സിനിമയുമായി ഏറ്റവും അടുത്തു നിൽക്കുന്ന ഒരു പ്രസിദ്ധീകരണമാണ് 'നാന.' സിനിമ മോഹമായി കൊണ്ടുനടന്ന ഏവരുടെയും നൊസ്റ്റാൾജിയയാണ് 'നാന.' സിനിമയെന്നാൽ 'നാന'..... 'നാന' എന്നാൽ സിനിമ എന്നൊരു അവസ്ഥയായിരുന്നു പണ്ട് ഉണ്ടായിരുന്നത്.
എന്റെ ചെറുപ്പത്തിൽ ഞാൻ സിനിമ കണ്ടു തുടങ്ങിയ കാലം മുതൽ നാന കാണാൻ തുടങ്ങിയിട്ടുണ്ട്. പുതിയ ഒരു നാന വാങ്ങിയാൽ മാത്രമേ ഏതൊക്കെ സിനിമകളുടെ ഷൂട്ടിംഗ് നടക്കുന്നു, ഏതൊക്കെ പുതിയ സിനിമകൾ തുടങ്ങാൻ പോകുന്നു എന്നൊക്കെയുളള വിവരങ്ങൾ അറിയാൻ കഴിയുന്നത്.
സിനിമ ഒരു സ്വപ്നമായി കണ്ടുനടന്നിരുന്ന എല്ലാവരുടെയും മനസ്സിൽ 'നാന' എന്ന സിനിമ വാരികയും ഉണ്ടായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. അവർക്കെല്ലാം അന്ന് നാനയിൽ ഒരു ഫോട്ടോയെങ്കിലും അച്ചടിച്ചു വരണമെന്നുളള കൊതിയുമുണ്ട്. നാനയിൽ ഒരു സ്റ്റാബ് സൈസ് ഫോട്ടോയെങ്കിലും അച്ചടിച്ചു വരികയെന്നുളളത് ഏതൊരു സിനിമാമോഹികളുടെയും സ്വപ്നമായിരുന്നു.
മാനത്തെകൊട്ടാരം എന്ന സിനിമ ഞാൻ ചെയ്യുമ്പോൾ നാനയുടെ ഉൾപ്പേജിൽ ഞങ്ങളുടെയെല്ലാം ഒരു ഫോട്ടോ അച്ചടിച്ചു വന്നിരുന്നതും അതുകണ്ട് ഞങ്ങളെല്ലാം സന്തോഷിച്ചതും ഞാനിന്നും ഓർക്കുന്നു.
ഞങ്ങളുടെ ആ സെറ്റിലേക്ക് നാനയിൽ നിന്നും റിപ്പോർട്ടറും ഫോട്ടോഗ്രാഫറും വരുന്നുവെന്ന കാര്യം തലേ ദിവസംതന്നെ ഞങ്ങളറിഞ്ഞിരുന്നു. ആ നിമിഷം മുതൽ അതിന്റെയൊരു തയ്യാറെടുപ്പ് സെറ്റിൽ നടക്കുന്നുണ്ടായിരുന്നു. ഞങ്ങൾ അഭിനയിക്കുന്നവരെല്ലാം തന്നെ അക്കാര്യം സംസാരിച്ചുകൊണ്ടിരുന്നു.
ഞാനും ദിലീപും അബിയും അശോകനുമൊക്കെ മിമിക്രി രംഗത്തുനിന്നും വന്നവരാണല്ലൊ....ഞങ്ങളോട് നാനയ്ക്ക് ഒരു പ്രേത്യേക സ്‌നേഹവും താൽപ്പര്യവും ഉണ്ടായിരുന്നുവെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
ഇന്ന്, സോഷ്യൽമീഡിയയുടെ വരവിൽ ആകെയൊരു ബഹളമുണ്ടാക്കുന്നുണ്ടെങ്കിലും സാരാംശം ഉൾക്കൊളളുന്ന അല്ലെങ്കിൽ അർത്ഥസമ്പുഷ്ടമായ വരികളോ വാക്കുകളോ ആരും എഴുതുന്നില്ല. എന്നാൽ നാനയിലും മറ്റും ശക്തമായ ശൈലിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. മലയാള സിനിമയിലെ വളരെ പ്രധാനപ്പെട്ടവരുടെ വിവാഹച്ചടങ്ങുകളൊക്കെ കവർ ചെയ്തുക്കൊണ്ടിരുന്ന കാലത്ത് എന്റെ വിവാഹത്തിൽ പങ്കെടുക്കുവാനും പ്രധാന്യത്തോടെ വിവാഹചിത്രങ്ങൾ നാനയിൽ ചേർക്കാനും താൽപ്പര്യം കാട്ടിയത് ഞാനോർക്കുന്നു. അതുപോലെ തന്നെ ഞാൻ പ്രധാന വേഷം ചെയ്യുന്ന സിനിമകളുടെ സെറ്റിലും ഞാൻ സംവിധാനം ചെയ്ത സിനിമകളുടെ സെറ്റിലും എന്റെ കുടുംബ ഫോട്ടോ എടുക്കാനുമൊക്കെ നാന വന്നിട്ടുണ്ട്. അതെല്ലാം എന്നെ സംബന്ധിച്ചിടത്തോളം നല്ല അനുഭവങ്ങളും നല്ല സന്തോഷം തരുന്ന നിമിഷങ്ങളുമായിരുന്നു.
ഇപ്പോൾ അമ്പതുവയസ്സ് പൂർത്തിയാക്കി സഞ്ചാരം തുടരുന്ന നാനയ്ക്ക് എന്റെയും കുടുംബത്തിന്റെയും ഭാവുകങ്ങൾ.