സംഗീത സംവിധായകനും നടനും ഗായകനുമായ ജി വി പ്രകാശ് കുമാറും സൈന്ധവിയും തങ്ങളുടെ 11 വർഷത്തെ വിവാഹ ബന്ധം വേർപ്പെടുത്തി. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്. ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനമാണെന്നും , പരസ്പര ബഹുമാനത്തോടെ തങ്ങളുടെ മനസ്സമാധാനവും ഉയർച്ചയും മുന്നിൽ കണ്ടുകൊണ്ടെടുത്ത തീരുമാനമാണെന്നും, സ്വകാര്യത മനസിലാക്കണം എന്നും സുഹൃത്തുക്കളോടും പ്രേക്ഷരോടുമായി അപേക്ഷിക്കുകയും ചെയ്തു. ഏറെക്കാലത്തെ പ്രണയത്തിന് ശേഷം 2013 ൽ വിവാഹിതരായ ഇരുവർക്കും ഒരു പെൺ കുഞ്ഞ് കൂടെയുണ്ട്. എ ആർ റഹ്മാന്റെ സഹോദരി പുത്രനായ ജി വി പ്രകാശ് 'ജെന്റിൽമാൻ' എന്ന സിനിമയിൽ പാടിയ പാട്ടിലൂടെയാണ് സിനിമ-സംഗീത രംഗത്തേക്ക് വരുന്നത്. ചെറുപ്പം മുതലേ കച്ചേരി അവതരിപ്പിച്ചു വരികയായിരുന്ന സൈന്ധവി പിന്നീട് പതുക്കെ സംഗീത മേഖലയിലേക്ക് വരുകയുമായിരുന്നു. തമിഴ് സിനിമ രംഗത്ത് രണ്ടാളുടെയും സംഭാവന വളരെ വലുതാണ്. ഒരുപാട് സിനിമകളിൽ ഒന്നിച്ചു പാടുകയും ഹിറ്റാക്കുകയും ചെയ്തിട്ടുണ്ട്.