വിവിധ ഭാഷാചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളില്‍ അഭിനയിച്ച് കഴിവ് തെളിയിച്ച സ്വാസികയ്ക്ക് വിവാഹശേഷം ജീവിതത്തില്‍ മാറ്റങ്ങള്‍ അനവധിയാണ്. തിരക്ക് കൂടുകയും ആഗ്രഹിച്ചപോലൊരു ജീവിതം ലഭിക്കുകയും ചെയ്തു എന്നുപറഞ്ഞുകൊണ്ട് സ്വാസിക വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു
അഭിനയം നിര്‍ത്തേണ്ടി വന്നാല്‍?
അഭിനയം അങ്ങനെ വിടില്ല. എന്തൊക്കെ വന്നാലും ഇവിടെ പിടിച്ചുനിന്നേ പറ്റൂ. കാരണം അത്രയും ആഗ്രഹമാണ് അഭിനയത്തോട്. എനിക്ക് കഴിവുണ്ടെന്ന് തെളിയിക്കേണ്ടത് എന്‍റെ ആഗ്രഹമാണ്. അതിനുവേണ്ടി എത്ര കഷ്ടപ്പെടാനും ഞാന്‍ തയ്യാറാണ്. എന്നാല്‍ അതേസമയം അഭിനയിക്കേണ്ട എന്നൊരു എതിര്‍പ്പ് വീട്ടില്‍ വന്നാല്‍ അത് സ്വീകരിക്കാനും ഞാന്‍ ഒരുക്കമാണ്.
ചതുരം സിനിമയെക്കുറിച്ച്?
ഞാനും അമ്മയും കൂടിയാണ് ചതുരം സിനിമയുടെ കഥ കേള്‍ക്കാന്‍ പോയത്. അമ്മ അന്ന് നോ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ അത് ചെയ്യില്ലായിരുന്നു. അമ്മയെ ധിക്കരിച്ച് ഞാന്‍ എന്ത് ചെയ്താലും അത് അബദ്ധം ആവാറുണ്ട്. ചതുരം അമ്മയുടെ പൂര്‍ണ്ണസമ്മതത്തോടെയാണ് ഞാന്‍ ചെയ്തത്. അങ്ങനത്തെ സീനുകള്‍ ചെയ്യില്ല എന്ന തീരുമാനങ്ങളൊന്നും ഞാന്‍ എടുത്തിട്ടില്ല. അത്തരം കഥാപാത്രങ്ങള്‍ വരികയാണെങ്കില്‍ ചെയ്യുക എന്നത് മാത്രമേയുള്ളൂ. വെറുതെ അത്തരം സീനുകള്‍ ഉള്‍പ്പെടുത്തുന്ന സിനിമകളുണ്ട്. അതൊന്നും നമ്മള്‍ ചെയ്യേണ്ട കാര്യമില്ല. അതല്ലാതെ അത്തരം സീനുകള്‍ സിനിമയ്ക്ക് വാല്യുബിള്‍ ആണെന്ന് തോന്നുകയാണെങ്കില്‍ ആ വേഷങ്ങള്‍ ചെയ്യുന്നതില്‍ തെറ്റില്ല. അങ്ങനെയാണ് എനിക്ക് തോന്നുന്നത്. അങ്ങനെയൊരു പ്രോജക്ട് വന്നപ്പോള്‍ പ്രേമിനോട് ഞാന്‍ സംസാരിച്ചിരുന്നു. അതിനിപ്പോ എന്തോ, ഓള്‍ റെഡി ചെയ്തൊരു കാര്യമല്ലേ. ഇനിയിപ്പോ വീണ്ടും അത്തരം വേഷങ്ങള്‍ ചെയ്താല്‍ എന്താ തെറ്റ് എന്നാണ് പ്രേം ചോദിച്ചത്. അഭിനയം നമ്മുടെ ജോലിയാണ്. ഇത്തരം വേഷങ്ങള്‍ ചെയ്യില്ലാ എന്ന് തീരുമാനിക്കുകയാണെങ്കില്‍ വേറെ ഒന്നും ചെയ്യാനാകില്ല. വീട്ടില്‍ തന്നെ ഇരിക്കേണ്ടി വരും. എനിക്കിപ്പോള്‍ അത്തരം വേഷങ്ങള്‍ വന്നാല്‍ ചെയ്തല്ലേ പറ്റൂ.
അഭിപ്രായം പറഞ്ഞതിനുശേഷം അത് വേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ?
ഒരിക്കലും ഇല്ല. ഞാന്‍ പറഞ്ഞത് എന്‍റെ അഭിപ്രായം ആണ്. എനിക്ക് എന്‍റെ ഭര്‍ത്താവിന്‍റെ കീഴില്‍ ജീവിക്കാന്‍ ആണ് ഇഷ്ടം. അത് എന്‍റെ മാത്രം ഇഷ്ടമാണ്. അല്ലാതെ മറ്റുള്ളവരോടും അങ്ങനെ ജീവിക്കൂ എന്നല്ല ഞാന്‍ പറഞ്ഞത.് എന്നെ ഇന്‍റര്‍വ്യൂവിന് വിളിക്കുമ്പോള്‍ എന്‍റെ അഭിപ്രായം അല്ലെ എനിക്ക് പറയാന്‍ പറ്റൂ. അല്ലാതെ കേരള സമൂഹത്തിന്‍റെ അഭിപ്രായം എനിക്ക് പറയാന്‍ പറ്റില്ലല്ലോ. ഞാന്‍ പറയുന്നത് ശരിയാണ് എന്നോ ഇങ്ങനെ ജീവിച്ചാലെ നിങ്ങളുടെ ലൈഫില്‍ ഉയര്‍ച്ച ഉണ്ടാവുകയുള്ളൂ എന്നൊന്നും അല്ല ഞാന്‍ പറഞ്ഞത്. എന്‍റെ ഭര്‍ത്താവിനോടുള്ള എന്‍റെ ഇഷ്ടമാണ് ഞാന്‍ പറഞ്ഞത്.