2020, കോവിഡ് കാലഘട്ടത്തിൽ ഡിസ്‌നി ഹോട്ട് സ്റ്റാറിൽ പുറത്തുവന്ന തമിഴ് ചിത്രമാണ് 'മൂക്കുത്തി അമ്മൻ. നയൻതാര നായകിയായി അഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ആർ.ജെ.ബാലാജിയും അദ്ദേഹത്തിന്റെ സുഹൃത്ത് ശരവണനും ചേർന്നാണ്. നയൻതാരക്കൊപ്പം സംവിധായകനായ ആർ.ജെ.ബാലാജി, ഉർവശി, സ്മൃതി വെങ്കട്ട്, അജയ് ഘോഷ് തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിച്ചിരുന്നു.മികച്ച സ്വീകാര്യത ലഭിച്ച ഈ ചിത്രത്തിൻ്റെ രണ്ടാം ഭാഗം ഒരുക്കുന്നു എന്ന വാർത്ത മുൻപ് നാനയിൽ നൽകിയിരുന്നു. എന്നാൽ രണ്ടാം ഭാഗത്തിൽ മൂക്കുത്തി അമ്മനായി അഭിനയിക്കാൻ നയൻതാര വിസമ്മതിച്ചു എന്നും, താരം ഉയർന്ന പ്രതിഫലം ആവശ്യപ്പെട്ടെന്നും, അതിനാൽ ഈ കഥാപാത്രത്തിൽ അഭിനയിക്കാൻ തൃഷയുമായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ ചർച്ച നടത്തി വരികയാണ് എന്നുള്ള റിപ്പോർട്ടും അപ്പോൾ നൽകിയിരുന്നു.എന്നാൽ ഇപ്പോൾ 'മൂക്കുത്തി അമ്മൻ' രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. അതിൽ മൂക്കുത്തി അമ്മനായി നയൻതാര തന്നെയാണ് അഭിനയിക്കുന്നത് എന്നുള്ള വാർത്തയും പുറത്തുവന്നിട്ടുണ്ട്. ആദ്യത്തെ ഭാഗം നിർമ്മിച്ച ഐസരി ഗണേഷിനൊപ്പം നയൻതാരയും ചേർന്നാണത്രെ രണ്ടാം ഭാഗം നിർമ്മിക്കുന്നത്. രണ്ടാം ഭാഗത്തിൽ നയൻതാര മൂക്കുത്തി അമ്മനായും, അവളുടെ ഭക്തയായും രണ്ട് വേഷങ്ങളിൽ എത്തുമെന്നും പറയപ്പെടുന്നുണ്ട്. മറ്റുള്ള അഭിനേതാക്കളുടെയും, സാങ്കേതിക വിദഗ്ധരുടെയും പേരുകൾ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. അത് അടുത്തുതന്നെ ഉണ്ടാകുമത്രെ!