1965-ൽ തമിഴ്‌നാട്ടിൽ നടന്ന ഹിന്ദി വിരുദ്ധ പ്രസ്ഥാനത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ
തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ സൂര്യ ഇപ്പോൾ 'ശിരുത്തൈ' ശിവ സംവിധാനം ചെയ്യുന്ന 'ഗംഗുവ'യിലാണ് അഭിനയിക്കുന്നത്. ഇതിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണ്. ഈ ചിത്രത്തിന് ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ അഭിനയിക്കുന്നത് എന്നും ഈ ചിത്രത്തിൽ സൂര്യക്കൊപ്പം ദുൽഖർ സൽമാനും അഭിനയിക്കുന്നുണ്ട് എന്നുള്ള വിവരം മുൻപ് നൽകിയിരുന്നു. ഇന്നലെ ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നതിൽ നിന്നും ഈ ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത് നസ്രിയ ഫഹദ് ഫാസിലാണെന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.
2014-ൽ പുറത്തുവന്ന 'തിരുമണം എന്നും നിക്കാഹ്' എന്ന ചിത്രമാണ് സസ്രിയ തമിഴിൽ അഭിനയിച്ചു പുറത്തുവന്ന അവസാനത്തെ ചിത്രം. ഏകദേശം 9 വർഷങ്ങൾക്ക് ശേഷം നസ്രിയ തമിഴിൽ റീ-എൻട്രിയാകുന്ന ഈ ചിത്രം സൂര്യയുടെ 43-ാമത്തെ ചിത്രമാണ്. സൂപ്പർഹിറ്റായ 'സൂരറൈ പോട്രു' എന്ന ചിത്രത്തിന് ശേഷം സുധാകൊങ്കരയും, സൂര്യയും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രത്തിനും 'സൂരറൈ പോട്രു'വിന് സംഗീതം നൽകിയ ജി.വി.പ്രകാശ് തന്നെയാണ് സംഗീതം ഒരുക്കുന്നത്. ഇത് ജി.വി. പ്രകാശിന്റെ നൂറാമത്തെ ചിത്രം കൂടിയാണ്. സൂര്യയുടെ '2ഡി'യാണ് ചിത്രം നിർമ്മിക്കുന്നത്.
1965-ൽ തമിഴ്‌നാട്ടിൽ നടന്ന ഹിന്ദി വിരുദ്ധ പ്രസ്ഥാനത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. സുധ കൊങ്കര ഇപ്പോൾ സംവിധാനം ചെയ്തു വരുന്ന ചിത്രം 'സൂരറൈ പോട്രു'വിന്റെ ഹിന്ദി റീമേക്കാണ്. അടുത്തുതന്നെ ഈ ചിത്രം റിലീസാകാനിരിക്കുകയാണ്.