തമിഴിൽ 'ഇറുതിചുട്രു', 'സൂരറൈ പോട്രു' എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത സുധ കൊങ്കര ഇപ്പോൾ ശിവകാർത്തികേയനെ നായകനാക്കി 'പരാശക്തി' എന്ന ചിത്രമാണ് സംവിധാനം ചെയ്തു വരുന്നത്. ഈയിടെ റിലീസായി വമ്പൻ വിജയമായ ശിവകാർത്തികേയന്റെ 'അമരൻ' എന്ന ചിത്രം പോലവേ 'പരാശക്തി'യും ഒരു ബയോപ്പിക്കായാണ് ഒരുങ്ങി വരുന്നത്. ഈ ചിത്രത്തിൽ ശിവകാർത്തികേയനൊപ്പം വില്ലനായി രവി മോഹനും (ജയം രവി), നായികയായി ശ്രീ ലീലയും, മറ്റൊരു പ്രധാന കഥാപാത്രത്തിൽ അഥർവയുമാണ് അഭിനയിക്കുന്നത് എന്നുള്ള വാർത്തകൾ മുൻപ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഈ ചിത്രത്തിൽ വരുന്ന മറ്റൊരു പ്രധാന കഥാപാത്രം അവതരിപ്പിക്കാനായി മലയാളി നടനായ ഉണ്ണി മുകുന്ദനെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ സമീപിച്ചെന്നും, ഉണ്ണി മുകുന്ദനുമായി നടന്ന ചർച്ചയിൽ താരം 'പരാശക്തി'യിൽ അഭിനയിക്കാൻ സമ്മതിച്ചെന്നുമുള്ള വാർത്തകളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഇതിന് മുൻപ് ധനുഷ് നായകനായ 'സീടൻ', സൂരി നായകനായ 'ഗരുഡൻ' തുടങ്ങിയ തമിഴ് സിനിമകളിൽ ഉണ്ണിമുകുന്ദൻ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ അടുത്തിടെ പുറത്തിറങ്ങിയ 'മാർക്കോ' എന്ന ചിത്രം തമിഴ്നാട്ടിലും വമ്പൻ വിജയമായിരുന്നു എന്നതും ശ്രദ്ധേയമാണ്. എന്നാൽ 'പരാശക്തി'യിൽ ഉണ്ണിമുകുന്ദൻ അഭിനയിക്കുന്നത് കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. അത് അടുത്തുതന്നെ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.