നാടകവും സിനിമയും അഭിനയവും മനസ്സിൽ കൊണ്ടുനടക്കുന്ന സ്‌ക്കൂൾ- കോളേജ് പഠനകാലത്ത് നമുക്ക് കിട്ടുന്ന സിനിമാക്കാരുടെ കളർ ചിത്രങ്ങൾ 'നാന'യിൽ നിന്ന് മാത്രമായിരുന്നു.
അക്കാലത്തൊക്കെ 'നാന'യിൽ വന്നുകൊണ്ടിരുന്ന ഫോട്ടോസ് ഏതാണ്ട് എല്ലാംതന്നെ കൃഷ്ണൻകുട്ടി ച്ചേട്ടന്റേതായിരുന്നു. കൃഷ്ണൻകുട്ടിച്ചേട്ടൻ എടുക്കുന്ന സിനിമാക്കാരുടെ ഫോട്ടോകൾക്കെല്ലാം ഒരു വശ്യതയുണ്ടായിരുന്നു. പുരുഷന്മാരെ ആരെയും ആകർഷിക്കുന്ന തരത്തിലുള്ള സ്ത്രീമുഖങ്ങളാണ് അദ്ദേഹം 'നാന'യ്ക്കുവേണ്ടി തന്റെ ക്യാമറയിൽ പകർത്തിക്കൊണ്ടിരുന്നത്. എനിക്കിപ്പോൾ തോന്നുന്ന ഒരു കാര്യമുണ്ട്. അതായത്, ഒരുപക്ഷേ, 'നാന'യിലെ കൃഷ്ണൻകുട്ടിച്ചേട്ടൻ മാത്രമാണ് ലോകത്ത് ഇത്രയും സ്ത്രീകളുടെ സൗന്ദര്യം പകർത്തിയിട്ടുള്ള ഒരു ഫോട്ടോഗ്രാഫർ.
ഞാൻ കൃഷ്ണൻകുട്ടിച്ചേട്ടനെ പരിചയപ്പെട്ട നിമിഷം ഓർക്കുന്നുണ്ട്. 'മാക്ബത്ത്' എന്നൊരു നാടകത്തിൽ ഞാനഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ റിഹേഴ്‌സൽ ക്യാമ്പിൽ കൃഷ്ണൻകുട്ടിച്ചേട്ടനും പെരുമൺ മോഹനചന്ദ്രൻ എന്ന റിപ്പോർട്ടറും കൂടി നാടകത്തെക്കുറിച്ചെഴുതാൻ ക്യാമ്പിൽ വന്നിരുന്നു.
അന്ന് എന്റെ ഫോട്ടോ എടുത്തുകഴിഞ്ഞപ്പോൾ കൃഷ്ണൻകുട്ടിച്ചേട്ടൻ എന്റെ പേര് ചോദിച്ചു. അലൻസിയർ ലേ ലോപ്പസ് എന്ന് ഞാൻ പറഞ്ഞപ്പോൾ എന്നോട് അദ്ദേഹം ചോദിച്ചു..., മലയാളിയല്ലേയെന്ന്.. ആ ചോദ്യം കേട്ടപ്പോൾ ഞാൻ തിരിച്ചുചോദിച്ചു, എന്നെ കണ്ടിട്ട് എന്ത് തോന്നുന്നുവെന്ന്.
വലിയ ആലോചനയൊന്നുമില്ലാതെ കൃഷ്ണൻകുട്ടിച്ചേട്ടൻ പറഞ്ഞു. കണ്ടിട്ട് ഒരു വിദേശ ലുക്കൊന്നുമില്ല. മലയാളി തന്നെയെന്ന് ഉറപ്പിക്കാം. പക്ഷേ, ഈ പേര് എങ്ങനെ വന്നു.. പേരുകേട്ടാൽ വേറെ ഏതോ രാജ്യക്കാരനാണെന്ന് തോന്നിപ്പോകും. അന്ന് അദ്ദേഹം എന്റെ കുറെ ഫോട്ടോകളെടുത്തു. എന്റെ ഇന്റർവ്യൂ എടുത്തു. എന്റെയൊരു ഇന്റർവ്യൂവും ഫോട്ടോയുമൊക്കെ ആദ്യമായി അച്ചടിച്ചുവരുന്നത് 'നാന'യിലാണ്.
ആ 'നാന' എന്നാണ് ഇറങ്ങുന്നതെന്നറിയാൻ ഞാൻ വലിയ ആകാംക്ഷയോടെ കാത്തിരുന്നിട്ടുണ്ട്. എന്റെ അച്ഛനെയും അമ്മയെയും ആ കോപ്പി കാണിക്കാൻ ഞാൻ ദിവസങ്ങളോളം കാത്തിരുന്നു.
'നാന' പോലെ വിശ്വസനീയമായ ഒരു സിനിമാപ്രസിദ്ധീകരണം വേറെ മലയാളത്തിലുണ്ടായിട്ടില്ല എന്നുതന്നെപറയാം. സിനിമയെക്കുറിച്ചുള്ള അറിവുകളും വാർത്തകളും വിശകലനവും തരുന്ന, സിനിമാവിശേഷങ്ങൾ നമ്മളുമായി പങ്കുവയ്ക്കുന്നതുമായ ഒരു പ്രസിദ്ധീകരണം വേറെയുണ്ടായിട്ടില്ല എന്നുതന്നെ പറയട്ടെ.
വളരെ അപ്രാപ്യമായ, സിനിമാപ്രേക്ഷകരോട് അല്ലെങ്കിൽ അനുവാചകരോട് സംസാരിക്കുന്ന ഒരു മാധ്യമമാണ് 'നാന.'
ഞാൻ കൊല്ലത്ത് 'ഇര' എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് കൃഷ്ണൻകുട്ടിച്ചേട്ടനെ അവസാനമായി ഞാൻ കാണുന്നത്. അന്നവിടെ വരുമ്പോൾ എന്റെ കുറെ ഫോട്ടോകൾ അദ്ദേഹം എടുത്തു. എന്റെ പിറകെ നടന്നു എന്നുപറയും പോലെ ചിരിക്കുന്നതും ചിരിക്കാത്തതും നടക്കുന്നതും കൈകൾ ചലിപ്പിക്കുന്നതുമൊക്കെയായി കുറെ പടങ്ങൾ. അങ്ങനെ ഒരു ആത്മബന്ധം ആ മനുഷ്യനുമായിട്ടെനിക്കുണ്ടായിരുന്നു. ഇതൊക്കെയാണ് ജീവിതത്തിലെ വലിയ അത്ഭുതമെന്ന് പറയുന്നത്.
കലാകാരന്മാർക്ക് ഇനിയും ജീവനും ശ്വാസവും നൽകുന്ന ഒരു പ്രസ്ഥാനമായി 'നാന'തീരട്ടെയെന്ന് ഞാൻ ആശംസിക്കുന്നു.
ആരും നഷ്ടപ്പെട്ടുപോകുന്നില്ല. എല്ലാവരും നമ്മോടൊപ്പമുണ്ട്. കൃഷ്ണൻകുട്ടിച്ചേട്ടനും പെരുമൺ മോഹനചന്ദ്രനും നമ്മളോടൊപ്പമില്ല... പക്ഷേ'നാന'കാലങ്ങളോളം നമ്മോടൊപ്പമുണ്ടായിരിക്കും. ആശംസകൾ...