NEWS

അനിവാര്യമാകുന്ന ചര്‍ച്ചകള്‍ -വിനേഷ് വിശ്വനാഥ്

News

ഒ.ടി.ടിയില്‍ സ്താനാര്‍ത്തി ശ്രീക്കുട്ടന്‍ റിലീസ് എത്തിയപ്പോള്‍ ചരിത്രമായിരുന്നു. സിനിമയിലെ ക്ലൈമാക്സില്‍ പറഞ്ഞുവയ്ക്കുന്ന ആശയം ഇന്ത്യയിലെ പല വിദ്യാലയങ്ങളിലും നടപ്പിലാക്കുന്നു. എന്നാല്‍ തിയേറ്ററില്‍ സിനിമ എത്തിയപ്പോള്‍ ഈ ചെറിയ സിനിമ നേരിട്ടത് വലിയ വെല്ലുവിളികളായിരുന്നു. ആള്‍ക്കാര്‍ വന്നിട്ടും ചില തിയേറ്ററുകളില്‍ ഷോ ഇല്ലെന്നു പറഞ്ഞ് മടക്കിയയച്ച അനുഭവമുണ്ടായിട്ടുണ്ട് തന്‍റെ സിനിമയ്ക്കെന്ന് സ്താനാര്‍ത്തി ശ്രീക്കുട്ടന്‍റെ സംവിധായകന്‍ വിനേഷ് വിശ്വനാഥ്  'നാന'യോട് സംസാരിക്കുന്നു.

സിനിമയ്ക്ക് ഒ.ടി.ടി.യില്‍ ലഭിച്ച സ്വീകാര്യത

കേരളത്തില്‍ ഇനി ബാക്ക് ബഞ്ചേഴ്സ് വേണമോയെന്ന് വിദ്യാഭ്യാസമന്ത്രി ചോദിച്ചത് വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരുന്നു. അതുപോലെ ഇന്ത്യയിലെ പല വിദ്യാലയങ്ങളിലും സ്താനാര്‍ത്തി ശ്രീക്കുട്ടന്‍റെ ക്ലൈമാക്സിലെ ആശയം ഉള്‍ക്കൊണ്ടത് സന്തോഷം നല്‍കുന്നുണ്ട്. നമ്മുടെ ചോരയും നീരും കൊടുത്ത് ഉണ്ടാക്കുന്ന ഒരു പ്രോഡക്ടിനെപ്പറ്റി ആളുകളൊക്കെ ചര്‍ച്ച ചെയ്യുമ്പോഴാണ് ഇനി അടുത്ത വര്‍ക്കില്‍ എന്തെല്ലാം കാര്യങ്ങളൊക്കെ കൂടുതലായി ശ്രദ്ധിക്കണമെന്ന ആലോചനയൊക്കെ നമുക്ക് വരിക. 

ചര്‍ച്ചകള്‍ നല്ലതോ ചീത്തയോ ആവട്ടെ, അത്തരത്തില്‍ ചര്‍ച്ച ചെയ്യുക എന്നത് മാത്രമാണ് പ്രധാനം. പ്രത്യേകിച്ചും സിനിമയെ മാത്രം ആശ്രയിച്ചിരിക്കുന്ന എന്നെപ്പോലെ ഒരാള്‍ക്ക് ഇത്തരം ചര്‍ച്ചകളും അഭിപ്രായങ്ങളുമൊക്കെ അനിവാര്യമാണ്. ഈ സിനിമയുടെ പ്രമോഷന്‍ നന്നായാല്‍ മാത്രമേ പ്രേക്ഷകര്‍ക്കും എഫര്‍ട്ട് എടുത്ത് തിയേറ്ററില്‍ വരാന്‍ തോന്നൂ.  പക്ഷേ സിനിമ ഒ.ടി.ടിയില്‍ വന്നതിനുശേഷം വളരെ നല്ല അഭിപ്രായങ്ങള്‍ കിട്ടുന്നുണ്ട്. അത്രയ്ക്കധികം കോളുകളും മെസ്സേജുകളും ഒക്കെയാണ് വന്നത്.

കുട്ടിത്താരങ്ങള്‍

ഈ സിനിമയുടെ ഹൃദയം തന്നെ കുട്ടികളാണെന്ന ബോധ്യമുള്ളതുകൊണ്ട് കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ കുട്ടികളെ കണ്ടെത്തുക എന്നതായിരുന്നു ആദ്യത്തെ ടാസ്ക്. ഇതിനകത്തുള്ള എല്ലാ കുട്ടികളെയും ഓഡിഷന്‍ വഴിയാണ് കണ്ടെത്തിയത്. മാത്രമല്ല അതിനുശേഷം 15 ദിവസം എല്ലാ കുട്ടികള്‍ക്കും ആക്ടിംഗ് വര്‍ക്ക്ഷോപ്പ് കൊടുത്തു.

സ്ക്രിപ്റ്റിനെകുറിച്ചുള്ള പൂര്‍ണ്ണമായ വ്യക്തതയും കൊടുത്തു. അതിനുശേഷമാണ് അത്രയും കുട്ടികളെ ലൊക്കേഷനിലേക്ക് എത്തിച്ചത്. ആക്ടിംഗ് ട്രെയിനര്‍ ആയിട്ടുള്ള സാം ജോര്‍ജും അദ്ദേഹത്തിന്‍റെ ടീമും ആണ് അതെല്ലാം ചെയ്തത്. ഈ സിനിമ ഷൂട്ട് ചെയ്തിട്ടുള്ളത് എറണാകുളത്താണ്. തിരുവനന്തപുരത്തുനിന്ന് കുറച്ചുകുട്ടികള്‍ മാത്രമേ ഈ സിനിമയില്‍ ഉള്ളൂ. എന്നാല്‍ സിനിമയിലെ കഥാപാത്രങ്ങള്‍ തിരുവനന്തപുരം ഭാഷ സംസാരിക്കണം. പക്ഷേ എല്ലാ കുട്ടികളും ആ റിസ്ക് ഏറ്റെടുത്തു ചെയ്തു. സത്യത്തില്‍ അവരെല്ലാം എടുത്ത എഫേര്‍ട്ട് ആണ് സ്ക്രീനില്‍ കാണുന്നത്.

മികച്ച അഭിനയവുമായി അജുവര്‍ഗീസ്

ഈ കഥ ആദ്യം പറയുന്നത് അജുച്ചേട്ടന്‍റെ അടുത്താണ്. ആദ്യം അദ്ദേഹത്തിന് കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത് ഈ സിനിമയ്ക്കകത്തെ കണ്ണന്‍ നായര്‍ ചെയ്തിട്ടുള്ള ഗുപ്തന്‍ എന്ന കഥാപാത്രമായിരുന്നു. ഇപ്പോള്‍ അജുചേട്ടന്‍ ചെയ്തിട്ടുള്ള കഥാപാത്രം ഒരു സ്ത്രീക്ക് കൊടുക്കാന്‍ ആയിരുന്നു അന്ന് തീരുമാനിച്ചത്. പക്ഷേ സിനിമ ഓണ്‍ ആവാന്‍ കുറച്ചുവൈകിയപ്പോള്‍ ഈ കഥാപാത്രം അജുച്ചേട്ടന് കൊടുത്താല്‍ എങ്ങനെ ഉണ്ടായിരിക്കും എന്ന് ചിന്തിച്ചു. അത്തരത്തില്‍ ഉള്ളചര്‍ച്ച വന്നു. അങ്ങനെയാണ് സി.പി എന്ന കഥാപാത്രം അജുചേട്ടന് കൊടുക്കുന്നത്. സത്യത്തില്‍ എല്ലാവരുടേയും കുട്ടിക്കാലത്ത് സി.പി പറയുന്നതുപോലെയുള്ള ഒരു കഥാപാത്രം കടന്നുപോയിട്ടുണ്ടായിരിക്കും. 

പണ്ടത്തെ നാട്ടിന്‍ പുറത്തെ സ്ക്കൂളുകളില്‍ മാത്രമല്ല, ഇപ്പോഴും ഒരു സി.പി എവിടെയൊക്കെയോ ഉണ്ട്. ഇപ്പോഴും ഏതെങ്കിലും ഒക്കെ കുട്ടികളെ ടോര്‍ച്ചര്‍ ചെയ്യുന്നുണ്ടായിരിക്കും അത്തരത്തിലുള്ള സി.പിമാര്‍. ആ കഥാപാത്രം വിവരിക്കുന്ന സമയത്ത് സി.പിയെ അത്രയ്ക്ക് ദുഷ്ടനാക്കണമോ എന്നൊന്നും അജുചേട്ടന്‍ ചോദിച്ചിട്ടില്ല. കാരണം അദ്ദേഹത്തിനും ഇതുപോലെ ട്രോമ കൊടുത്തിട്ടുള്ള ടീച്ചേഴ്സ് ഉണ്ടായിട്ടുണ്ട്. ഒരു നടന്‍ എന്നുള്ള നിലയ്ക്ക് അദ്ദേഹം അദ്ദേഹത്തിന്‍റെ എല്ലാ കണ്‍ട്രോളും എന്നെ ഏല്‍പ്പിക്കുകയായിരുന്നു. അദ്ദേഹത്തില്‍ നിന്ന് ആവശ്യമുള്ളതെല്ലാം എടുക്കാനായിരുന്നു അദ്ദേഹം പറഞ്ഞത്. അത്തരമൊരു സ്വാതന്ത്ര്യം തന്നതുകൊണ്ടാണ് ഞങ്ങള്‍ക്കും ശരിയായ രീതിയില്‍ വര്‍ക്ക് ചെയ്യാന്‍ പറ്റിയത്. കേരള ക്രൈം ഫയല്‍ സീരീസിന്‍റെ ഷൂട്ട് തുടങ്ങുന്നതിന് മുന്‍പാണ് ഈ വര്‍ക്കിന്‍റെ ഷൂട്ട് കഴിഞ്ഞത്. അജുചേട്ടന്‍ തന്നെ പലയിടത്തും പറഞ്ഞിട്ടുണ്ട്, ആ സീരീസ് ചെയ്യാനുള്ള ആത്മവിശ്വാസത്തിന്‍റെ തുടക്കം ഈ സിനിമയാണെന്ന്.

സിനിമയ്ക്കുള്ളിലെ രാഷ്ട്രീയം

സത്യത്തില്‍ ഈ സിനിമ എന്‍റെ ജീവിതാനുഭവമല്ല. ചെറുപ്പത്തില്‍ ഞാന്‍ കണ്ടിട്ടുള്ള കാര്യങ്ങളാണ് ഈ സിനിമ പറയുന്നത്. ഈ സിനിമയ്ക്കകത്ത് ഗ്രാന്‍റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് അജുവര്‍ഗീസ് ചെയ്യുന്ന സി.പി എന്ന കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്. വാസ്തവത്തില്‍ ആ ഡയലോഗ് ഒരു കുട്ടിയോട് മറ്റൊരു ടീച്ചര്‍ പറയുന്നത് ഞാന്‍ നേരിട്ട് കേട്ടിട്ടുണ്ട്. അന്ന് അതിനെക്കുറിച്ച് മനസ്സിലാക്കാനോ പ്രതികരിക്കാനോ കഴിഞ്ഞില്ലായിരുന്നു. പിന്നീടാണ് അതിനെക്കുറിച്ചൊക്കെ തിരിച്ചറിവ് വരുന്നത്.

എന്നാല്‍ ഈ സിനിമയില്‍ ഞങ്ങള്‍ ജാതി എന്നു പറയുന്ന വാക്ക് ഉപയോഗിച്ചിട്ടില്ല. ഉപയോഗിക്കാതെ തന്നെ കൃത്യമായി അത് ആളുകളിലേക്ക് എത്തണം എന്നാണ് ചിന്തിച്ചത്. എന്താണ് സി.പിക്ക് ശ്രീക്കുട്ടനോടുള്ള വിരോധം എന്ന് പ്രേക്ഷകര്‍ മനസ്സിലാക്കട്ടെ എന്ന് വിചാരിച്ചു. അത് തന്നെയായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം. ഇതിനകത്തുള്ള പൊളിറ്റിക്സ് മാര്‍ക്കറ്റിംഗ് തന്ത്രം ആക്കരുത് എന്നുള്ള നിര്‍ബന്ധം ഉണ്ടായിരുന്നു.

ചെറിയ സിനിമകള്‍ നേരിടുന്ന പ്രതിസന്ധികള്‍

പ്രമോഷന്‍റെ ഭാഗമായി എല്ലാ തീയേറ്ററുകളിലും ഓടിയെത്തുക എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം അന്നത്ര പോസിബിള്‍ അല്ലായിരുന്നു. റിലീസ് ചെയ്ത സമയത്ത് രാത്രിയില്‍ ഷോ ഇടില്ല എന്ന് ഒരു തീയേറ്ററില്‍ നിന്ന് പറഞ്ഞപ്പോള്‍ ആളുകളെ വിളിച്ചുകൂട്ടി തീയേറ്ററില്‍ ഷോ നടത്തിയിട്ടുണ്ട്. അതായത് തിയേറ്ററില്‍ ഷോ ഇല്ല എന്ന് കാണിച്ചാല്‍ മാത്രമേ അവര്‍ക്ക് ആ സിനിമയെടുത്ത് മാറ്റി ആ സമയത്ത് വലിയൊരു സിനിമ പ്രദര്‍ശിപ്പിക്കാന്‍ പറ്റൂ. സിനിമ കാണാന്‍ വരുന്നവരോട് പോലും സിനിമ ഇല്ലെന്നുപറഞ്ഞ് അപ്പപ്പോള്‍ അവരെ പറഞ്ഞുവിട്ടാണ് ഇതുപോലെ ചെയ്യുക. തിയേറ്ററിന് പുറത്ത് കുറെപ്പേര് കാത്തുനിന്നിട്ടും ഷോ കാണിച്ചില്ല എന്നുള്ളതൊക്കെ വലിയ ദ്രോഹമാണ്.

തിരുവനന്തപുരം ഭാഷയും സിനിമയും

ഈ സിനിമയില്‍ മെന്‍ഷന്‍ ചെയ്തിട്ടുള്ള സ്ഥലം തന്നെയാണ് എന്‍റെ ജന്മനാടും. ഈ സിനിമയില്‍ ഉപയോഗിച്ച സ്ഥലപ്പേരുകള്‍ ഒന്നും ഇതുവരെക്കും ഒരു സിനിമയിലും പറഞ്ഞിട്ടില്ല. ഒരു ഫിക്ഷണല്‍ പേര് കൊടുക്കുന്നതിനേക്കാള്‍ നല്ലത് നമ്മുടെ നാടിന്‍റെ പേര് കൊടുക്കുന്നതാണെന്ന് എനിക്ക് തോന്നി. ലോക്കല്‍ ഈസ് ഇന്‍റര്‍നാഷണല്‍ എന്നാണല്ലോ?

 


LATEST VIDEOS

Interviews