ഏതൊരു മലയാളിയെപ്പോലെയും ഓണക്കാലം ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് അന്നും ഇന്നും. പക്ഷേ പണ്ടുണ്ടായിരുന്ന എക്സൈറ്റ്മെന്‍റ് ഇപ്പോള്‍ ഉണ്ടോ എന്നുചോദിച്ചാല്‍ അതില്ലെന്ന് പറയേണ്ടിവരും. പിന്നെ എപ്പോഴും ഓര്‍മ്മകള്‍ക്ക് ആണല്ലോ സൗന്ദര്യം കൂടുതല്‍. ഓണക്കാലത്ത് പണ്ട് ആസ്വദിച്ച പലതും ഇന്ന് എന്‍ജോയ് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന കുഞ്ഞുസങ്കടവും കൂടെയുണ്ട്. ഇപ്പോള്‍ സിനിമയുടെ ഭാഗമാണ്. നമ്മള്‍ ജോലി എടുക്കുന്ന ഇന്‍ഡസ്ട്രിയിലെ ഏറ്റവും തിരക്കുള്ള സീസണ്‍ കൂടിയാണ് ഓണക്കാലമെന്നുള്ളത് ഇപ്പോഴത്തെ മറ്റൊരു സന്തോഷം കൂടിയാണ്. ഒരുപാട് നല്ല സിനിമകളുടെ ഒരു മത്സരമായിരിക്കും തിയേറ്ററുകളില്‍. അത് മനസ്സിന് സന്തോഷം നല്‍കുന്ന ഒന്നാണ്. ഒന്നാം ഓണവും രണ്ടാം ഓണവുമല്ല മറിച്ച് മൂന്നാം ഓണവും നാലാം ഓണവുമായിരുന്നു ഒരു കാലത്ത് ഏറ്റവും തിരക്ക് പിടിച്ചു ഓടിയിരുന്നെന്ന് പറഞ്ഞുകൊണ്ട് ഹരിശങ്കര്‍ ഓണം ഓര്‍മ്മയില്‍ മുഴുകി.
മുണ്ട് ഉടുക്കാന്‍ ഫ്രീഡമുള്ള ഓണക്കാലം
ഓണം എന്നോര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍ വരുന്നത് വര്‍ഷത്തില്‍ ഒരിക്കല്‍ മുണ്ട് എടുക്കാന്‍ കഴിയുന്ന ഒരു ദിവസം അതായിരുന്നു കുഞ്ഞുന്നാളിലെ ഏറ്റവും വലിയ സന്തോഷം. വലിയ ചേട്ടന്മാരെ പ്പോലെ മുണ്ട് ഉടുത്തുപോകുമ്പോള്‍ ഒരു ഗമയാണ്. കസിന്‍സും ഞാനുമെല്ലാം അന്ന് മുണ്ട് ഉടുത്ത് തറവാട്ടിലേക്ക് പോകും. സ്ക്കൂളിലാണെങ്കിലും ഓണം സെലിബ്രേഷന്‍ നടക്കുമ്പോള്‍ മുണ്ട് ഉടുത്തുപോവാം.
ഓണക്കളികള്‍
ഒന്നാം ഓണവും തിരുവോണവുമെല്ലാം വീട്ടുകാരുടെയും കസിന്‍സിന്‍റെയും കൂടെയാണ് ആഘോഷിക്കാറുള്ളത്. പക്ഷേ എനിക്കേറ്റവും പ്രിയപ്പെട്ടത് മൂന്നാം ഓണവും നാലാം ഓണവുമാണ്. നാട്ടിലെ എല്ലാവരും കൂടിച്ചേരുന്ന ഒരു പ്രോഗ്രാമാണ്. ഒരുപാട് ഗെയിംസ് എല്ലാം ഉണ്ടാവും. സൈക്കിള്‍ സ്ലോ റൈസ്, വെള്ളംകുടി മത്സരം, കബഡി, ഖൊ ഖൊ തുടങ്ങി പലതരം മത്സരങ്ങളുണ്ടാവും. കഴ കയറ്റം എന്നൊരു ഐറ്റം ഉണ്ട്. വലിയ കഴയില്‍ മുട്ട, ഗ്രീസ് തുടങ്ങിയ തേച്ച് പിടിപ്പിച്ച് അതില്‍ കയറണം. പണ്ട് ഞാന്‍ കയറി മുകളില്‍ നിന്ന് പ്രൈസ് എടുത്തിട്ടുണ്ട്. ചിലപ്പോള്‍ മുകളില്‍ നൂറു രൂപയുടെ നോട്ട് ആയിരിക്കും. ഒരു തവണ എനിക്കതില്‍ ഒന്നാം സ്ഥാനം കിട്ടിയിട്ടുണ്ട്. പിന്നീട് ഒരിക്കല്‍ ഞാനത് ട്രൈ ചെയ്തിട്ടുണ്ട്. സൈക്കിള്‍ സ്ലോ റൈസില്‍ മൂന്ന് തവണ ഒന്നാം സ്ഥാനം കിട്ടിയിട്ടുണ്ട്. പ്ലേറ്റും ഗ്ലാസുമെല്ലാമാണ് ആ സമയത്ത് സമ്മാനമായി കിട്ടുന്നത്. അന്ന് അതെല്ലാം എന്നെ സംബന്ധിച്ച് വലിയ നേട്ടമായിരുന്നു.
ഓണസിനിമകള്‍
2006 ലെ ഓണസിനിമയാണ് ഇപ്പോള്‍ മനസ്സിലേക്ക് ഓടിവരുന്നത്. മൂന്നാം ഓണത്തിന് ഓണക്കളികളുടെ അവിടെ നിന്ന് ഓടി വന്നപ്പോള്‍ അച്ഛന്‍ പറഞ്ഞു നമുക്ക് സിനിമയ്ക്ക് പോകാമെന്ന്. അങ്ങനെ ഞങ്ങള്‍ ഫുള്‍ ഫാമിലി ഓട്ടോ പിടിച്ചുപോയി കണ്ട സിനിമയായിരുന്നു കീര്‍ത്തിചക്ര. അത് എപ്പോഴും ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒന്നാണ്. അതുപോലെ കഴിഞ്ഞ വര്‍ഷത്തെ ഓണം സെറ്റിലാണ് ആഘോഷിച്ചത്. അതും ഒരു പുതിയ അനുഭവമായിരുന്നു.
പഴയ എക്സൈറ്റ്മെന്‍റ് ഇപ്പോഴില്ല
പണ്ട് ഓണം എന്നൊക്കെ പറയുമ്പോള്‍ ഉണ്ടായിരുന്ന ത്രില്ലോ എക്സൈറ്റ്മെന്‍റോ ഇപ്പോഴില്ല. ചെറുതിലാണ് ഓണപ്പൂക്കളമൊക്കെ ഇടാന്‍ ഓടി നടന്നത്. ചെറുതിലെ പങ്കെടുത്ത പല മത്സരങ്ങളിലും എനിക്ക് ഇന്ന് പങ്കെടുക്കാന്‍ കഴിയില്ലെന്നത് വലിയ മിസ്സിങ്ങായാണ് തോന്നുന്നത്. പഴയ കിട്ടിയ സമ്മാനങ്ങള്‍ ഗ്ലാസായും പ്ലേറ്റായും അടുക്കളയില്‍ ഇരിക്കുമ്പോഴും അത് പിന്നീട് പൊട്ടുമ്പോഴെല്ലാം എനിക്ക് കിട്ടിയ സമ്മാനമാണെന്ന് കൂടെയുള്ളവരെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരിക്കും. ഇപ്പോഴും ഓണക്കാലം സന്തോഷം നല്‍കുന്ന ഒന്നാണെങ്കിലും പഴയ എക്സൈറ്റ്മെന്‍റ് ഇപ്പോഴില്ല. പിന്നെ ഞാന്‍ വര്‍ക്ക് ചെയ്യുന്ന ഇന്‍ഡസ്ട്രി സിനിമയായതുകൊണ്ട് തന്നെ ഏറ്റവും ബിസിനസ് നടക്കുന്ന ഫെസ്റ്റിവല്‍ സമയവും ഓണമായതുകൊണ്ട് കൂടുതല്‍ സന്തോഷം നല്‍കുന്ന ഒന്നാണ്.