ശിവകാർത്തികേയൻ നായകനായ 'കനാ', ഉദയനിധി സ്റ്റാലിൻ കഥാനായകനായ 'നെഞ്ചുക്കു നീതി' ജയ് നായകനായ വെബ് സീരീസായ 'ലേബിൾ' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധായകനാണ് അരുൺരാജാ കാമരാജ്. ഇദ്ദേഹം അടുത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻ താരയാണത്രെ കഥാനായകിയായി അഭിനയിക്കുന്നത്. തുടർന്ന് നായികാ പ്രാധാന്യമുള്ള കഥകളെ തിരഞ്ഞെടുത്തു അഭിനയിക്കുന്ന നയൻതാരക്ക്, അരുൺരാജാ കാമരാജ് ഒരുക്കിയിരിക്കുന്ന കഥ വളരെ ഇഷ്ട്ടപെട്ടു എന്നും അതിനാൽ ഈ ചിത്രത്തിൽ അഭിനയിക്കാൻ താരം ഉടനേ സമ്മതിക്കുകയും ചെയ്തു എന്നാണു റിപ്പോർട്ട്. ഈ ചിത്രം നിർമ്മിക്കുന്നത് തമിഴിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ പ്രിൻസ് പിക്ചേർസാണത്രെ!
'കോലമാവ് കോകില', 'മായ', 'അറം' തുടങ്ങി നിരവധി നായികാ പ്രാധാന്യമുള്ള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നയൻതാരയുടെതായി അടുത്ത് പുറത്തുവരാനിരിക്കുന്ന ചിത്രങ്ങൾ 'അന്നപൂരണി', 'ടെസ്റ്റ്', 'മണ്ണാങ്കട്ടി' തുടങ്ങിയവയാണ്. താരത്തിന്റേതായി ഈയിടെ പുറത്തുവന്ന 'ഇരൈവൻ' എന്ന ചിത്രം പരാജയമായിരുന്നു. ഈ ചിത്രത്തിൽ 'ജയം' രവിയായിരുന്നു നായകൻ. ഷാരുഖാനോടൊപ്പം നയൻതാര അഭിനയിച്ച 'ജവാൻ' എന്ന ഹിന്ദി ചിത്രം സൂപ്പർഹിറ്റായെങ്കിലും അതിന് മുൻപായി തമിഴിൽ പുറത്തുവന്ന നയൻതാരയുടെ മിക്ക ചിത്രങ്ങളും പരാജയമായിരുന്നു. അതിനാൽ തമിഴിൽ ഒരു ഹിറ്റ് ചിത്രത്തിനായി കാത്തിരിക്കുകയാണ് നയൻതാര! അരുൺരാജാ കാമരാജ്മായുള്ള നയൻതാരയുടെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.