പത്തൊമ്പതാം വയസ്സില്‍ ആദ്യ സിനിമ അഭിനയിച്ചുതുടങ്ങി. ഇരുപതാം വയസ്സില്‍ അത് പ്രേക്ഷകര്‍ക്കിടയിലേക്കെത്തി. എന്‍റെ ജീവിതം ഞാന്‍ തന്നെ ഡിസൈന്‍ ചെയ്ത് എടുത്തതാണ്. ചെറിയ പ്രായത്തില്‍ ബാലതാരമാവാന്‍ അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും ഇങ്ങനെയാവണം എന്‍റെ തുടക്കമെന്നത് എനിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. ഞാന്‍ എങ്ങനെയാണോ പ്ലാന്‍ ചെയ്തത് അതുപോലെതന്നെയാണ് എന്‍റെ ജീവിതം മുന്നോട്ടുപോകുന്നതും. ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്ത് ടോവിനോ തോമസ് നായകനായി എത്തിയ ത്രില്ലര്‍ ചിത്രം അന്വേഷിപ്പിന്‍ കണ്ടെത്തലിലൂടെ മലയാള സിനിമയ്ക്ക് ഒരു നായികാ മുഖത്തെ കൂടി കിട്ടിയിരിക്കുകയാണ്- മാനുഷി ഖൈര്‍. തന്‍റെ സിനിമാജീവിതവിശേഷങ്ങള്‍ ഇതാദ്യമായി മാനുഷി നാനയോട് പങ്കുവയ്ക്കുന്നു.
മോഡലിംഗ് സിനിമയിലേക്ക് വഴിയൊരുക്കി
സിനിമയിലേക്കുള്ള വഴിയൊരുക്കിയത് മോഡലിംഗ് തന്നെയെന്ന് ഉറപ്പിച്ചു പറയാം. വളരെ പാഷനായാണ് മോഡലിംഗ് രംഗത്തേയ്ക്ക് ഇറങ്ങിയത്. ആ വഴി നിരവധി പരസ്യചിത്രങ്ങളില്‍ അഭിനയിച്ചു. പതിനഞ്ചാം വയസ്സിലാണ് മോഡലിംഗ് രംഗത്ത് എത്തുന്നത്. അപ്പോള്‍ മുതല്‍ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നതുകൊണ്ട് സിനിമയ്ക്ക് വേണ്ടി നില്‍ക്കുമ്പോള്‍ ഒരു പരിചയക്കുറവ് ഉണ്ടായിരുന്നില്ല. അതുപോലെ ഡയലോഗ് പഠിക്കാനും അത് സഹായിച്ചിട്ടുണ്ട്. മോഡലിംഗ് വഴിയാണ് വെബ് സീരീസില്‍ അവസരം ലഭിച്ചത്. ആ വഴിയാണ് അന്വേഷിപ്പിന്‍ കണ്ടെത്തുവില്‍ എത്തുന്നത്. അതുകൊണ്ടു തന്നെ മോഡലിംഗിന് ജീവിതത്തില്‍ വലിയൊരു പങ്കുണ്ട്. ഇനി ഭാവിയിലും മോഡലിംഗ് എന്‍റെ കൂടെ തന്നെയുണ്ടാവും. സ്റ്റഡീസിനുവേണ്ടി ബാംഗ്ലൂര്‍, മുംബൈ എവിടെങ്കിലും ഷിഫ്റ്റ് ചെയ്യണം. ഒപ്പം മോഡലിംഗും കാണും.