കുറെ വർഷങ്ങൾക്കുമുമ്പ്. തമിഴ്‌നടൻ അർജ്ജുനും നടി മധുബാലയും അഭിനയിച്ച് നിർമ്മാതാവ് കെ.ടി. കുഞ്ഞുമോൻ നിർമ്മിച്ച് റിലീസായ ഒരു തമിഴ് സിനിമയുണ്ട്. ജെന്റിൽമാൻ.
തമിഴിലും മലയാളത്തിലും ഒന്നുപോലെ റിലീസാകുകയും സൂപ്പർ ഹിറ്റായി ഓടുകയും ചെയ്ത ജെന്റിൽമാൻ എന്ന സിനിമ പ്രേക്ഷകരെ ആവോളം കീഴടക്കിയിരുന്നു. 30 വർഷങ്ങൾക്കുമുമ്പ് റിലീസായ ആ സിനിമ ഇന്നും പ്രേക്ഷകമനസ്സുകളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. നിരവധി സിനിമകൾ നിർമ്മിച്ച് പേരും പെരുമയും ചാർത്തിയിട്ടുള്ള നിർമ്മാതാവ് കെ.ടി. കുഞ്ഞുമോന് ആ സിനിമയോടെ ജെന്റിൽമാൻ കുഞ്ഞുമോൻ എന്ന പേരും വീണു.
ജെന്റിൽമാൻ സിനിമയ്ക്ക് ഇപ്പോൾ ഒരു തുടർഭാഗം 'ജെന്റിൽമാൻ 2' എന്ന പേരിൽ വരുന്നു. ഈ സിനിമയിൽ ഒരു പുതുമുഖ നായിക കൂടി അരങ്ങേറ്റം ചെയ്യുന്നു.
നയൻതാര ചക്രവർത്തി. പ്രേക്ഷകർക്ക് നന്നെ പരിചയമുള്ള ഈ കുട്ടി ബാലനടിയായി കുറെ സിനിമകളിൽ അഭിനയിച്ചിരിക്കുന്നതുകൊണ്ടുതന്നെ പരിചിതമാണ്
.
ബാലനടിയായി അഭിനയിച്ച സിനിമകൾ?
കിലുക്കം, കിലുകിലുക്കം, ലിറ്റിൽ സൂപ്പർമാൻ, ട്രിവാൻഡ്രം ലോഡ്ജ്, മറുപടി, ലൗഡ് സ്പീക്കർ, സ്വർണ്ണം, പോപ്പിൻസ്, ഈ പട്ടണത്തിൽ ഭൂതം... ഇങ്ങനെ കുറെ ചിത്രങ്ങൾ.
ജെന്റിൽമാൻ സിനിമയുടെ രണ്ടാം ഭാഗത്തിൽ നായികയായിരിക്കുകയാണല്ലോ..?
എനിക്ക് കിട്ടിയ വലിയ ഭാഗ്യങ്ങളിൽ ഒന്നായി ഞാനിതിനെ കാണുന്നു. പ്ലസ് ടൂ വിദ്യാഭ്യാസം കഴിഞ്ഞശേഷം മലയാളത്തിലായാലും തമിഴിലായാലും ഏതെങ്കിലുമൊരു സിനിമയിൽ നായികയായി വരണമെന്നതായിരുന്നു എന്റെ ആഗ്രഹം. അതിപ്പോൾ ജെന്റിൽമാൻ പോലൊരു സിനിമയിലൂടെ സംഭവിച്ചതിൽ അതിയായ സന്തോഷമുണ്ട്. എന്റെ അച്ഛൻ, അമ്മ എന്നിവരാണ് എന്നെക്കാൾ കൂടുതൽ സന്തോഷിക്കുന്നത്. അവരുടെ യൗവ്വനകാലത്ത് ജെന്റിൽമാൻ സിനിമ കണ്ട് ആനന്ദിച്ചവരാണ് അവർ. അതിന്റെ തുടർഭാഗം വരുമ്പോൾ ആ സിനിമയിൽ ഞാൻ നായികയായി വരുന്നു എന്നറിയുമ്പോൾ അവരെന്തായാലും സന്തോഷിക്കാതിരിക്കില്ലല്ലോ.
സംവിധായകൻ, മറ്റ് ടെക്‌നീഷ്യൻസ് ഒക്കെ?
ഡയറക്ടർ ഗോകുൽ കൃഷ്ണ, ഗാനങ്ങൾ എഴുതുന്നത് വൈരമുത്തു സാർ. കലാസംവിധായകൻ തോട്ടാധരണി. ക്യാമറ അജയൻ വിൻസന്റ്.
ഷൂട്ടിംഗ് എന്നുതുടങ്ങുന്നു? എങ്ങനെയാണ് ഷെഡ്യൂൾ പ്ലാൻ ചെയ്തിരിക്കുന്നത്?
ഷൂട്ടിംഗ് തുടങ്ങുന്നത് ഹൈദരാബാദിലായിരിക്കും. പിന്നീട് പല ലൊക്കേഷനിലായി ഷൂട്ടിംഗ് തീരും. ധാരാളം വർക്കുള്ള സിനിമയാണ്.
നായികയായി ഈ അവസരം വന്നത് എങ്ങനെയാണ്?
എന്നെ കുട്ടിക്കാലം മുതലേ അറിയാവുന്നതും അടുപ്പമുള്ളതുമായ ഒരു ചലച്ചിത്ര പത്രപ്രവർത്തകനാണ് നിർമ്മാതാവ് കുഞ്ഞുമോൻ സാറിന് എന്റെ പുതിയ ഫോട്ടോകൾ അയച്ചുകൊടുത്തത്. അങ്ങനെയാണ് എന്നെ ഈ സിനിമയിലേക്ക് സെലക്ട് ചെയ്യുന്നത്.
എറണാകുളത്ത് ചോയ്‌സ് സ്‌ക്കൂളിലായിരുന്നു പഠനം അല്ലേ?
അതെ. പ്ലസ് ടു വരെ അവിടെ പഠിച്ചു.
ഒരു സഹോദരനുണ്ടല്ലെ?
അതെ. ആറ് വയസ്സ് കഴിഞ്ഞു. പേര് അയാൻ ചക്രവർത്തി. ഇവിടെ എറണാകുളത്ത് തന്നെ ജെംസ് മോഡേൺ അക്കാദമിയിൽ പഠിക്കുന്നു. ഒന്നാം സ്റ്റാൻഡിൽ ഞങ്ങൾ വലിയ കൂട്ടാണ്. അയാനും സിനിമയോടൊക്കെ താൽപ്പര്യങ്ങളുണ്ട്. സ്‌ക്കൂളിൽ ഈയിടെ മോണോ ആക്‌ടൊക്കെ ചെയ്തിരുന്നു...
അയാനും വൈകാതെ സിനിമയിലെത്തുമെന്ന് പ്രതീക്ഷിക്കാം. അല്ലേ...?
ഉം.. അതെ... പ്രതീക്ഷിക്കാം...