മലയാള സിനിമയില്‍ നിരവധി വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് വേഷപ്പകര്‍ച്ച നല്‍കിയ ഒരു നടനാണ് പ്രതാപചന്ദ്രന്‍. സൗമ്യനും നല്ല ചിരിയുടെ ഉടമയുമായിരുന്നു പ്രതാപചന്ദ്രനെങ്കിലും വില്ലന്‍ കഥാപാത്രങ്ങളുടെ പ്രതാപവും പ്രൗഢിയുമായി അദ്ദേഹം മലയാള സിനിമയില്‍ കുറെകാലം വാണിരുന്നു. ഇന്നിപ്പോള്‍ അദ്ദേഹത്തിന്‍റെ മകള്‍ പ്രതിഭ പ്രതാപ് മലയാള സിനിമയിലേക്ക് വന്നിട്ടുണ്ട്.
അടൂരിലും പരിസരങ്ങളിലുമായി ചിത്രീകരണം നടക്കുന്ന 'കിറ്റ് ക്യാറ്റാ'ണ് പ്രതിഭയുടെ പ്രഥമ സിനിമ. തമിഴ്നടന്‍ അര്‍ജുനൊപ്പം ഒരു തമിഴ് സിനിമയിലും അഭിനയിച്ചു കഴിഞ്ഞിരിക്കുന്നു. 'എന്നും എനിക്കൊപ്പം' എന്നൊരു ഷോര്‍ട്ട് ഫിലിമില്‍ ഈയടുത്ത് അഭിനയിച്ചു കൊണ്ടായിരുന്നു പ്രതിഭ ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയത്. പ്രതാപചന്ദ്രന്‍ മലയാള സിനിമയില്‍ സജീവമായി നില്‍ക്കുന്ന കാലത്ത് പ്രതിഭയ്ക്കും സിനിമ മോഹങ്ങളുണ്ടായിരുന്നു. എന്നാല്‍, ആ സമയത്തൊന്നും പ്രതിഭയെ സിനിമയിലേയ്ക്കടുപ്പിക്കാന്‍ പ്രതാപചന്ദ്രന്‍ താല്‍പര്യം കാണിച്ചിരുന്നില്ല.
ഇപ്പോള്‍ സിനിമയില്‍ അഭിനയിച്ചു തുടങ്ങിയ പ്രതിഭ പ്രതാപചന്ദ്രനോട് ഏതാനും ചോദ്യങ്ങള്‍
അഭിനയിക്കാനുള്ള ഇഷ്ടം പണ്ടേ ഉണ്ടായിരുന്നു അല്ലെ...?
'അതെ. അഭിനയിക്കാനുള്ള താല്പര്യം ചെറുപ്പകാലം മുതലെ ഉണ്ടായിരുന്നു. പക്ഷേ അന്നൊന്നും നടന്നില്ല... ഇപ്പോഴാണ് നടക്കുന്നത്.
സ്കൂള്‍ കോളേജ് കാലഘട്ടത്തില്‍ സ്റ്റേജ് പെര്‍ഫോമന്‍സ് ഉണ്ടായിരുന്നോ?
ഉണ്ടായിരുന്നു. സ്കൂളില്‍ പഠിക്കുമ്പോള്‍ ധാരാളം സ്റ്റേജ് പ്രോഗ്രാം ഞാന്‍ ചെയ്തിട്ടുണ്ട്. കുഴപ്പമില്ലാതെ എനിക്ക് സല്‍പ്പേര് കിട്ടിയിട്ടുണ്ട്.
ബാല്യകാലത്ത് അച്ഛന്‍റെ സപ്പോര്‍ട്ട് എങ്ങനെയായിരുന്നു..?
സ്കൂള്‍ കാലഘട്ടത്തില്‍ അച്ഛന്‍റെ സപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ സിനിമയില്‍ അഭിനയിക്കുന്നതില്‍ അച്ഛന് ഒട്ടും താല്പര്യമില്ലായിരുന്നു. അച്ഛനെന്നല്ല, വീട്ടില്‍ ആര്‍ക്കും ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നതില്‍ താല്പര്യമുണ്ടായിരുന്നില്ല. പിന്നെ, പ്രോത്സാഹനത്തിന്‍റെ കാര്യം പറയേണ്ടതില്ലല്ലോ....
അച്ഛന്‍റെ സിനിമകളെക്കുറിച്ച് പറയുമോ? ഇഷ്ടപ്പെട്ട കഥാപാത്രങ്ങള്‍....?
അച്ഛന്‍ അഭിനയിച്ച സിനിമകളില്‍ കോട്ടയം കുഞ്ഞച്ചനാണ് ഏറ്റവും ഇഷ്ടം. പിന്നെ ഒരു സിബിഐ ഡയറിക്കുറിപ്പ്, മുത്തോട് മുത്ത്, മനു അങ്കിള്‍, ലിസ തുടങ്ങിയ സിനിമകള്‍ ഇഷ്ടമാണ്. തമിഴില്‍ അഭിനയിച്ച മന്നന്‍, പാണ്ഡ്യന്‍, വരുമയില്‍ നിറം ചുവപ്പ്, നന്‍പര്‍കള്‍ തുടങ്ങിയ സിനിമകളിലും എനിക്കിഷ്ടമാണ്.
അച്ഛന്‍ അഭിനയിക്കുന്ന സിനിമാസെറ്റുകളില്‍ പോകാറുണ്ടായിരുന്നോ..?
അച്ഛന്‍റെ സിനിമാ സെറ്റുകളിലൊന്നും ഞാന്‍ പോകാറില്ലായിരുന്നു. ആകെ ഒരേയൊരു സെറ്റില്‍ മാത്രം പോയിട്ടുണ്ട്. അത് തമിഴ് സിനിമയായ പാണ്ഡ്യന്‍റെ സെറ്റില്‍. അതില്‍ രജനികാന്തായിരുന്നു ഹീറോ. ഞാന്‍ രജനിയുടെ വലിയ ഫാനായിരുന്നതുകൊണ്ട് ആ സെറ്റില്‍ മാത്രം കൊണ്ടുപോയിട്ടുണ്ട്. അത്രമാത്രം.