സ്വപ്നം പോലെ മലയാളസിനിമയിലേക്ക് കയറിവന്ന് സ്വപ്നതുല്യമായ വന്‍ വിജയങ്ങളിലേക്ക് നടന്നുകയറിക്കൊണ്ടിരിക്കുകയാണ് 2024 ല്‍ നസ്രിയ. ആറാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് ബ്ലെസി സംവിധാനം ചെയ്ത പളുങ്ക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വന്നത്. പിന്നീടങ്ങോട്ട് മലയാളികള്‍ നസ്രിയയെ കണ്ടത് തൊടുന്നതെല്ലാം പൊന്നാക്കുന്ന ഭാഗ്യനായികയായാണ്. സിനിമയില്‍ മാത്രമല്ല നടന്‍ ഫഹദ്ഫാസിലിന്‍റെ ജീവിതത്തിലും നസ്രിയ ഭാഗ്യനായികയാണ്.
2024 നടിക്ക് അക്ഷരാര്‍ത്ഥത്തില്‍ ഭാഗ്യവര്‍ഷമാണെന്ന് വേണം പറയാന്‍. ഫഹദ്-നസ്രിയ നിര്‍മ്മാണ പങ്കാളികളായ ചിത്രം പ്രേമലു 100 കോടി ക്ലബ്ബില്‍ കടന്നതും 2024 ല്‍ തന്നെ. അതിനുശേഷം നസ്രിയ നായികയായി വന്ന സൂക്ഷ്മദര്‍ശിനിയാണ് ഇപ്പോള്‍ വമ്പന്‍ ഹിറ്റിലേക്ക് നടന്നടുക്കുന്നത്. ഡിസംബര്‍ മാസത്തില്‍ മുപ്പതാം പിറന്നാള്‍ ആഘോഷിച്ചിരിക്കുകയാണ് മലയാളത്തിന്‍റെ സ്വന്തം നായിക നസ്രിയ. 30 കളിലേക്ക് നടന്നടുക്കുമ്പോള്‍ നസ്രിയ തൊടുന്നതെല്ലാം പൊന്നാക്കി മാറ്റുകയാണ്.
വിവാഹത്തിനുശേഷം പല പുരോഗമനകലാകാരന്മാരും ഭാര്യയെ വീട്ടമ്മയാക്കുന്ന കാലത്ത് ഫഹദ്ഫാസില്‍ അഭിനയജീവിതത്തില്‍ നസ്രിയയ്ക്ക് ഒപ്പം തന്നെ നിന്നു. താരത്തിന്‍റെ ഇഷ്ടങ്ങളില്‍ ഫഹദും ഭാഗമായി. വിവാഹം കഴിഞ്ഞ് 10 വര്‍ഷം പിന്നിട്ടിട്ടും കുടുംബജീവിതത്തിലെ സംഘര്‍ഷങ്ങളും ഉത്തരവാദിത്വങ്ങളും എല്ലാം വളരെ കൂളായി എടുക്കുന്ന ഒരു പെണ്‍കുട്ടിയാണ് നസ്രിയയെന്ന് ഒരിക്കല്‍ അഭിമുഖത്തില്‍ ഫഹദ് ഫാസില്‍ പറഞ്ഞിട്ടുണ്ട്. സിനിമയില്‍ എന്നെപോലെതന്നെ ജീവിതത്തിലും വളരെ സ്പെഷ്യലാണ് ഫഹദ് ഫാസിലിന് നസ്രിയ.
നര്‍മ്മം കലര്‍ന്ന കുസൃതിയോടെയാണ് തിരക്കഥാകൃത്തുക്കള്‍ നസ്രിയയുടെ കഥാപാത്രങ്ങള്‍ സൃഷ്ടിച്ചെടുക്കാറ്. യഥാര്‍ത്ഥ ജീവിതത്തിലും കുസൃതി തന്നെയാണ് നസ്രിയ എന്നാണ് സഹ അഭിനേതാക്കളും പറഞ്ഞിട്ടുള്ളത്. യഥാര്‍ത്ഥ ജീവിതത്തിലും ക്യാമറയ്ക്ക് മുന്നിലും ഒരേപോലെ പെരുമാറുക എന്നത് വളരെ ചുരുക്കം ചിലര്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ. കപടമുഖങ്ങള്‍ ഒട്ടുമില്ലാതെ തന്നെ തിരശ്ശീലയ്ക്ക് മുന്‍പിലും പിന്നിലുമായി നസ്രിയ ആരാധകഹൃദയങ്ങള്‍ കീഴടക്കിക്കൊണ്ടിരിക്കുകയാണ്.
വിവാഹിതയായതിനുശേഷം നാലുവര്‍ഷത്തെ ഇടവേള എടുത്തു. ശേഷം 'കൂടെ' എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തി. പിന്നീട് വളരെ സെലക്ടീവായി മാത്രമേ തിരക്കഥകള്‍ തെരഞ്ഞെടുക്കാറുള്ളൂ. പക്ഷേ എടുക്കുന്ന സിനിമകളൊക്കെ വമ്പന്‍ ഹിറ്റുകളുമാണ്. അതുതന്നെയാണ് നസ്രിയയുടെ മാജിക്കും.
2016 ല്‍ തിരുവനന്തപുരത്ത് താമസമാക്കിയ നടിയുടെ കുടുംബം കലാപരമായ കഴിവുകള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഒരുപാട് പരിശ്രമിച്ചിരുന്നു. ദുബായിലായിരുന്നു അതിന് മുന്‍പ് നസ്രിയ വളര്‍ന്നത്. അന്നും മിനിസ്ക്രീന്‍ ഉള്‍പ്പെടെ സജീവമായിരുന്നു. ആറാംക്ലാസില്‍ പഠിക്കുന്ന സമയത്താണ് സംവിധായകന്‍ ബ്ലെസിയുടെ പളുങ്ക് എന്ന ചിത്രത്തില്‍ ആദ്യമായി അഭിനയിക്കുന്നത്. അതിനുശേഷം മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തിയ പ്രമാണിയിലും ശ്രീനിവാസന്‍റെ ഒരു നാള്‍ വരും എന്ന സിനിമയിലും മകളായി വേഷമിട്ടു. ഈ സിനിമകളിലൊന്നും നസ്രിയ എന്ന നടിയെ അടയാളപ്പെടുത്താന്‍ മലയാളികള്‍ക്ക് സാധിച്ചിരുന്നില്ല. പക്ഷേ വളരെ ചെറിയ കഥാപാത്രങ്ങള്‍ അനായാസം കൈകാര്യം ചെയ്യുന്ന നസ്രിയയെ പല സംവിധായകരും അക്കാലത്തുതന്നെ ശ്രദ്ധിച്ചിരുന്നു.
ക്രൈസ്റ്റ് നഗറിലാണ് പ്ലസ് ടൂ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.ആ സമയത്താണ് ടെലിവിഷന്‍ ചാനലുകളില്‍ റിയാലിറ്റി ഷോയില്‍ അവതാരകയായി വരുന്നത്. അന്ന് ഒരുപാട് ഓഫറുകള്‍ ലഭിച്ചിരുന്നെങ്കിലും താരത്തിന്‍റെ സ്വപ്നം സിനിമയായിരുന്നില്ല. നായികയാകാനുള്ള ആത്മവിശ്വാസം അക്കാലത്ത് തനിക്ക് ഒട്ടും ഇല്ലായിരുന്നു എന്നാണ് പില്‍ക്കാലത്ത് അഭിമുഖങ്ങളിലൂടെ നസ്രിയ പറഞ്ഞത്. സംവിധായകന്‍ അല്‍ഫോണ്‍സ്പുത്രന്‍ യുവ എന്ന മ്യൂസിക് ആല്‍ബത്തിലേക്ക് പിന്നീട് നടിയെ അഭിനയിക്കാന്‍ ക്ഷണിച്ചു. നിവിനും പ്രധാന കഥാപാത്രമായെത്തിയ മ്യൂസിക് ആല്‍ബം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. പില്‍ക്കാലത്ത് നസ്രിയയുടെ കരിയര്‍ തന്നെ മാറ്റിമറിച്ച ചിത്രം നേരത്തിലും അല്‍ഫോണ്‍സ്പുത്രന്‍റെയും നിവിന്‍റെയും സാന്നിദ്ധ്യം ഉണ്ടായിരുന്നു.
നേരം പുറത്തിറങ്ങിയ സമയത്തൊന്നും ഒരുപാട് ഓഫറുകള്‍ കിട്ടുമെന്നൊന്നും നസ്രിയ കരുതിയിരുന്നില്ല. ഇത്രയധികം ജനപ്രീതി കൈവരിച്ചത് വളരെ അപ്രതീക്ഷിതമായിരുന്നുവെന്നും അന്യഭാഷകളില്‍ അഭിനയിക്കുമെന്ന് അന്നൊന്നും കരുതിയിട്ടുണ്ടായിരുന്നില്ലെന്നും നടി അഭിമുഖങ്ങളിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. കുടുംബപ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ മിടുക്കിക്ക് വളരെ പെട്ടെന്ന് തന്നെ സിനിമാപ്രേമികളുടെയും ഹൃദയം കീഴടക്കാന്‍ സാധിച്ചു.
ആദ്യമായി നായികയായി അഭിനയിച്ച ചിത്രം മാഡ് ഡാഡ് ആയിരുന്നു. പക്ഷേ ആ സിനിമ അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പിന്നീട് പുറത്തിറങ്ങിയ നേരം, ഓംശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്സ്, കൂടെ എന്ന സിനിമകളിലൂടെയാണ് നായകനൊപ്പം തന്നെ പ്രാധാന്യമുള്ള വേഷങ്ങള്‍ നസ്രിയയേയും തേടിയെത്തിയത്. അതിനുശേഷമാണ് തമിഴ് ഡയറക്ടര്‍ അറ്റ്ലിയുടെ രാജാറാണി ഉള്‍പ്പെടെ രണ്ട് തമിഴ് സിനിമകളുടെ ഭാഗമായി. രണ്ട് ചിത്രങ്ങളും ബോക്സ് ഓഫീസില്‍ വലിയ വിജയം നേടിയതായിരുന്നു. ഓം ശാന്തി ഓശാന എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നസ്രിയ സ്വന്തമാക്കി.