മലയാളസിനിമയില്‍ മുഖഐശ്വര്യമുള്ള ചേതോഹരിയായ ഒരു പെണ്‍കുട്ടിയായാണ് ശാന്തികൃഷ്ണ വര്‍ഷങ്ങള്‍ക്കുമുമ്പ് കടന്നുവന്നത്. അതിന് നിമിത്തമായത് ഭരതന്‍ സംവിധാനം ചെയ്ത 'നിദ്ര' എന്ന ചിത്രമായിരുന്നു. തുടര്‍ന്ന് പല ചിത്രങ്ങളിലും ശാന്തികൃഷ്ണ നായികയായി തുടര്‍ന്നു. അതിനിടയിലാണ് ശാന്തി നടന്‍ ശ്രീനാഥുമായി പ്രണയത്തിലാകുന്നതും വിവാഹത്തിലെത്തുന്നതും. ആ ബന്ധത്തിന് പക്ഷേ കൂടുതല്‍ ആയുസ്സുണ്ടായിരുന്നില്ല. രണ്ടുപേരും ഇരുവഴിക്ക് പിരിഞ്ഞു. തുടര്‍ന്ന് ശാന്തികൃഷ്ണ ചലച്ചിത്രജീവിതത്തില്‍ നിന്നകന്ന് മൗനജീവിതത്തില്‍ ഒതുങ്ങി. കാലം പിന്നിട്ടപ്പോള്‍ ആ നിശ്ശബ്ദതയെ തകര്‍ത്തുകൊണ്ട് ശാന്തികൃഷ്ണ വീണ്ടും ചലച്ചിത്രരംഗത്ത് സജീവമാകുകയായിരുന്നു. രണ്ടാം വരവില്‍ ശാന്തി, നിവിന്‍പോളി ഉള്‍പ്പെടെയുള്ള നടന്മാരുടെ അമ്മവേഷം ചെയ്ത് ശ്രദ്ധേയയായി. ഇവിടെ ശാന്തികൃഷ്ണ 'നാന'യ്ക്കുവേണ്ടി മനസ്സുതുറക്കുന്നു.
ബാംഗ്ലൂരില്‍ നിന്ന് ശാന്തികൃഷ്ണ കൊച്ചിയില്‍ സെറ്റില്‍ ചെയ്തിരിക്കുന്നു എന്ന വാര്‍ത്തയാണ് കേള്‍ക്കുന്നത്. എന്താണ് പെട്ടെന്ന് അങ്ങനെ ഒരു തീരുമാനമെടുക്കാനുള്ള കാരണം?
കൊച്ചിയില്‍ ഒരു ദിവസത്തെ ഷൂട്ട് മാത്രമേ ഉള്ളൂ എങ്കില്‍പ്പോലും എനിക്ക് മൂന്നുദിവസം ഒക്കെ പോകാറുണ്ട്. കാരണം ബാംഗ്ലൂരില്‍ നിന്ന് ഇങ്ങോട്ടേയ്ക്കുള്ള യാത്രയ്ക്ക് തന്നെ സമയമെടുക്കുന്നതാണല്ലോ. പിന്നെ എന്‍റെ രണ്ട് മക്കളും യു.എസില്‍ സ്ഥിരതാമസക്കാരാണ്. ഞാന്‍ അവിടെ ഒറ്റയ്ക്കാണ്. ഷൂട്ട് ഇവിടെ ആണല്ലോ. അതുകൊണ്ട് ഇങ്ങോട്ട് വരാമെന്ന് വിചാരിച്ചു. ഞാന്‍ വലിയ ആഡംബര വീട്ടിലാണ് കൊച്ചിയില്‍ താമസിക്കുന്നത് എന്നുള്ള വാര്‍ത്തകള്‍ ഒക്കെ കേട്ടിരുന്നു. അതൊന്നും സത്യമല്ല. ഞാന്‍ എനിക്ക് വളരെ പോസിറ്റീവ് ആയി തോന്നിയ ഒരു വീട് തെരഞ്ഞെടുത്തു എന്നേയുള്ളൂ.

ജീവിതത്തില്‍ ഒട്ടും ക്ഷമ ഇല്ലാത്ത ആളാണ് ശാന്തികൃഷ്ണ എന്ന് കേട്ടിട്ടുണ്ട്. ശരിയാണോ?
എന്‍റെ മക്കള്‍ എപ്പോഴും എന്നോട് പറയുന്നത്, അമ്മയുടെ പേര് മാത്രമേ ശാന്തി എന്നുള്ളൂ. അമ്മയ്ക്കൊട്ടും ശാന്തിയില്ല എന്ന്. ഞാനെപ്പോഴും ഹൈപ്പര്‍ ആണ് എന്ന് എന്‍റെ മക്കള്‍ പറയും. സമയത്തെ ഞാന്‍ ശരിയായി വളരെ കൃത്യമായി വിനിയോഗിക്കണം എന്ന് ആഗ്രഹിക്കുന്ന ആളാണ്. രണ്ടുമണിക്ക് ഉള്ള സിനിമയ്ക്ക് പോകണമെങ്കില്‍ ഞാന്‍ 12 മണിക്ക് തന്നെ വീട്ടില്‍ നിന്ന് ഇറങ്ങും. സിനിമയുടെ ആദ്യത്തെ സീന്‍പോലും എനിക്ക് മിസ്സ് ആക്കാന്‍ പറ്റില്ല. ചെറുപ്പം മുതലേ ഉള്ള ശീലമാണ്. മുംബൈയില്‍ ഒക്കെ വളര്‍ന്നതുകൊണ്ട് അവിടെ ഭയങ്കര തിരക്കുള്ള ജീവിതമാണല്ലോ. എല്ലാറ്റിനും ധൃതിയാണ്. മക്കള്‍ക്ക് നല്ല ശാന്തിയാണ്.