തമിഴിൽ 'മണ്ണാങ്കട്ടി', 'ടെസ്റ്റ്', 'ഗുഡ് ബാഡ് അഗ്‌ളി', 'മൂക്കുത്തി അമ്മൻ' രണ്ടാം ഭാഗം, ഗൗതം വാസുദേവൻ മമ്മുട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മലയാള ചിത്രം തുടങ്ങി ഒരുപാട് ചിത്രങ്ങളാണ് നയൻതാരയുടേതായി അടുത്തടുത്ത് റിലീസാകാനിരിക്കുന്നത്. ഈ സാഹചര്യത്തിൽ നായികാ പ്രാധാന്യമുള്ള മറ്റൊരു തമിഴ് സിനിമയിലും നയൻതാര അഭിനയിക്കാനിരിക്കുകയാണെന്നുള്ള വാർത്ത ലഭിച്ചിട്ടിട്ടുണ്ട്. ഈ ചിത്രം സംവിധാനം ചെയ്യുന്നത് 2019-ൽ നയൻതാര നായികയായി അഭിനയിച്ചു പുറത്തുവന്ന 'അയിര' എന്ന ചിത്രം സംവിധാനം ചെയ്ത സർജുൻ ആണ്. 'അയിര' ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും ചിത്രത്തിന്റെ മേക്കിങ്ങ്, നയൻതാര അവതരിപ്പിച്ച കഥാപാത്രം തുടങ്ങിയവക്ക് വിമർശകരുടെ പ്രശംസ ലഭിച്ചിരുന്നു. എന്നാൽ സർജനും, നയൻതാരയും വീണ്ടും ഒന്നിച്ച് ഒരുക്കുന്ന ഈ ചിത്രം ചലച്ചിത്ര നിരൂപകനായ ഭരദ്വാജ് രംഗൻ്റെ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ്. കോളിവുഡിലെ പ്രശസ്ത നിരൂപകനാണ് ഭരദ്വാജ് രംഗൻ. അദ്ദേഹം എഴുതിയ കഥ സിനിമയാകുന്നത് ഇത് ആദ്യമായാണ്. ഈ ചിത്രം നിർമ്മിക്കുന്നത് സൂര്യ നായകനായ 'സിങ്കം-2', കാർത്തി നായകനായ 'ദേവ്', 'സർദാർ' തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച പ്രിൻസ് പിക്‌ചേഴ്‌സാണ്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.