NEWS

അരങ്ങിലും അണിയറയിലും പ്രതിസന്ധികളുമായി 'നടികര്‍'

News

നിരവധി കൗതുകങ്ങള്‍ സമ്മാനിച്ചുകൊണ്ട് ഒരുങ്ങുന്ന ചിത്രമാണ് നടികര്‍. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ടൊവിനോ തോമസ്സാണ്.

നിരവധി കൗതുകങ്ങള്‍ സമ്മാനിച്ചുകൊണ്ട് ഒരുങ്ങുന്ന ചിത്രമാണ് നടികര്‍. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ടൊവിനോ തോമസ്സാണ്.

വലിയ മുതല്‍മുടക്കിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. നാല്‍പ്പതുകോടിയോളം രൂപയാണ് മുതല്‍മുടക്ക്. നൂറ്റിയിരുപതുദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണവും വേണ്ടി വന്നു.
കൊച്ചി, ദുബായ്, മൂന്നാര്‍, ഹൈദ്രാബാദ്, കാഷ്മീര്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ഗോഡ്സ് സ്പീഡ് ആന്‍റ് മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറില്‍ നവീന്‍ യേര്‍തേനി, വൈ. രവിശങ്കര്‍, അലന്‍ ആന്‍റണി, അനൂപ് വേണുഗോപാല്‍ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

പുഷ്പ പോലെ വന്‍കിട ചിത്രങ്ങള്‍ നിര്‍മ്മിച്ചുപോരുന്ന കമ്പനിയാണ് മൈത്രി മൂവി മേക്കേഴ്സ്. ഇവരുടെ ആദ്യമലയാള ചിത്രം കൂടിയാണിത്.

നടികര്‍ തിലകം നടികര്‍ ആയി

നടികര്‍ തിലകം എന്ന പേരിലാണ് ഈ ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിച്ചത്. ഈ ടൈറ്റില്‍ വളരെ പ്രചുരപ്രചാരം നേടുകയുണ്ടായി. നടികര്‍ തിലകം എന്ന പേര് ഏറെക്കാലമായി പ്രേക്ഷകര്‍ നല്‍കി ബഹുമാനിക്കുന്ന അനശ്വരനായ ശിവാജി ഗണേശന്‍റെ കുടുംബത്തില്‍ നിന്നും നടികര്‍ തിലകം എന്ന പേര് മാറ്റിയാല്‍ കൊള്ളാം എന്ന അഭിപ്രായം വന്നത് ഈ സമയത്താണ്. അതോടെ ബന്ധപ്പെട്ടവര്‍ അതിനെ ഉള്‍ക്കൊണ്ടുകൊണ്ട് നടികര്‍ തിലകം എന്ന പേരില്‍ മാറ്റം വരുത്തി നടികര്‍ എന്നുമാത്രമാക്കി.

പുതിയ നാമധേയം പ്രഖ്യാപിച്ചതുതന്നെ കൊച്ചിയില്‍ നടന്ന ഒരു ചടങ്ങില്‍ നടികര്‍ തിലകം ശിവാജി ഗണേശന്‍റെ മകനും പ്രശസ്ത നടനുമായ പ്രഭു തന്നെയാണ്.
ഈ സിനിമയുടെ കഥാപശ്ചാത്തലം സിനിമയാണ്.

ഡേവിഡ് പടിക്കല്‍ എന്ന സൂപ്പര്‍താരത്തെയാണ് ഈ ചിത്രത്തില്‍ ടൊവിനോ തോമസ് അവതരിപ്പിക്കുന്നത്. കഠിനപ്രയത്നങ്ങളിലടെ അഭിനയരംഗത്ത് തന്‍റെ സാന്നിദ്ധ്യം ഉറപ്പിക്കുകയും ക്രമേണ സൂപ്പര്‍താര പദവിയിലെത്തുകയും ചെയ്ത നടനാണ് ഡേവിഡ് പടിക്കല്‍.

 

ഏത് രംഗത്ത് ശോഭിക്കുമ്പോഴും, അവരുടെ ജീവിതത്തില്‍ പ്രത്യേകിച്ചും, തങ്ങളുടെ ഔദ്യോഗികരംഗത്ത് പ്രതിസന്ധികള്‍ ഉണ്ടാകാം. ഇവിടെ അത്തരം ചില പ്രതിസന്ധികള്‍ ഡേവിഡ് പടിക്കലിന്‍റെ ജീവിതത്തിലും സംഭവിക്കുകയാണ്. ഈ സ്ഥിതിയുമായി മുന്നോട്ടുപോകുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ചും സൂപ്പര്‍താര പദവിയില്‍ എത്തപ്പെടുന്ന ഒരു താരത്തിന്. ഈ പ്രതിസന്ധി മറികടക്കുകയെന്നതായിരുന്നു ഡേവിഡ് പടിക്കലിന്‍റെ പിന്നീടുള്ള ശ്രമങ്ങള്‍. ഡേവിഡ് പടിക്കലിന്‍റെ ഈ ശ്രമങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

ഒരു സിനിമയുടെ അണിയറയില്‍ അരങ്ങേറുന്ന സംഭവങ്ങള്‍ ഈ ചിത്രത്തില്‍ തികഞ്ഞ യാഥാര്‍ത്ഥ്യത്തോടെ തന്നെ അവതരിപ്പിക്കുന്നു. ഇതിനുമുമ്പ് സിനിമയ്ക്കുള്ളിലെ സിനിമയെപ്പറ്റി പ്രതിപാദിച്ചത് ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, ഉദയനാണ് താരം എന്നിവയാണ്. ഓരോ ചിത്രത്തിലും വ്യത്യസ്തമായ പ്രമേയങ്ങളാണ്. പ്രേക്ഷകരെ ഏറെ സ്വാധീനിക്കുകയും ഒപ്പം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഒക്കെ ചെയ്യുന്ന ഒരു കഥാപാത്രമാണ് ഡേവിഡ് പടിക്കല്‍ എന്ന സൂപ്പര്‍താരം.

ഈ കഥാപാത്രത്തെ യുവനായകന്‍ ടൊവിനോ തോമസിന്‍റെ കൈകളില്‍ എറെ ഭദ്രമാകുന്നു. ഡേവിഡ് പടിക്കലിന്‍റെ ജീവിതത്തില്‍ താങ്ങും തണലുമായി രണ്ടുകഥാപാത്രങ്ങളുണ്ട്. ബാലയും ഇവരുടെ സാന്നിദ്ധ്യവും സ്വാധീനവും ഇടപെടലും ഡേവിഡിന്‍റെ ജീവിതത്തില്‍ നിര്‍ണ്ണായകമായ വഴിത്തിരിവുകള്‍ക്കും ഏറെ കാരണമാകുന്നു.

സൗബിന്‍ ഷാഹിറാണ് ബാലയെ അവതരിപ്പിക്കുന്നത്. ഏറെ കൗതുകം സൃഷ്ടിക്കുന്ന കഥാപാത്രങ്ങളാണ് ഇരുവരുടേയും. ഭാവനയാണ് നായിക. ധ്യാന്‍ ശ്രീനിവാസന്‍, അനൂപ്മേനോന്‍, സുരേഷ് കൃഷ്ണ, വീണാനന്ദകുമാര്‍, ഇന്ദ്രന്‍സ്, മധുപാല്‍, ഗണപതി, അല്‍ത്താഫ് സലിം, സഞ്ജു ശിവറാം, ഗണപതി, ജയരാജ് കോഴിക്കോട്, മണിക്കുട്ടന്‍ ഖാലിദ് റഹ്മാന്‍, അഭിരാം പൊതുവാള്‍, മനോഹരി ജോയ്, ബിപിന്‍ ചന്ദ്രന്‍, അറിവ്, മാലാപാര്‍വ്വതി, ദേവികാ ഗോപാല്‍, ബേബി ആരാധ്യ അഖില്‍ കണ്ണപ്പന്‍, ജസീര്‍ മുഹമ്മദ്, രഞ്ജിത്ത്(ബിഗ്ബോസ് ഫെയിം) ഖയസ് മുഹമ്മദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രചന സുവിന്‍ സോമശേഖരന്‍,  സംഗീതം യാക്സിന്‍ നേഹാ പെരേര, എഡിറ്റിംഗ് രതീഷ് രാജ്, കലാസംവിധാനം പ്രശാന്ത് മാധവ്, മേക്കപ്പ് ആര്‍.ജി. വയനാടന്‍, കോസ്റ്റ്യൂം ഡിസൈന്‍ യെക്താ ഭട്ട്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍ മൈക്കിള്‍, പ്രൊഡക്ഷന്‍ മാനേജര്‍ ശരത് പത്മനാഭന്‍, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് നസീര്‍ കാരന്തൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് കാരന്തൂര്‍.

വാഴൂര്‍ ജോസ്
ഫോട്ടോ:  വിവി. ചാര്‍ളി


LATEST VIDEOS

Latest