NEWS

സംഗീത സംവിധായകൻ കെ.ജെ.ജോയ് അന്തരിച്ചു

News

ചെന്നൈ: സംഗീത സംവിധായകൻ കെ.ജെ.ജോയ് അന്തരിച്ചു. 77 വയസ്സായിരുന്നു.  ഇരുനൂറിലേറെ ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ച ജോയ്, ഇന്നു പുലർച്ചെ രണ്ടരയോടെ ചെന്നൈയിലെ വീട്ടിൽവച്ചാണ് അന്തരിച്ചത്. പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലായിരുന്നു. തൃശൂർ നെല്ലിക്കുന്ന് സ്വദേശിയായ ജോസ് ഏറെക്കാലമായി ചെന്നൈയിലാണ്. സംസ്കാരം ബുധനാഴ്ച ചെന്നൈയിൽ നടക്കും.

1975 ൽ ‘ലൗ ലെറ്റർ’ എന്ന ചിത്രത്തിലൂടെയാണ് ജോയ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. കീബോർഡ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ എഴുപതുകളിൽ സിനിമയിൽ എത്തിച്ച ജോയ് മലയാള ചലച്ചിത്ര ഗാനലോകത്തെ ആദ്യത്തെ ‘ടെക്നോ മ്യുസിഷ്യൻ’ എന്നാണ് അറിയപ്പെട്ടിരുന്നത്.

ഇവനെന്റെ പ്രിയപുത്രൻ, ചന്ദനച്ചോല, ആരാധന, സ്നേഹയമുന, മുക്കുവനെ സ്നേഹിച്ച ഭൂതം, ലിസ മദാലസ, സായൂജ്യം, ഇതാ ഒരു തീരം, അനുപല്ലവി, സർപ്പം, ശക്തി, ഹൃദയം പാടുന്നു, ചന്ദ്രഹാസം, മനുഷ്യമൃഗം, കരിമ്പൂച്ച എന്നിങ്ങനെ ഇരുനൂറിലേറെ സിനിമകൾക്കു ജോയ് സംഗീതമൊരുക്കി.  കെ.ജെ.ജോയ്‌യുടെ  77–ാം ജന്മദിനത്തിൽ, അദ്ദേഹം സംഗീത സംവിധാനം ചെയ്ത പാട്ടുകൾ പാടി ‘പാട്ടുപീടിക’ എന്ന സംഗീത കൂട്ടായ്മ ആദരമർപ്പിച്ചിരുന്നു. ഈ പരിപാടിയിൽ ജോയ്‌ പങ്കെടുത്തിരുന്നു. 


LATEST VIDEOS

Latest