തമിഴ് സിനിമയിലെ ഇപ്പൊഴത്തെ 'മോസ്റ്റ് വാണ്ടഡ്' സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. ഇദ്ദേഹം ഈണം നൽകുന്ന ഗാനങ്ങളെല്ലാം വൻ ഹിറ്റാണ്. ഇപ്പോൾ രജനികാന്തിന്റെ 'ജയിലർ', വിജയ്‍യുടെ 'ലിയോ', കമൽഹാസന്റെ 'ഇന്ത്യൻ-2', അജിത്തിന്റെ 'വിടാമുയർച്ചി' ഹിന്ദിയിൽ ഷാരൂഖാന്റെ 'ജവാൻ', തെലുങ്കിൽ ജൂനിയർ എൻ.ടി.ആറിന്റെ 'ദേവരാ' തുടങ്ങിയ വമ്പൻ സിനിമകൾക്ക് സംഗീതം നൽകി വരുന്ന അനിരുദ്ധ് അടുത്ത് തന്നെ മലയാള സിനിമയിലും സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കുവാനിരിക്കുകയാണ് എന്നുള്ള ഒരു വാർത്ത ലഭിച്ചിട്ടുണ്ട്.
അനിരുദ്ധ് ഈയിടെ കല്യാണി പ്രിയദർശൻ നായികയാകുന്ന 'ശേഷം മൈക്കിൽ ഫാത്തിമ' എന്ന ചിത്രത്തിനു വേണ്ടി ഒരു മലയാള ഗാനം ആലപിക്കുകയും ആ ഗാനം ഹിറ്റാവുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് 'ലൂസിഫർ' രണ്ടാം ഭാഗത്തിന് ശേഷം പൃഥിവിരാജ് സംവിധാനം ചെയ്യാനിരിക്കുന്ന 'ടൈസൺ' എന്ന ചിത്രത്തിന് അനിരുദ്ധാണ് സംഗീതം ഒരുക്കുന്നത് എന്നുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്. അത് സംബന്ധമായ ചർച്ചകൾ നടന്നുകഴിഞ്ഞു എന്നും പറയപ്പെടുന്നുണ്ട്. 'കെ.ജി.എഫ്', 'കാന്താര', 'ധൂമം' തുടങ്ങിയ വമ്പൻ സിനിമകൾ നിർമ്മിച്ച പ്രൊഡക്ഷൻ ഹൗസായ 'ഹോംബാലെ ഫിലിംസ്' ആണ് 'ടൈസൺ'. ർമ്മിക്കുന്നത്. ഈ ചിത്രവും ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണത്രെ ഒരുങ്ങുന്നത്. അതിനാലാണത്രെ ഇപ്പോഴത്തെ മോസ്റ്റ് പോപ്പുലർ സംഗീത സംവിധായകനായ അനിരുദ്ധിനെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സമീപിച്ചിരിക്കുന്നത്. അനിരുദ്ധ് ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഉറപ്പായാൽ അനിരുദ്ധിന്റെ ആദ്യത്തെ മലയാള ചിത്രമായിരിക്കും 'ടൈസൺ'.