NEWS

അച്ഛന്‍ പറയാറുള്ളത്, എനിക്ക് പറ്റിയ ഒരു പെണ്ണിനെത്തന്നെയാണ് കിട്ടിയതെന്നാണ്... -ശ്രീജിത്ത് രവി

News

വിവിധവും വ്യത്യസ്തവുമായ കഥാപാത്രങ്ങളെ എന്നെന്നും അനുസ്മരണീയനാക്കിയ ടി.ജി. രവിയുടെ മകനും അഭിനേതാവുമായ ശ്രീജിത്ത് രവിക്കൊപ്പം....

സ്‌ക്കൂളില്‍ നിന്നും കോളേജില്‍ നിന്നും ജോലി സ്ഥലത്തുനിന്നും ഒക്കെ പൊട്ടിമുളച്ച കഥകള്‍ ഒരുപാട് കേട്ടിട്ടുണ്ട്. പക്ഷേ ആദ്യമായാണ് ഹോസ്പിറ്റലില്‍നിന്ന് ഉണ്ടായ ഒരു നായകകഥ കേള്‍ക്കുന്നത്... എങ്ങനെയായിരുന്നു അത്?

ശ്രീജിത്ത്: ഞങ്ങള്‍ ആദ്യം കാണുന്നത് ഞങ്ങളുടെ ഒരു സുഹൃത്തിന്റെ എന്‍ഗേജ്‌മെന്റ് ഫങ്ഷനില്‍ വച്ചാണ്. എനിക്ക് അപ്പോള്‍ ഒരു 29 വയസ്സ് ഒക്കെ പ്രായം കാണും. എനിക്ക് അന്ന് വീട്ടില്‍ കല്യാണാലോചനകള്‍ ഒക്കെ നോക്കുന്നുണ്ടായിരുന്നു. എന്റെ അമ്മ ഓരോ പരിപാടികള്‍ക്കും വരുന്ന സുന്ദരികളായ പെണ്‍കുട്ടികളെ നോക്കുന്നുണ്ടായിരുന്നു. കൂടെ ഞാനും. ആ സമയത്താണ് ഫംഗ്ഷനില്‍ നല്ല  ധാവണിയൊക്കെ ഉടുത്ത് ഒരു സുന്ദരിയായ ഒരു പെണ്‍കുട്ടിയെ കാണുന്നത്. അമ്മയാണ് ഇവളെക്കുറിച്ച് ആദ്യം അന്വേഷിക്കുന്നത്. പിന്നീട് ഞങ്ങള്‍ക്ക് സംസാരിക്കാന്‍ അവസരം കിട്ടി. ഒരിക്കല്‍ അവളുടെ കോളേജിലെ ഒരു പരിപാടിക്ക് എന്നെ വിളിച്ചിരുന്നു. ഇവളാണ് വിളിച്ചത്. അന്ന് പരിപാടിക്ക് വരാന്‍ കഴിഞ്ഞില്ലെങ്കിലും ഞങ്ങള്‍ ഞങ്ങളുടെ കോളിംഗ് തുടര്‍ന്നു. അതാണ് ഉണ്ടായത്. പക്ഷേ ഫോണിലൂടെയുള്ള സംസാരം എന്നല്ലാതെ ഞങ്ങള്‍ നേരില്‍ കണ്ടിരുന്നില്ല. കണ്ടത് ഒരു ആശുപത്രിയില്‍ വച്ചാണ്. ഇവള്‍ അന്ന് ഹോസ്റ്റലില്‍ ആയിരുന്നു. അതുകൊണ്ട് പുറത്തേക്ക് ഒന്നും ഇറങ്ങാന്‍ പറ്റിയിരുന്നില്ല. തൃശൂര്‍ വരുമ്പോള്‍ നേരില്‍ കാണാം എന്നായിരുന്നു പ്ലാന്‍. എന്റെ മനസ്സില്‍ വേറെ ഒരു ഐഡിയ ഉണ്ടായിരുന്നുവെങ്കിലും ഇവള്‍ ഹോസ്പിറ്റലില്‍ വരും എന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ അങ്ങനെ എന്ന് കരുതി. ഒരു രീതിയിലും പ്രണയത്തിന് സാധ്യതയില്ലാത്ത ഒരു സ്ഥലത്തായിരുന്നു ഞങ്ങള്‍ കണ്ടുമുട്ടിയത്. ഇപ്പോള്‍ ഒരുമിച്ചുജീവിക്കാന്‍ തുടങ്ങിയിട്ട് ഇരുപത് വര്‍ഷം.

നിങ്ങളില്‍ ആരാണ് വീട്ടില്‍ ഏറ്റവും കൂടുതല്‍ ദേഷ്യപ്പെടാറുള്ളത്?

ശ്രീജിത്ത്: അത് സജിത തന്നെയാണ്. ഇന്നലെ രാത്രികൂടെ എന്നോട് ദേഷ്യപ്പെട്ടേയുള്ളു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുറവാണ്. എനിക്കാണ് മുന്‍ശുണ്ഠിയും ദേഷ്യവും എന്നാണ് ആളുകള്‍ പറയാറുള്ളത്. പക്ഷേ ഇവള്‍ ആണെങ്കില്‍ ഏത് നേരവും ചിരിച്ചുകൊണ്ടിരിക്കും. എന്നാല്‍ വലിയ ദേഷ്യക്കാരിയാണ്. ഇവളുടെ ദേഷ്യത്തിന്റെ ഗ്രാഫ് ഉയര്‍ന്നതും എന്റെ ഗ്രാഫ് താഴ്ന്നതും ഞങ്ങളുടെ ജീവിതത്തില്‍ ഒരുമിച്ചായിരുന്നു. അച്ഛന്‍ പറയാറുണ്ട്, എനിക്ക് പറ്റിയ ഒരു പെണ്ണിനെത്തന്നെ കിട്ടിയെന്ന്.

നിങ്ങളില്‍ ആരാണ് ഏറ്റവും കൂടുതല്‍ വിമര്‍ശിക്കാറുള്ളത്?

സജിത: ഞങ്ങള്‍ രണ്ടുപേരും വിമര്‍ശിക്കാറുണ്ട്. അതിപ്പോള്‍ കുക്കിംഗ് മോശം ആണെങ്കില്‍ പോലും മുഖത്ത് നോക്കി അങ്ങനെ തന്നെ പറയും. അതുപോലെ ഒരാളെ ഇഷ്ടം അല്ലെങ്കില്‍ ഇഷ്ടമല്ല എന്ന് എന്റെ ഭാവത്തില്‍ നിന്നും തന്നെ മനസ്സിലാക്കാന്‍ സാധിക്കും. പക്ഷേ ശ്രീജിത്ത് ഏട്ടന്‍ അതില്‍ കുറച്ചു ഡിപ്ലോമസിയൊക്കെ കാണിക്കാറുണ്ട്. എനിക്ക് അങ്ങനെ ഇല്ല. അഭിനയം മോശം ആണെങ്കില്‍ ഞാന്‍ മോശമാണ് എന്നുതന്നെ പറയും. ചിലപ്പോള്‍ അത് ചെറിയ പിണക്കങ്ങളില്‍ ഒക്കെ കലാശിച്ചേക്കാം. എന്നാലും പറയേണ്ടത് മുഖത്ത് നോക്കി പറയും. ഞങ്ങള്‍ രണ്ടുപേരും അക്കാര്യത്തില്‍ ഒരേപോലെയാണ്. ഞങ്ങള് രണ്ടുപേരും തുടക്കം മുതലെ അങ്ങനെ തന്നെയായിരുന്നു എന്നുവേണം പറയാന്‍. അല്ലാതെ ദാമ്പത്യത്തിലേക്ക് കടന്നതിനുശേഷം അല്ല.

പരാജയപ്പെടും എന്ന് ഉറപ്പുണ്ടായിട്ടും ഒരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ട് എങ്കില്‍ അത് ഏത് സിനിമ ആയിരിക്കും?

ശ്രീജിത്ത്: എനിക്ക് ഒന്നും പരാജയപ്പെടും എന്ന് ഉറപ്പ് ഒന്നുമില്ല. എനിക്ക് എല്ലാറ്റിലും നല്ല പോസിറ്റീവ് പ്രതീക്ഷയാണ്. കഥ കേള്‍ക്കുമ്പോഴോ കഥാപാത്രത്തിന്റെ വിവരണം കേട്ടോ ഞാന്‍ ഭയങ്കര പോസിറ്റീവ് ആകും.

പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടെ നില്‍ക്കാതിരുന്ന സുഹൃത്തുക്കള്‍ ജീവിതത്തില്‍ ഏതെങ്കിലും ഒരു പോയിന്റില്‍ ഉണ്ടായിട്ടുണ്ടോ?

ശ്രീജിത്ത്: ഉണ്ടായിട്ടുണ്ട്. ശരിക്കും അങ്ങനെയുള്ള അവസരങ്ങളില്‍ ആണ് നമ്മുടെ യഥാര്‍ത്ഥ സുഹൃത്തുക്കളെ നമ്മള്‍ക്ക് മനസ്സിലാവുക. പക്ഷേ ഒരിക്കലും പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ നിന്നും വലിയ രീതിയിലുള്ള ഒരു സപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്. അതും എനിക്ക് സംഭവിച്ചിട്ടുണ്ട്. ചില കുഴപ്പങ്ങള്‍ പറ്റുമ്പോള്‍ ചില നല്ല കാര്യങ്ങളും ഒരുപോലെ സംഭവിച്ചിട്ടുണ്ട്.

അച്ഛന്‍ എന്ന നടനെ എങ്ങനെ മനസ്സിലാക്കുന്നു?

ശ്രീജിത്ത്: എനിക്കും ചേട്ടനും ആദ്യം അച്ഛന്‍ ആണ്. അതിനുശേഷമാണ് ഒരു ആക്ടര്‍ എന്ന സ്ഥാനത്തേക്ക് വരുന്നുള്ളൂ. അച്ഛന്‍ സിനിമയില്‍ ഒരു ജോലി ചെയ്യുന്ന ആളാണ്. എന്നാല്‍ വീട്ടിലേക്ക് വരുമ്പോള്‍ അച്ഛന്‍ നൂറുശതമാനം അച്ഛനാണ്. അച്ഛന്‍ ചെയ്ത കഥാപാത്രങ്ങള്‍ കണ്ടിട്ട് പേടിച്ച കഥകള്‍ പറയാറുണ്ട്. ഞങ്ങള്‍ക്ക് അച്ഛന്‍ എന്നത് ഒരു സന്തോഷത്തിന്റെ കേന്ദ്രമാണ്. ഒരുപാടുസമയം അച്ഛനോട് ചെലവഴിക്കാന്‍ സാധിച്ചില്ല എങ്കിലും അച്ഛനോട് ഞങ്ങള്‍ രണ്ടുമക്കള്‍ക്കും വലിയ അടുപ്പമാണ്.
സജിത: ഞങ്ങള്‍ മുന്നേ തന്നെ കണ്ടിട്ടുണ്ട്. ശരിക്കും ഞങ്ങള്‍ ബന്ധുക്കളാണ്. പഴയകാലത്തെ സിനിമകള്‍ ഞാന്‍ അധികം കണ്ടിട്ടില്ലെങ്കിലും അദ്ദേഹത്തിലെ  വലിയ നടനെ ഞാന്‍ ബഹുമാനത്തോടെ തന്നെ നോക്കി കാണാറുണ്ട്.

 


LATEST VIDEOS

Interviews