വിദേശത്ത് 10 മില്യൺ ഡോളറിലധികം നേടിയ ഒന്നിലധികം ചിത്രങ്ങളിൽ നായകനായ തെന്നിന്ത്യൻ നായകന്മാരുടെ പട്ടികയിൽ ഇടംപിടിച്ച് മോഹൻലാൽ. ട്രാക്കർമാരായ ബോളിവുഡ‍് ബോക്സ് ഓഫീസ് പുറത്തുവിട്ടിരിക്കുന്ന ലിസ്റ്റിൽ ആകെ നാല് താരങ്ങൾ മാത്രമാണ് ഉള്ളത്. മലയാളത്തിൽ നിന്ന് മോഹൻലാൽ മാത്രമാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.
വിജയ്, പ്രഭാസ്, രജനികാന്ത് എന്നിവർക്കൊപ്പമാണ് മോഹൻലാലും ഈ എലൈറ്റ് ക്ലബ്ബിൽ ഉൾപ്പെട്ടിരിക്കുന്നത്. തെന്നിന്ത്യൻ നായക താരങ്ങളിൽ വിദേശത്ത് ഏറ്റവുമധികം ചിത്രങ്ങൾ 10 മില്യൺ ഡോളറിൽ അധികം നേടിയിട്ടുള്ളത് വിജയ് ആണ്. വിജയ്‍യുടെ ആറ് ചിത്രങ്ങൾ ഈ നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്. പ്രഭാസിൻറെയും രജനികാന്തിൻറെയും അഞ്ച് വീതം ചിത്രങ്ങളും സമാന നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം മോഹൻലാലിന് രണ്ട് ചിത്രങ്ങളാണ് ഈ ലിസ്റ്റിൽ ഉള്ളത്. അദ്ദേഹത്തിൻറെ അവസാനത്തെ രണ്ട് റിലീസുകളായ എമ്പുരാനും തുടരും എന്ന ചിത്രവുമാണ് ഈ നേട്ടത്തിൽ എത്തിയിരിക്കുന്നത്.
അഭിനയിച്ച ഒരേയൊരു ചിത്രം ഈ നേട്ടം ഉണ്ടാക്കിയിട്ടുള്ള താരങ്ങൾ വേറെയുണ്ട്. രാം ചരൺ, ജൂനിയർ എൻടിആർ, അല്ലു അർജുൻ, യഷ്, കമൽ ഹാസൻ, വിജയ് സേതുപതി എന്നിവരാണ് അത്. മൾട്ടി സ്റ്റാർ ചിത്രങ്ങളായ പൊന്നിയിൻ സെൽവൻ രണ്ട് ഭാഗങ്ങളും ഇതേ നേട്ടം ഉണ്ടാക്കിയിട്ടുണ്ട്.
അതേസമയം കരിയറില്‍ ഒരു മാസത്തെ ഇടവേളയില്‍ രണ്ട് 200 കോടി ക്ലബ്ബ് ചിത്രങ്ങള്‍ എന്ന നേട്ടമാണ് മോഹന്‍ലാലിന് സ്വന്തമായത്. എമ്പുരാന്‍ തിയറ്ററുകളിലെത്തിയത് മാര്‍ച്ച് 27 ന് ആയിരുന്നെങ്കില്‍ തുടരും എക്കിയത് ഏപ്രില്‍ 25 ന് ആയിരുന്നു. എമ്പുരാന്‍ 260 കോടിയിലേറെ നേടിയപ്പോള്‍ തുടരും 200 കോടി പിന്നിട്ട് ഇപ്പോഴും തിയറ്ററുകളില്‍ തുടരുകയാണ്.