'ശിരുത്തൈ' ശിവ സംവിധാനം ചെയ്യുന്ന 'ഗംഗുവ' എന്ന ചിത്രത്തിലാണ് മുൻനിര താരങ്ങളിൽ ഒരാളായ സൂര്യ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ബിഗ് ബഡ്ജറ്റിൽ, 3Dയിൽ ഒരുങ്ങുന്ന ചിത്രമാണ് 'ഗംഗുവ'. ഈ ചിത്രത്തിനെ തുടർന്ന് സുധ കൊങ്ങര സംവിധാനം ചെയ്യുന്ന തന്റെ 43-ാമത്തെ ചിത്രത്തിലാണ് സൂര്യ അഭിനയിക്കുന്നത്. ഈ സിനിമ സൂര്യയുടെ '2D എന്റർടെയ്ൻമെന്റാണ് നിർമ്മിക്കുന്നത്. 'സൂരറൈ പോട്രു' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സൂര്യയും, സുധാ കൊങ്കരയും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രത്തിനും ജി.വി.പ്രകാശ് കുമാർ തന്നെയാണ് സംഗീതം ഒരുക്കുന്നത്. ഈ ചിത്രത്തിൽ മലയാളത്തിന്റെ സ്വന്തം താരമായ ദുൽഖർ സൽമാനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവരികയും ആ വാർത്ത നാനയിൽ നൽകുകയും ചെയ്തിരുന്നു. അതോടൊപ്പം ഈ ചിത്രത്തിൽ നായികയായി അഭിനയിക്കാൻ സംവിധായകൻ ശങ്കറിന്റെ മകൾ അദിതി ശങ്കറുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നുള്ള വിവരവും നൽകിയിരുന്നു. എന്നാൽ ഇപ്പോൾ നായികയായി അഭിനയിക്കാൻ മലയാള സിനിമയിലേയും, തമിഴ് സിനിമയിലേയും പ്രശസ്ത താരവും, ഫഹദ് ഫാസിലിന്റെ പത്‌നിയുമായ നസ്രിയ കരാറിൽ ഒപ്പുവെച്ചു എന്നുള്ള വാർത്തയാണ് ഇപ്പോൾ കോളിവുഡിൽ വൈറലായി പ്രചരിച്ചുവരുന്നത്. അതേ നേരം അദിതി ശങ്കറിന് പകരക്കാരിയായാണോ, അല്ലെങ്കിൽ മറ്റൊരു നായികയായാണോ നസ്രിയ അഭിനയിക്കുന്നത് എന്നുള്ള കാര്യത്തിൽ വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ല.
'നേരം', 'രാജാ റാണി', 'നയ്യാണ്ടി' തുടങ്ങി ചില തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നസ്രിയ ഫഹദ് ഫാസിലിനെ വിവാഹം കഴിച്ചതിന് ശേഷം തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടില്ല. സുധാ കൊങ്കരയുമായുള്ള ചിത്രം സ്ഥിരീകരിക്കുകയാണെങ്കിൽ നസ്രിയ തമിഴിൽ റീ എൻട്രിയാകുന്ന, അതേ നേരം സൂര്യക്കൊപ്പം അഭിനയിക്കുന്ന ആദ്യത്തെ ചിത്രമായിരിക്കും ഇത്.