NEWS

രജനിയുടെ 'ജയിലറി'ൽ മോഹൻലാലും, ചിത്രീകരണത്തിനായി രണ്ട് പേരും ഹൈദരാബാദിൽ!

News

രജനികാന്ത് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രമാണ് 'ജയിലർ'. 'ബീസ്റ്റ്' എന്ന ചിത്രത്തിനു ശേഷം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ അടുത്തഘട്ട ചിത്രീകരണം ഇപ്പോൾ ഹൈദരാബാദിൽ നടന്ന് വരികയാണ്. ഈ ചിത്രത്തിൽ മോഹൻലാലും ഒരു ചെറിയ കഥാപാത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നുള്ള പ്രത്യേക വാർത്ത മുൻപ് നാനയിൽ നൽകിയിരുന്നു. ഇന്നലെ ആ വാർത്തയെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ മോഹൻലാലിന്റെ ഫോട്ടോ സഹിതം ഔദ്യോഗികമായി പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. ഈ വാർത്ത പുറത്തുവന്നതിനെ തുടർന്ന് രജിനിയുടെയും, മോഹൻലാലിന്റേയും ആരാധകർ അതിനെ വരവേറ്റ് ആഘോഷിച്ചു വരികയാണ്. ചിത്രത്തിൽ മോഹൻലാൽ ഒരു പ്രത്യേക കഥാപാത്രത്തെയാണത്രെ അവതരിപ്പിക്കുന്നത്. നമ്മൾക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്നും, നാളെയും മോഹൻലാലും, രജനികാന്തും സംബന്ധപെട്ട ദൃശ്യങ്ങളുടെ ചിത്രീകരണം ഹൈദരാബാദിൽ നടക്കുമത്രേ! ഇതിനായി രജനികാന്ത് ഹൈദരാബാദിലേക്ക് യാത്ര ചെയ്യുമ്പോൾ വിമാനത്താവളത്തിൽ എടുത്ത ഫോട്ടോസും പുറത്തു വന്നിട്ടുണ്ട്.

സൂപ്പർ സ്റ്റാർ രജനികാന്തും, കംപ്ലീറ്റ് ആക്ടർ മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായി മാറിയിട്ടുണ്ട് 'ജയിലർ'. രമ്യാകൃഷ്ണൻ, കന്നഡ സിനിമാ താരം ശിവരാജ്കുമാർ, യോഗി ബാബു തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു ഈ ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം നൽകുന്നത്.


LATEST VIDEOS

Exclusive