കുന്നോളം ആഗ്രഹിച്ചാല്‍ കുന്നിക്കുരുവോളം ആഗ്രഹിക്കുന്നത് സാധിക്കും എന്നല്ലെ പ്രമാണം...!
കുട്ടിക്കാലത്ത് പതിനൊന്നു വയസ്സുളളപ്പോള്‍ മനസ്സിലൊരു ആഗ്രഹം തോന്നി. സിനിമയില്‍ അഭിനയിക്കണമെന്ന്. സിനിമയില്‍ അഭിനയിക്കണമെന്ന് മാത്രമായിരുന്നില്ല ആഗ്രഹം. മമ്മൂട്ടി എന്ന പ്രശസ്ത നടനോടൊപ്പം അഭിനയിക്കണം.
ആഗ്രഹിച്ചതുപോലെ തന്നെ നടന്നു. മീനാക്ഷി ചിരിയും സന്തോഷവുമായി മനസ്സ് തുറന്നുപറഞ്ഞു. പതിനൊന്നാം വയസ്സില്‍ മീനാക്ഷിയുടെ ആഗ്രഹം സാധിച്ചു. മീനാക്ഷിക്ക് അഭിനയിക്കാന്‍ കിട്ടിയ സിനിമ മമ്മൂട്ടി നായകനായ 'ഗ്രേറ്റ് ഫാദര്‍' ആയിരുന്നു. ഗ്രേറ്റ് ഫാദറില്‍ മമ്മുക്കയുടെ മോളുടെ ബെസ്റ്റ് ഫ്രണ്ടായി അഭിനയിക്കാന്‍ കഴിഞ്ഞു.
ഓഡിഷന്‍ വഴിയാണ് ഇങ്ങനെയൊരു ചാന്‍സ് തനിക്ക് കിട്ടിയതെന്ന് മീനാക്ഷി പറഞ്ഞു.
ചെറുപ്പം മുതലേ സിനിമകള്‍ കാണുമായിരുന്നു. പല സിനിമകളും കണ്ടുകണ്ട് മമ്മൂട്ടിയോടിഷ്ടമായി. മമ്മുക്കയോടൊപ്പം സിനിമയിലൊക്കെ ഒന്നഭിനയിച്ചാലോ...? പത്തുവയസ്സുകാരി ഒന്നാഗ്രഹിച്ചുപോയി.
അത് നടന്നു. അച്ഛന്‍റെയും അമ്മയുടെയും സപ്പോര്‍ട്ടും കൂടി ലഭിച്ചപ്പോള്‍ ഒരു ധൈര്യം തോന്നി. അന്ന്, അഭിനയിച്ചതെല്ലാം ഓര്‍മ്മയിലുണ്ട്, മമ്മൂക്ക തമാശകളൊക്കെ പറയുമായിരുന്നു. ഇടയ്ക്ക് ഞങ്ങളെ കളിയാക്കി ചിരിക്കും.
രണ്ടാമത് അഭിനയിച്ച സിനിമ ഏതായിരുന്നു?
ബാലചന്ദ്രമേനോന്‍ സാര്‍ സംവിധാനം ചെയ്ത 'എന്നാലും ശരത്.چ അതില്‍ നായികയുടെ ചെറുപ്പകാലം അഭിനയിച്ചു. പിന്നെ, ജി.എസ്. പ്രദീപ് സാര്‍ സംവിധാനം ചെയ്ത സ്വര്‍ണ്ണമത്സ്യങ്ങളാണ് ചെയ്തത്.
പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഒരു സ്റ്റോറിയായിരുന്നു. ഹീറോയിന്‍റെ പെയറായി അഭിനയിച്ചു അതിന് ശേഷം ഷാഫി സാറിന്‍റെ ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്ന സിനിമയില്‍ അഭിനയിക്കുകയുണ്ടായി. തമിഴ്നാട്ടിലെ ഒരു ഓര്‍ഫനേജിലെ കുട്ടിയായിട്ടാണ് അഭിനയിച്ചത്. ഡയലോഗ് പറയേണ്ടതുമെല്ലാം തമിഴിലായിരുന്നു. ആ കഥാപാത്രം എനിക്ക് വളരെ ഇഷ്ടപ്പെട്ടതുമായിരുന്നു. ഏറെ ശ്രദ്ധിക്കപ്പെടുന്നതുമായിരുന്നു. കൂമനാണ് മറ്റൊരു ചിത്രം. അതൊരു ഇന്‍വെസ്റ്റിഗേഷന്‍ ചിത്രമായിരുന്നു. അതില്‍ മാഷിന്‍റെ മോളായി അഭിനയിച്ചു.
നടികളില്‍ ഏറ്റവും ഇഷ്ടം മഞ്ജുവാര്യരെയാണ്. മഞ്ജുവാര്യര്‍ക്കൊപ്പവും അഭിനയിക്കണമെന്ന് ആഗ്രഹിച്ചു. അതും ഈശ്വരന്‍ സാധിച്ചുതന്നു എന്ന് പറഞ്ഞാല്‍ മതിയല്ലോ. മഞ്ജുവാര്യര്‍ പ്രധാന വേഷം ചെയ്യുകയും ഈയടുത്ത് റിലീസാകുകയും ചെയ്ത 'ആയിഷ' എന്ന ചിത്രത്തില്‍ മീനാക്ഷി അഭിനയിച്ചിട്ടുണ്ട്.
മഞ്ജുചേച്ചിയോടൊപ്പം അഭിനയിക്കാന്‍ എനിക്കൊരു ടെന്‍ഷനായിരുന്നു ആദ്യം. എന്നാല്‍, മഞ്ജുചേച്ചി വളരെ കൂളായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഞാന്‍ എറണാകുളത്തുണ്ടായിട്ടും ഇതുവരെയും മഞ്ജുചേച്ചിയെ നേരില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. ഒരു ഷൂട്ടിംഗ് സ്ഥലത്തുവച്ചോ ഒരു സിനിമാതീയേറ്ററില്‍ വച്ചോ, ഒരു ഷോപ്പിംഗ് മാളില്‍ വച്ചോ ഒന്നും കണ്ടിട്ടില്ല. അഭിനയിച്ചില്ലെങ്കിലും നേരിലൊന്ന് കാണണമെന്ന് ഒരാഗ്രഹമായിരുന്നു. അങ്ങനെയിരിക്കുമ്പോള്‍ ദേ, വരുന്നു, ആയിഷ എന്ന സിനിമയിലൂടെ ആ ഭാഗ്യം. പിന്നെ ഒന്നും ആലോചിച്ചില്ല. നേരെ കോഴിക്കോട്ടെ ലൊക്കേഷനിലേക്ക് പോയി. നന്നായി ചിരിച്ചുകൊണ്ട് വളരെ കൂളായിട്ടാണ് മഞ്ജുചേച്ചി എന്നോട് സംസാരിച്ചുകൊണ്ടിരുന്നത്.
ഏതുതരം കഥാപാത്രങ്ങള്‍ ചെയ്യണം, എന്നൊക്കെയുള്ള തീരുമാനങ്ങള്‍ മനസ്സിലുണ്ടോ?
'ഇല്ല. അങ്ങനെയൊരു തീരുമാനമൊന്നുമില്ല. ഏത് വേഷവും എനിക്ക് ചെയ്യാന്‍ പറ്റുന്ന തരത്തിലുള്ള നല്ല കഥാപാത്രങ്ങള്‍ കിട്ടണമെന്നതാണ് എന്‍റെ ആഗ്രഹവും പ്രാര്‍ത്ഥനയും.'
പുഞ്ചിരി ട്രാവല്‍സ്, ലാഫിംഗ് വില്ല എന്ന ടി.വി പ്രോഗ്രാമുകളില്‍ ബാല്യകാലം ചെയ്ത അനുഭവസമ്പത്തും മീനാക്ഷിക്കുണ്ട്. പാട്ട് പാടാറില്ലെങ്കിലും നൃത്തം ചെയ്യാറുണ്ട്. ചെറുപ്പം മുതലേ ഭരതനാട്യം പഠിച്ചിരുന്നു. ആര്‍.എല്‍.വി ഉണ്ണികൃഷ്ണനാണ് നൃത്തത്തില്‍ മീനാക്ഷിയുടെ ഗുരു.
പ്ലസ് ടു വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മീനാക്ഷി മാസ്സ് കമ്മ്യൂണിക്കേഷനില്‍ ബിരുദമെടുക്കാനുള്ള ശ്രമത്തിലാണ്. മോഡലിംഗില്‍ താല്‍പ്പര്യമുള്ളതുകൊണ്ട് ചില പരസ്യചിത്രങ്ങളിലും മീനാക്ഷി മോഡലായി വന്നിട്ടുണ്ട്. അച്ഛനും അമ്മയും അഭിനയത്തില്‍ സപ്പോര്‍ട്ട് തരുന്നതുപോലെതന്നെ സ്ക്കൂളിലെ തന്‍റെ ഫ്രണ്ട്സും നല്ല പിന്തുണയാണ് നല്‍കിയത്. 'അയിഷ' കണ്ടിട്ട് എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു.
ജി.കെ