'നാന' സിനിമാവാരിക വായിക്കുന്നതിന് വായനക്കാര്‍ക്ക് പ്രായപരിധിയുണ്ടോ? ഇല്ല. ഏത് പ്രായക്കാര്‍ക്കും വായിക്കാം.
എന്നാല്‍, എന്‍റെ അനുഭവത്തില്‍ ഒരു മധ്യവയസ്ക്കനില്‍ നിന്നും അങ്ങനെ പ്രായപരിധിയുണ്ടെന്ന് പറഞ്ഞ കാര്യം ഞാനോര്‍ക്കുന്നു. വര്‍ഷങ്ങള്‍ക്കും മുന്‍പാണ്.
മലയാളസിനിമ ബ്ലാക്ക്& വൈറ്റ് മാത്രമായി പുറത്തിറങ്ങിയിരുന്ന കാലം. അന്ന്, സിനിമാപ്രസിദ്ധീകരണങ്ങളും ബ്ലാക്ക് ആന്‍റ് വൈറ്റായിരുന്നു. ആ പഴയകാലത്ത് ഞാന്‍ ദേശീയ വായനശാലയില്‍ പോയപ്പോള്‍ പതിവില്‍ നിന്നും വ്യത്യസ്തമായ ഒരു സിനിമാപ്രസിദ്ധീകരണം കണ്ടു.
അത് 'നാന'യായിരുന്നു. 'നാന' അന്ന് പെട്ടെന്ന് എന്‍റെ ശ്രദ്ധയില്‍പ്പെടാന്‍ കാരണം വര്‍ണ്ണചിത്രത്തിലുള്ള മനോഹരമായ 'മുഖചിത്രം' കണ്ടിട്ടാണ്. ഉള്‍പേജിലെ ചില പേജുകളിലും വര്‍ണ്ണചിത്രങ്ങള്‍ കണ്ടു. ഇതെല്ലാം വളരെ അഴകായിരുന്നു. കെട്ടിലും മട്ടിലും പുതുമയുണ്ടായിരുന്നതുകൊണ്ട് അന്ന് മുതല്‍ ഞാന്‍ 'നാന'യുടെ വായനക്കാരനായി.
ഈ വായനശാലയില്‍ ഒരു കോപ്പി മാത്രമേയുള്ളൂ. അതുകൊണ്ട് ഏത് സമയത്തുചെന്നാലും 'നാന' വായിക്കാന്‍ കഴിയണമെന്നില്ല. അങ്ങനെ കിട്ടാതെ വന്നുതുടങ്ങിയപ്പോള്‍ 'നാന' ഞാന്‍ പുറത്ത് കടകളില്‍ നിന്നും വാങ്ങി വായിക്കാന്‍ തുടങ്ങിയിരുന്നു.
ഒരിക്കല്‍ ഞാന്‍ ഇടപ്പള്ളിയിലെ ഒരു പെട്ടിക്കടയില്‍ എന്തോ വാങ്ങാന്‍ കയറിയപ്പോള്‍ മധ്യവയസ്ക്കനായ കടയുടമ മടിയില്‍ ഒരു ബുക്ക് വച്ച് വായിക്കുന്നത് കണ്ടു. എന്നെ കണ്ടപ്പോള്‍ അയാള്‍ ഒന്ന് പരുങ്ങുന്നത് കണ്ടു. എന്താണ് രഹസ്യം പോലെ ഇരുന്ന് വായിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ഇത് 'നാന'യാണെന്ന് പറഞ്ഞ് ആ ബുക്ക് എന്നെ കാണിച്ചു.
ഇത്രയും പ്രായമായ ഞാന്‍ 'നാന'യൊക്കെ വായിക്കുന്നത് ആരെങ്കിലും കണ്ടാലോ എന്ന് വിചാരിച്ചാണ് മടിയില്‍ വച്ച് വായിക്കുന്നതെന്ന് അയാള്‍ പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു, അങ്ങനെയൊന്നുമില്ല...,'നാന' എല്ലാവര്‍ക്കും വായിക്കാവുന്നതാണ്.
എന്തായാലും നല്ല ഇന്‍ററസ്റ്റിംഗുള്ള ഒരു ബുക്കാണ് 'നാന'യെന്ന് അയാള്‍ പറഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി ഏതുപ്രായക്കാരും ഇഷ്ടപ്പെടുന്ന ഒരു പ്രസിദ്ധീകരണമാണ് 'നാന'യെന്ന്.
കൊച്ചുകൊച്ചു വാര്‍ത്തകളം ചെറിയ ലേഖനങ്ങളും കൗതുകം തരുന്ന നല്ല നല്ല ഫോട്ടോകളും ഒക്കെയായി 'നാന' വരുമ്പോള്‍ അത് വായിക്കാനും പുതിയ സിനിമാക്കാര്യങ്ങളുടെ അറിവ് നേടാനും കഴിയുമായിരുന്നു.
ഓരോ പുതിയ സിനിമകളെക്കുറിച്ചറിയാനും നടീനടന്മാരെ തിരിച്ചറിയാനും സംവിധായകരുടെയൊക്കെ പേരുകള്‍ അറിയാനുമൊക്കെ 'നാന'യിലൂടെ കഴിയുമായിരുന്നു. അന്നൊക്കെ സിനിമകളെക്കുറിച്ചറിയാന്‍ സിനിമാപ്രസിദ്ധീകരണം വായിക്കുക മാത്രമാണ് ആശ്രയം.
സിനിമയിലേക്ക് എത്തിപ്പെടാനുള്ള ഒരു മോഹം മനസ്സില്‍ ഉദിക്കുന്നതുപോലും 'നാന'യൊക്കെ വായിച്ചിട്ടാണ്.
അങ്ങനെ കാലം കഴിഞ്ഞു. ഞാനും സിനിമയിലെത്തി.
സിദ്ദിഖ്- ലാല്‍മാരുടെ ചിത്രങ്ങളും അവരുടെ പുതിയ സിനിമകളെക്കുറിച്ചുള്ള വിവരങ്ങളുമൊക്കെ 'നാന'യില്‍ കാണുമ്പോഴെല്ലാം സന്തോഷിച്ചിട്ടുണ്ട്. പിന്നീട് ഞങ്ങളുടെ സിനിമയെക്കുറിച്ചും 'നാന' എഴുതി. ഞങ്ങളുടെ ഫോട്ടോകളും പ്രസിദ്ധീകരിച്ചു. ഞാനിപ്പോഴും ഓര്‍ക്കുന്നു. 'മിസ്റ്റര്‍ ആന്‍റ് മിസ്സിസ്' എന്ന സിനിമയുടെ സെറ്റില്‍ 'നാന'യുടെ പ്രതിനിധികള്‍ വന്നിരുന്നു. പുതിയ എഴുത്തുകാരാണെന്ന നിലയില്‍ ഞങ്ങളെ അന്ന് 'നാന' പ്രത്യേകം പരിഗണിക്കുകയും ഫോട്ടോ എടുക്കുകയും ഒക്കെ ചെയ്തിരുന്നു. അതെല്ലാം പിന്നീട് 'നാന'യിലൂടെ കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നിയിരുന്നു.
അതിനുശേഷം 'കുസൃതിക്കുറുപ്പ്' എന്ന സിനിമയുടെ ഷൂട്ടിംഗ് ഒറ്റപ്പാലത്ത് നടക്കുമ്പോള്‍ സംഭവിച്ച ഒരു കാര്യം 'നാന'യില്‍ കൗതുകവാര്‍ത്തയായി വന്നു.
ആ സിനിമയുടെ സംവിധായകന്‍ വേണുഗോപനാണ്. തിരക്കഥ എഴുതുന്നത് ഞാനും റാഫിയും കൂടിയാണ്. ഒരു ദിവസം 'നാനാ'ക്കാര്‍ സെറ്റിലുള്ളപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും കൂടി ലൊക്കേഷനില്‍ നിന്നും ഹോട്ടല്‍ മുറിയിലേക്ക് ഒന്നുപോകാന്‍ കാര്‍ എടുത്തപ്പോള്‍ ഞങ്ങളും വരുന്നുവെന്ന് പറഞ്ഞ് അവരും ഞങ്ങളുടെ കാറില്‍ കയറി. കുറച്ചുദൂരം പോയി കഴിഞ്ഞപ്പോള്‍ ഞാന്‍ കാര്‍ നിര്‍ത്തി. റാഫിയോട് പറഞ്ഞു ഇനി കാറോടിക്കാന്‍. അങ്ങനെ ഞങ്ങള്‍ നാലുപേരും കൂടി ഹോട്ടലിലെത്തി.
എനിക്കന്ന് പെട്ടെന്ന് വല്ലാത്തൊരു തലവേദനവന്നപ്പോഴാണ് റാഫിയോട് കാറോടിക്കാന്‍ പറഞ്ഞത്. ഞാനിത് കൈകൊണ്ട് ആംഗ്യം കാണിച്ചപ്പോള്‍ റാഫിക്ക് കാര്യം പിടികിട്ടിയതുകൊണ്ടാണ് റാഫി അപ്പോള്‍ ഡ്രൈവിംഗ് സീറ്റിലേയ്ക്കെത്തിയത്.
ഈ സംഭവം പിറ്റേ ആഴ്ചയിലെ 'നാന'യില്‍ ഒരു കൗതുകവാര്‍ത്തയായി അച്ചടിച്ചുവന്നിരുന്നു. ഇരട്ട തിരക്കഥാകൃത്തുക്കളായ റാഫിയും മെക്കാര്‍ട്ടിനും എഴുത്തില്‍ മാത്രമല്ല, അവരുടെ എല്ലാ ജോലികളിലും ഫിഫ്റ്റി ഫിഫ്റ്റിയാണ്. കാര്‍ ഡ്രൈവ് ചെയ്താലും പകുതി ദൂരം റാഫിയും പകുതിദൂരം മെക്കാര്‍ട്ടിനുമാണ് ഓടിക്കുന്നതെന്ന്.
ഈ കൗതുകവാര്‍ത്ത അന്ന് വായിച്ച പലരും ചിരിച്ചു. ഈ ഞാനും.
50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്ന 'നാന'യ്ക്ക് അഭിനന്ദനങ്ങള്‍. ഇനിയുമിനിയും 'നാന'യ്ക്ക് മേല്‍ക്കുമേല്‍ അഭിവൃദ്ധിയുണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.