തമിഴിൽ `നേരം, 'രാജാ റാണി', 'നയ്യാണ്ടി, തിരുമണം എന്നും നിക്കാഹ്' തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച മലയാളി താരമായ നസ്രിയ വിവാഹത്തിന് ശേഷം ചില മലയാള സിനിമകളിൽ അഭിനയിച്ചിരുന്നു. എന്നാൽ തമിഴ് സിനിമകളിൽ അഭിനയിക്കുകയുണ്ടായില്ല. ഇപ്പോൾ കുറച്ചു വർഷങ്ങൾക്ക് ശേഷം നസ്രിയ വീണ്ടും തമിഴിൽ അഭിനയിക്കുകയാണ്. എന്നാൽ സിനിമയിലല്ല. ഒരു വെബ് സീരീസിലാണ് നസ്രിയ അഭിനയിക്കുന്നത്. ഈ വെബ് സീരീസിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സംവിധായകനും, നടനുമായ ഭാഗ്യരാജിന്റെ മകനായ ശാന്തനുവാണ്. അവർക്കൊപ്പമാണ് നസ്രിയ നായകി കഥാപാത്രത്തിനെ അവതരിപ്പിക്കുന്നത്. തമിഴിൽ ഒരുപാട് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള എ.എൽ.വിജയ് ആണ് ഈ വെബ് സീരിസിന്റെ നിർമ്മാതാവ്. സൂര്യ പ്രതാപ് ആണ് സംവിധാനം ചെയ്യുന്നത്. ഇപ്പോൾ ചിത്രീകരണം നടന്നു വരുന്ന ഈ വെബ് സീരീസ് 1940-കളുടെ പശ്ചാത്തലത്തിലുള്ള കഥയായിട്ടാണ് ഒരുങ്ങി വരുന്നത് എന്നാണ് റിപ്പോർട്ട്. അതായത് ഇത് തമിഴ്നാട്ടിൽ നടന്ന ലഷ്മി കണ്ഠൻ വധക്കേസിനെ അടിസ്ഥാനമാക്കിയുള്ള പരമ്പരയാണത്രെ. ഇതിൽ ത്യാഗരാജർ ഭാഗവതരുടെ വേഷം നട്ടി നടരാജാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. അഭിഭാഷകയുടെ വേഷത്തിലാണത്രെ നസ്രിയ അഭിനയിക്കുന്നത്.