സംഗീതരംഗത്തെ തന്‍റെ സ്വപ്നപദ്ധതികളുമായി ഗായിക ദിവ്യാബാലന്‍
'ധന്യാ വാദ് കര്‍ത്തി ഹു മെ...'
ഗായികാ ദിവ്യാബാലന്‍റെ മനസ്സിനുള്ളില്‍ നിന്നും ഈ ഹിന്ദി ഡിവോഷണല്‍ സോംഗ് ഈണത്തില്‍ കേള്‍ക്കുന്നുണ്ടായിരുന്നു. ദിവ്യാബാലന്‍ താണശബ്ദത്തില്‍ പാടുകയാണ്.
കാതുകളില്‍ ഒരു തെന്നലിന്‍റെ മധുരം പോലെ വന്നണഞ്ഞ, കുളിര്‍മഞ്ഞുപോലെ ശീതളിമ പകര്‍ന്ന ആ ഗാനം പൂര്‍ണ്ണമായി കേട്ടുകഴിഞ്ഞപ്പോഴാണ് ദിവ്യയോട് ആ പാട്ടിനെക്കുറിച്ച് ആരാഞ്ഞത്.
അത് ഹിന്ദിയിലെ ഒരു ആല്‍ബത്തിന് ഞാന്‍ പാടിയ ഡിവോഷണല്‍ സോംഗാണെന്നും ഇത് യൂ ട്യൂബിലുണ്ടെന്നും ദിവ്യ പറഞ്ഞു.
നിരവധി ആല്‍ബങ്ങള്‍ക്കുവേണ്ടിയും സിനിമയില്‍ പിന്നണിഗാനരംഗത്തും പാട്ടുകള്‍ ആലപിച്ച് ശ്രദ്ധേയയായി വരുന്ന ഗായിക ദിവ്യാബാലന്‍ 'നാന'യോട് സംസാരിക്കുന്നു.
ദിവ്യയുടെ ആലാപനരംഗത്തെ യാത്രയെക്കുറിച്ച്?
2017 മുതല്‍ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് ഞാന്‍ സജീവമായിട്ടുണ്ട്. നിരവധി സിനിമാഗാനങ്ങളുടെ ട്രാക്കുകളിലും ബാക്ക്ഗ്രൗണ്ട് സ്കോറിലും വിവിധ മ്യൂസിക് ആല്‍ബങ്ങളിലും ഭക്തിഗാന ആല്‍ബങ്ങളിലും പാടിയിട്ടുണ്ട്.
തെലുങ്ക് സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ 'നാനി' നായകനായ 'നിന്നുകോരി' എന്ന ചിത്രത്തിന്‍റെ ട്രെയിലറിനുവേണ്ടി പാടിയാണ് പിന്നണിഗാനരംഗത്തേക്കുള്ള എന്‍റെ ആദ്യ പ്രവേശനം.
തുടര്‍ന്ന്, ആദം ജോണ്‍, റോള്‍ മോഡല്‍സ്, ടിയാന്‍, ചങ്ക്സ്, ഉദാഹരണം സുജാത, രാമലീല, കായംകുളം കൊച്ചുണ്ണി, വിമാനം, പോക്കിരി സൈമണ്‍, പുലിമുരുകന്‍, പുള്ളിക്കാരന്‍ സ്റ്റാറാ, ലവകുശ, ഗൂഢാലോചന, അച്ചായന്‍സ്, ഹേയ് ജൂഡ്, മധുരമനോഹരമോഹം. തുടങ്ങി പതിനാറോളം മലയാള സിനിമകളില്‍ ബാക്ക് ഗ്രൗണ്ട് സ്കോറില്‍ പാടിയിട്ടുണ്ട്.
അന്യഭാഷകളിലെ ആലാപനത്തെക്കുറിച്ച്?
2023 ല്‍ പുറത്തിറങ്ങിയ 'ഐമ' എന്ന തമിഴ് സിനിമയ്ക്കുവേണ്ടി പാടിയിട്ടുണ്ട.് കൂടാതെ ആല്‍ബങ്ങള്‍ക്കുവേണ്ടി ഏതാനും മെലഡി സോംഗ്സും. ഹിന്ദിയില്‍ ഡിവോഷണല്‍ സോംഗും പാടിയിട്ടുണ്ട്.
പരസ്യചിത്രങ്ങള്‍ക്കുവേണ്ടിയോ?
പരസ്യചിത്രങ്ങള്‍ക്ക് വോയ്സ് ഡബ്ബിംഗ് ചെയ്തിട്ടുണ്ട്.
ഓ.. അപ്പോള്‍ പാട്ടും ഡബ്ബിംഗും ഒരേസമയം ചെയ്യുന്നുണ്ടല്ലെ..?
അതെ. അതുമാത്രവുമല്ല, ടെലിവിഷന്‍രംഗത്ത് റിയാലിറ്റിഷോകളിലും പങ്കെടുത്തിട്ടുണ്ട്. ഏഷ്യാനെറ്റ് പ്ലസ് ചാനല്‍ അവതരിപ്പിച്ചിരുന്ന സംഗീത മത്സരപരിപാടിയായ 'മ്യൂസിക്കല്‍ ചെയര്‍' എന്ന പ്രോഗ്രാമില്‍ കോളേജ് തലത്തില്‍ ഞാന്‍ വിന്നറായിരുന്നു. കൂടാതെ 'സീ കേരളം' ചാനല്‍ സംപ്രേഷണം ചെയ്തിരുന്ന 'സരിഗമപ' മലയാളം (സീസണ്‍ 2) എന്ന റിയാലിറ്റി ഷോയില്‍ ഗ്രാന്‍ഡ് ജൂറി മെമ്പര്‍ ആയിരുന്നു.
'ദിവ്യബാലന്‍ മ്യൂസിക്കല്‍' ഈ ചാനലിലൂടെ എന്‍റെ സ്വന്തം കമ്പോസിഷന്‍ ഗാനങ്ങളും കവര്‍ വേര്‍ഷനുകളും റിലീസ് ചെയ്യുന്നുണ്ട്. ഇന്‍സ്റ്റഗ്രാമിലും ഞാനെന്‍റെ പാട്ടുകള്‍ റിലീസ് ചെയ്യുന്നതിന് ഒഫീഷ്യല്‍ അക്കൗണ്ട് ആക്ടീവായി ഉപയോഗിക്കുന്നു.
സിനിമയുടെ മറ്റേതെങ്കിലും മേഖലയില്‍ പ്രവര്‍ത്തിക്കുവാന്‍ താല്‍പ്പര്യമാണോ? അഭിനയം ഇഷ്ടമാണോ?
അഭിനയത്തിനോട് ഇഷ്ടക്കുറവൊന്നുമില്ല. നല്ല കഥാപാത്രമൊക്കെ കിട്ടിയാല്‍ ഒന്നുനോക്കും. പാട്ടിനോടാണ് ഏറെ പ്രിയം.
ഈയടുത്ത് വിപിന്‍ വേണുഗോപാല്‍ സംവിധാനം ചെയ്യുന്ന 'കാറ്റര്‍പില്ലര്‍' എന്ന മിനി സിനിമയുടെ എക്സിക്യുട്ടീവ് ലൈന്‍ പ്രൊഡ്യൂസറാണ്. അതിന്‍റെ പ്രോജക്ട് ഡിസൈനറായ ജിനു വി. നാഥ് വഴിയാണ് ആ സിനിമയുമായി ബന്ധപ്പെടുന്നത്.
സ്ക്കൂള്‍, കോളേജ് യുവജനോത്സവങ്ങളിലൊക്കെ പങ്കെടുക്കുമായിരുന്നോ?
തീര്‍ച്ചയായും. ശാസ്ത്രീയസംഗീതം, ലളിത സംഗീതം, ഡാന്‍സ് തുടങ്ങിയവയ്ക്കെല്ലാം പങ്കെടുക്കുകയും ധാരാളം പുരസ്ക്കാരങ്ങള്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്.
പാട്ടും സംഗീതവുമൊക്കെ ദിവ്യയുടെ പാഷനാണോ?
അതെ. പാഷനാണ്. ഇപ്പോള്‍ അത് പ്രൊഫഷനുമാണ്. പാട്ടും സംഗീതവും പ്രൊഫഷനായി മാറ്റുന്നതിനായി മുംബൈയില്‍ എനിക്കുണ്ടായിരുന്ന ജോലി റിസൈന്‍ ചെയ്തിട്ട് കൊച്ചിയില്‍ തിരികെയെത്തിയ ആളാണ് ഞാന്‍. 'ജൂക്ക് ബോക്സ്' എന്നൊരു ഇന്‍ഡിപോപ്പ് മ്യൂസിക് ബാന്‍ഡില്‍ ലീഡ് സിംഗറായി ഞാന്‍ പ്രവര്‍ത്തിച്ചിരുന്നു. 2016 കാലഘട്ടത്തില്‍ നവംബറില്‍ നടന്ന കേരള ഫാഷന്‍ ലീഗ് ജൂക്ക് ബോക്സ് ബാന്‍ഡായിരുന്നു പെര്‍ഫോം ചെയ്തിരുന്നത്.
കുടുംബത്തെക്കുറിച്ച്?
എറണാകുളം എളമക്കര സ്വദേശിയായ പി. ബാലനാണ് എന്‍റെ അച്ഛന്‍. അമ്മ വൈക്കം സ്വദേശിയായ രുഗ്മിണി. ഒരു ചേച്ചിയുണ്ട്. പേര് ധന്യ. ഞാന്‍ വളരെ ചെറുപ്പത്തില്‍ തന്നെ സംഗീതത്തോട് അഭിരുചി പ്രകടിപ്പിച്ചിരുന്നുവെന്ന് അച്ഛനും അമ്മയും പറയാറുണ്ട്. ചേച്ചി ധന്യയെയും എന്നെയും അച്ഛനമ്മമാര്‍ കര്‍ണ്ണാടകസംഗീതം അഭ്യസിപ്പിക്കുന്നതിനായി ഗുരു പൂവില്ലത്ത് കൃഷ്ണന്‍ മൂസത് എന്ന സംഗീത അദ്ധ്യാപകന്‍റെ കീഴില്‍ സംഗീതപഠനത്തിനായി ചേര്‍ത്തിരുന്നു.
വിവാഹിതയാണോ?
അതെ. ഭര്‍ത്താവ് രഞ്ജിത് വിജയന്‍, അദ്ദേഹം ഐ.ടി ഫീല്‍ഡിലാണ്.
ഭാവിയിലും സംഗീതരംഗത്ത് തന്നെ തുടരുക എന്നതാണോ ലക്ഷ്യം?
സംഗീതമെ ജീവിതം എന്ന എന്‍റെ സ്വപ്നസാക്ഷാത്കാരത്തിന്‍റെ ഭാഗമായി ഇന്‍ഡിപെന്‍ഡന്‍റ് മ്യൂസിക് റിലീസ് ചെയ്യുന്നതിനായി എന്‍റെ സ്വന്തം ബാന്‍റായ 'Divya Balan Live' എന്ന സ്വപ്നപദ്ധതിയുടെ പണിപ്പുരയിലാണ് ഞാനിപ്പോള്‍. അതോടൊപ്പം തന്നെ കര്‍ണ്ണാടക സംഗീതക്കച്ചേരികളിലും ശ്രദ്ധ നേടുന്നതിനായി പരിശീലനം നടത്തിവരുന്നു.