ക്വാളിറ്റിയുടെ കാര്യത്തിലായാലും പോപ്പുലാരിറ്റിയുടെ കാര്യത്തിലായാലും 'നാന' യെ മറികടക്കാന്‍ വേറൊരു ചലച്ചിത്ര പ്രസിദ്ധീകരണവും ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല. ഞാന്‍ എന്‍റെ സ്ക്കൂള്‍ പഠനകാലം മുതലെ 'നാന' കാണാറുണ്ടായിരുന്നു.
സ്ക്കൂളിലേയ്ക്ക് പോകുംവഴി കടകളില്‍ 'നാന' ഡിസ്പ്ലേ ചെയ്തിരിക്കുന്നത് കാണും. തിളങ്ങുന്ന മുഖച്ചിത്രം തന്നെ ആകര്‍ഷണമാണല്ലോ. അതുകൊണ്ടും എന്‍റെ മനസ്സില്‍ സിനിമയുണ്ടായിരുന്നതുകൊണ്ടുമായിരിക്കാം, 'നാന' അന്നേ ശ്രദ്ധിച്ചിരുന്നു.
ഞാന്‍ കരുനാഗപ്പള്ളിക്കാരനാണല്ലോ. കോളേജില്‍ പഠിച്ചത് കൊല്ലം ഫാത്തിമ കോളേജിലും. 'നാന'യുടെ ഈറ്റില്ലം കൊല്ലമാണല്ലോ.
അക്കാലത്തെല്ലാം ഞാന്‍ 'നാന' വാങ്ങിക്കുകയും സിനിമാവിശേഷങ്ങളും
വാര്‍ത്തകളുമെല്ലാം വായിക്കുകയും നല്ല നല്ല സ്റ്റില്‍സ് കണ്ട് ആസ്വദിക്കുകയും ഒക്കെ ചെയ്യുമായിരുന്നു. ഇപ്പോഴും ആ പഴയ 'നാന'കളുടെ കോപ്പിയെല്ലാം വീട്ടിലുണ്ടാകും. ഒന്നും കളഞ്ഞിട്ടില്ല.
ഞാന്‍ 'ക്ഷണക്കത്ത്' എന്ന സിനിമയിലൂടെ നായകനായി അഭിനയരംഗത്ത് വരുമ്പോള്‍ 'നാന'യുടെ പ്രതിനിധികള്‍ സെറ്റില്‍ വരികയും അവരെ പരിചയപ്പെടുകയും അവര്‍ എന്‍റെ ഫോട്ടോയും ഇന്‍റര്‍വ്യൂവും ഒക്കെ എടുക്കുകയും അത് നല്ല രീതിയില്‍ പ്രസിദ്ധീകരിച്ചുവരികയും ഒക്കെ ചെയ്തത് ഞാനിന്നും ഓര്‍ക്കുന്നു.
പിന്നീട്, ഞാന്‍ അഭിനയിച്ചിട്ടുള്ള സരോവരം, ദുബായ്, ബ്ലാക്ക്, മഹാസമുദ്രം തുടങ്ങിയ ചിത്രങ്ങളുടെയൊക്കെ സെറ്റുകളിലും 'നാന' കവറേജിനായി വന്നിട്ടുള്ളത് ഓര്‍ക്കുന്നുണ്ട്. ആ സിനിമകളുടെ ചിത്രങ്ങളും 'നാന'യില്‍ നന്നായി വന്നിട്ടുണ്ട്.
'ക്ഷണക്കത്ത്' സിനിമ കഴിഞ്ഞയുടനെ ഞാന്‍ തമിഴില്‍ ഒരു സീരിയല്‍ ചെയ്തിരുന്നു. ഞാനും ശിവരഞ്ജിനിയും ആയിരുന്നു നായകനും നായികയും. ചാരുഹാസന്‍ മെയിന്‍ വില്ലന്‍. ആനന്ദ് മറ്റൊരു പ്രതിനായകവേഷം ചെയ്തിട്ടുണ്ടായിരുന്നു. സുജാത എന്ന് തൂലികനാമം സ്വീകരിച്ചിട്ടുള്ള ഒരെഴുത്തുകാരന്‍റേതായിരുന്നു അതിന്‍റെ കഥ.
ആ സീരിയല്‍ നല്ലൊരു അഭിപ്രായം നേടിയിരുന്നു. കാണുന്നവര്‍ക്കെല്ലാം ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. അതിനെക്കുറിച്ചും 'നാന'യില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഞാന്‍ കൊല്ലത്ത് 'നാന'യുടെ ഓഫീസില്‍ പോകുകയും അവിടെ ഏവരേയും പരിചയപ്പെടുകയും ചെയ്തിട്ടുണ്ട്. അന്ന് മുതല്‍ 'നാന'യുമായുള്ള എന്‍റെ അടുപ്പത്തിന് കുറെക്കൂടി ശക്തികൂടി എന്നുവേണം പറയാന്‍.
ഒരു നടനെന്ന നിലയില്‍ എനിക്ക് നല്ല സപ്പോര്‍ട്ട് തന്നിട്ടുണ്ട്. 'നാന' 50 വര്‍ഷം പൂര്‍ത്തിയാക്കി എന്നറിയുമ്പോള്‍ സന്തോഷമുണ്ട്. എല്ലാ നന്മകളും ആശംസകളും നേരുന്നു.