം തന്‍റെ പക്കലുള്ള പ്രോജക്ടുകളെക്കുറിച്ചും മനസ്സ് തുറക്കുന്നു മിര്‍ണാമേനോന്‍.
'ജയിലര്‍' കരിയറില്‍ ഏറ്റവും വലിയ ഉയര്‍ച്ച നല്‍കിയല്ലോ, അല്ലെ?
മിര്‍ണാമേനോന്‍: അതെ. ജയിലറില്‍ അഭിനയിക്കുമ്പോള്‍ തന്നെ എനിക്കത് അറിയാമായിരുന്നു തീര്‍ച്ചയായും പോസിറ്റീവായി എന്തെങ്കിലും നടക്കുമെന്ന്. എന്നാല്‍ ഇത്ര വലിയ ഉയര്‍ച്ച കിട്ടുമെന്ന് പ്രതീക്ഷിച്ചതല്ല.
മിര്‍ണയെക്കുറിച്ച് ധാരാളം മീംസുകള്‍ വന്നുവല്ലോ? അത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ...?
മീംസ് ക്രിയേറ്റ് ചെയ്യുന്നത് ഒരു വലിയ കലയാണ്. എത്ര വലിയ അദ്ധ്വാനമാണത്? അതിനുവേണ്ട ഫുട്ടേജ് എടുക്കണം. ഫോട്ടോ വയ്ക്കണം. ഇത്ര ജോലിയുണ്ട്. ശ്വേത എന്ന എന്‍റെ കഥാപാത്രം ഇങ്ങനെ മീംസിലൂടെ റീച്ചായതില്‍ ഞാന്‍ ഹാപ്പിയാണ്.
മിര്‍ണയുടെ മുഖം വളരെ ഹോമിലിയാണ്. അതുകൊണ്ടാണ് ഗ്ലാമര്‍ വേഷങ്ങള്‍ നിങ്ങളെ തേടി എത്താത്തത് എന്ന് തോന്നിയിട്ടുണ്ടോ?
ഹോമിലിയായി എന്‍ട്രിയായവരാണ് ഇന്നത്തെ ടോപ് ഗ്ലാമര്‍ ഹീറോയിന്‍സ് എല്ലാവരും. ആദ്യം നമ്മുടെ കഴിവ് തെളിയിച്ചുകഴിഞ്ഞാല്‍ പിന്നെ സൗന്ദര്യം വെളിച്ചമിട്ട് കാണിക്കും. ഞാന്‍ അഭിനയിച്ച കഥാപാത്രങ്ങള്‍ ഹോമിലിയായിരിക്കാം. എന്നുകരുതി ഞാന്‍ എന്നെ ഒരു വട്ടത്തിനുള്ളില്‍ അടച്ചുവെയ്ക്കില്ല. ഞാന്‍ തെലുങ്കില്‍ ചെയ്ത വേഷങ്ങളെല്ലാം മോഡേണാണ്.
എഞ്ചിനീയറിംഗ് പഠിച്ച നിങ്ങള്‍ അഭിനയിക്കാനെ ത്തിയതിന്‍റെ കാരണം?
ബി.ടെക് കമ്പ്യൂട്ടര്‍ സന്‍സ് പഠിച്ചശേഷം ദുബായില്‍ ജോലി ചെയ്തു. ഇരുപത് വയസ്സില്‍ തന്നെ ഞാന്‍ ഫിനാന്‍ഷ്യലി ഇന്‍റിപെന്‍ഡന്‍റാണ്. ലക്ഷക്കണക്കിന് സമ്പാദിച്ചിട്ടും സിനിമയോടുള്ള മോഹം കൊണ്ടാണ് അഭിനയിക്കാന്‍ എത്തിയത്.
തമിഴ് സിനിമയിലെ ഹീറോയിന്‍മാരില്‍ ഭൂരിഭാഗവും മലയാളത്തില്‍ നിന്നും വന്നവരാണല്ലോ?
അതിനുകാരണം നമ്മുടെ ആര്‍ട്ടാണ്. ഞാന്‍ മൂന്നാമത്തെ വയസ്സ് മുതല്‍ ഡാന്‍സ് പഠിച്ചു. അരങ്ങേറ്റവും നടത്തി. എന്നെപ്പോലെ തന്നെ പലര്‍ക്കും കലാരംഗത്ത് ചെറുപ്പം തൊട്ടേ പരിചയവും പ്രാവീണ്യവും ലഭിക്കുന്നതിനാല്‍ അവസരങ്ങള്‍ എവിടെ കിട്ടുന്നുവോ അവിടേയ്ക്ക് പോകുന്നു. പിന്നെ കള്‍ച്ചറില്‍ വലിയ വ്യത്യാസങ്ങള്‍ ഇല്ലാത്തതുകൊണ്ടുകൂടിയാവാം അധികംപേരും തമിഴ് സിനിമകളില്‍ അഭിനയിക്കാന്‍ എത്തുന്നതിന്‍റെ കാരണം.
ഇപ്പോഴത്തെ പ്രോജക്റ്റുകള്‍ ഏതൊക്കെയാണ്?
മലയാളത്തില്‍ ഒരു സിനിമ ചെയ്യുന്നുണ്ട്. തമിഴില്‍ അമീറിന്‍റെ 'ഇറൈവന്‍ മികപെരിയവന്‍'. കന്നടത്തില്‍ ഒരു വുമണ്‍ സെന്‍ട്രിക് സിനിമയിലൂടെ അവിടെ എന്‍ട്രിയാവുന്നു.