NEWS

അഭിനയം പഠിക്കാനായിത്തന്ന അതേ സപ്പോര്‍ട്ട് തന്നെ അഭിനേത്രിയായി നില്‍ക്കുമ്പോഴും വീട്ടുകാര്‍ എനിക്ക് തരുന്നു.... -Garggi Ananthan

News

നാരായണീന്‍റെ മൂന്നാണ്‍മക്കള്‍ എന്ന ചിത്രത്തിലെ ആതിര എന്ന കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിച്ച് അഭിനന്ദനങ്ങള്‍ സ്വന്തമാക്കിയ ഗാര്‍ഗിയുടെ വിശേഷങ്ങള്‍.

ഡ്രാമാ സ്ക്കൂള്‍ ജീവിതം

ചെറുപ്പത്തില്‍ സ്ക്കൂളില്‍ നാടകങ്ങള്‍ ചെയ്തിട്ടുണ്ട്. പക്ഷേ, അപ്പോഴൊന്നും ഇതാവും കരിയര്‍ എന്നൊരു ആലോചന ഇല്ലായിരുന്നു. പ്ലസ് ടു കഴിഞ്ഞ് കോഴ്സുകളെക്കുറിച്ചൊക്കെ അന്വേഷിച്ചു. ആദ്യലക്ഷ്യം കാനഡയായിരുന്നു. പക്ഷേ, പാസ്പോര്‍ട്ട് കിട്ടാന്‍ കുറച്ച് വൈകി. ആ സമയത്താണ് ഡ്രാമ സ്ക്കൂളിന്‍റെ പരസ്യം വന്നത്. അച്ഛനത് ശ്രദ്ധിച്ചു. അവിടെ എത്തിയപ്പോള്‍ എനിക്ക് മനസ്സിലായി. എന്‍റെ വഴി അതുതന്നെയായിരുന്നു എന്ന്. സ്ക്കൂളില്‍ നാടകത്തില്‍ അഭിനയിച്ചിരുന്നെങ്കിലും ഞാനൊരു നാടകം പോലും കണ്ടിരുന്നില്ല. അവിടെ ആദ്യം കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. പെണ്‍കുട്ടികള്‍ തീരെ കുറവായ സമയത്താണ് ഞാന്‍ അവിടെ എത്തുന്നത്. ഹോസ്റ്റലില്‍ കയറാനുള്ള സമയം ആദ്യം ആറരയായിരുന്നു. നാടകം പഠിക്കുക എന്നുപറയുമ്പോള്‍ അത് ആറരയ്ക്ക് തീരുന്ന സമയമല്ലല്ലോ.

പിന്നീട് കാനഡയില്‍ നടക്കുന്ന പ്രോഗ്രാമുകളിലൊന്നും പങ്കെടുക്കാന്‍ കഴിയാത്ത അവസ്ഥ. ഞങ്ങളുടെ ബാച്ചിലെ ആണ്‍കുട്ടികള്‍ പുറത്തിറങ്ങി വര്‍ക്ക് ചെയ്യുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് അത് സാധിക്കാത്ത അവസ്ഥ. ഇങ്ങനെ സംഭവിച്ചപ്പോള്‍ നിരാശ തോന്നിയെങ്കിലും പിന്നീടത് മാറി. ഞങ്ങളുടെ ജീവിതവുമായി അവിടെയുള്ളവരും തിരിച്ചും പിന്നീട് യൂസ്സ് ആയി. ഇപ്പോള്‍ അത്തരം കാര്യങ്ങളൊക്കെ മാറി. പിന്നീട് പോണ്ടിച്ചേരി സര്‍വ്വകലാശാലയില്‍ പെര്‍ഫോമിംഗ് ആര്‍ട്സില്‍ ഞാന്‍ പി.ജി ചെയ്തു. പെര്‍ഫോമിംഗ് ആര്‍ട്സ് പഠിച്ചത് എനിക്ക് പ്രയോജനപ്പെട്ടത് അത് അഭിനയത്തെ ടെക്നിക്കലി കുറേയധികം സഹായിക്കും എന്ന രീതിയിലാണ്.

ഓര്‍ക്കാപ്പുറത്തെത്തിയ റണ്‍ കല്യാണി

പഠനശേഷം എന്ത് എന്നതിനെക്കുറിച്ച് അന്ന് യാതൊരു പ്ലാനും മനസ്സില്‍ ഇല്ലായിരുന്നു. ഡെസര്‍ട്ടേഷന്‍ നല്‍കുന്നതിന് മുമ്പ് തന്നെ ഗീത ജെ സംവിധാനം ചെയ്ത റണ്‍ കല്യാണി എന്ന സിനിമയിലേക്ക് എത്തിയിരുന്നു. ഒരുപാട് ഫെസ്റ്റിവലുകളില്‍ ഈ സിനിമ പ്രദര്‍ശിപ്പിച്ചു. ന്യൂയോര്‍ക്കിലും യെല്ലോ സ്റ്റോണ്‍ ഇന്‍റര്‍നാഷണലിലും മികച്ച നടിക്കുള്ള രണ്ട് പുരസ്ക്കാരങ്ങള്‍ ലഭിച്ചു. മികച്ച നിരൂപക പ്രശംസയും ചിത്രം സ്വന്തമാക്കി. ഈ സിനിമയ്ക്ക് മുമ്പേ കെ. ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെയും മറ്റും ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനയിച്ചിരുന്നു. അതുകൊണ്ട് ആദ്യചിത്രത്തില്‍ പരിചിതത്വമൊന്നും തോന്നിയില്ല. ആദ്യസിനിമയുടെ ഡി.ഒ.പി മധുനീലകണ്ഠനായിരുന്നു. അദ്ദേഹം എന്നെ ഒരുപാട് സഹായിച്ചു. ക്യാമറയുടെ പിന്നിലുള്ള ആളോട് നമുക്ക് വരുന്ന വിശ്വാസം എന്‍റെ പണി വളരെ എളുപ്പമാക്കി.

മേല്‍വിലാസമായ ഭാനുമതി

കെ.പി. കുമാരന്‍ സാര്‍ സംവിധാനം ചെയ്ത ഗ്രാമവൃക്ഷത്തിലെ കുയില്‍ ആണ് കല്യാണിക്ക് ശേഷം ചെയ്ത സിനിമ. ആശാന്‍റെ പത്നി ഭാനുമതിയുടെ വേഷം ചെയ്യാന്‍ സാധിച്ചത് വ്യത്യസ്തമായ അനുഭവമായിരുന്നു. ഷൂട്ടിംഗിന് മുമ്പ് ആശാന്‍റെ ജീവിതത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു. തിരുവനന്തപുരത്തെ കുമാരനാശാന്‍ മ്യൂസിയത്തിലൊക്കെ അതിനായി പോയി. ഓരോ സീനിന് മുന്നിലും സംവിധായകന്‍ എന്താണ് വേണ്ടതെന്ന് കൃത്യമായി വിവരിച്ചുതരും, ചെയ്തുവന്നപ്പോള്‍ ആ വേഷം നന്നായി വന്നു. നോര്‍മല്‍, ഏകന്‍ അനേകന്‍, വടക്കന്‍, ചേര എന്നിവയാണ് ഞാന്‍ ചെയ്ത മറ്റ് സിനിമകള്‍.

വീട്ടുകാര്‍ അന്നും ഇന്നും കൂടെ

അഭിനയം പഠിക്കാനായിത്തന്ന അതേ സപ്പോര്‍ട്ട് അഭിനേത്രിയായി നില്‍ക്കുമ്പോഴും വീട്ടുകാര്‍ എനിക്ക് തരുന്നു. അച്ഛന്‍ അനന്തന്‍ സൊമാലിയയിലാണ് ജോലി ചെയ്യുന്നത്. അമ്മ മേരിയാന്‍. തിരുവനന്തപുരത്താണ് കുടുംബവീട്. ഞാനും പാര്‍ട്ണര്‍ അജയ് ഉദയനും എറണാകുളത്താണ്. അജയ് തീയേറ്റര്‍ ആര്‍ട്ടിസ്റ്റാണ്. പുതിയ പ്രോജക്ടുകളെക്കുറിച്ച് പറയാറായിട്ടില്ല. കുറച്ച് തിരക്കഥകള്‍ വായിക്കുകയാണിപ്പോള്‍. എന്തായാലും മനസ്സില്‍ അഭിനയം മാത്രമേയുള്ളൂ. അത് ഏത് പ്ലാറ്റ്ഫോമായാലും ഞാന്‍ ഹാപ്പിയാണ്.

 


LATEST VIDEOS

Interviews