ബിബിമോന്‍ ഹാപ്പിയാണ്. രംഗന്‍മോന്‍ ഹാപ്പിയാണ്. എല്ലാരും ഹാപ്പിയാണ്. ഒപ്പം ബിബിമോന്‍റെ അമ്മയും ഹാപ്പിയാണ്. ആവേശത്തിമര്‍പ്പില്‍ 'ആവേശം' മുന്നേറുമ്പോള്‍ ബിബിമോന്‍റെ അമ്മയും ആവേശത്തിമിര്‍പ്പിലാണ്. ഒരു സിനിമ കണ്ടുകഴിഞ്ഞ് അതിലൊരു കഥാപാത്രം പ്രേക്ഷകര്‍ക്കൊപ്പം അങ്ങ് ഇറങ്ങിപ്പോവുന്നതിനോളം സന്തോഷം മറ്റെന്തുണ്ട്. 2016 മുതല്‍ നീരജ രാജേന്ദ്രന്‍ എന്ന അഭിനേത്രി മലയാള സിനിമയോടൊപ്പമുണ്ട്. തന്നിലെ അഭിനേത്രിയെ ഇത്രത്തോളം ആഘോഷമാക്കിയ മറ്റൊരു സമയം ഇല്ലെന്നു പറഞ്ഞുകൊണ്ട് ആവേശത്തിമിര്‍പ്പില്‍ നീരജ രാജേന്ദ്രന്‍ സംസാരിച്ചുതുടങ്ങി.
എങ്ങും 'ആവേശ'മാണ്
ഇതിന് മുന്‍പൊന്നും അനുഭവിക്കാത്തതരം ആവേശത്തിലൂടെയാണ് ഇപ്പോള്‍ ജീവിതം പൊയ്ക്കൊണ്ടിരിക്കുന്നത്. ബിബിമോന്‍റെ അമ്മയെ പ്രേക്ഷകര്‍ സ്വീകരിച്ച സന്തോഷം വന്നുനിറയുകയാണ്. ഒരുപാട് വിളികളും സന്ദേശങ്ങളും തേടിയെത്തുന്നു. സ്നേഹം അറിയിക്കുന്നു. ഫോണ്‍ നിലത്ത് വയ്ക്കാന്‍ സമയമില്ലെന്ന് പറയുന്നതാവും ശരി. എല്ലാവര്‍ക്കും കണക്ട് ചെയ്യാന്‍ കഴിയുന്ന കഥാപാത്രമായതുകൊണ്ട് തന്നെ കാണുന്ന എല്ലാവര്‍ക്കും ബിബിമോന്‍റെ അമ്മയെ ഇഷ്ടപ്പെടും. അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഈ കഥാപാത്രം ഇത്രമാതരം ശ്രദ്ധിക്കപ്പെടുമെന്നൊന്നും കരുതിയിരുന്നില്ല. ഇപ്പോള്‍ കിട്ടുന്ന പ്രതികരണം കാണുമ്പോള്‍ അത്രമാത്രം സംതൃപ്തി നല്‍കുന്നുണ്ട്.
ജിത്തുവിനൊപ്പം(ജിത്തുമാധവന്‍) ഒരു പരസ്യചിത്രത്തില്‍ നേരത്തെ അഭിനയിച്ചിട്ടുണ്ട്. രോമാഞ്ചമാണെങ്കിലും ഒരുപാട് എന്‍ജോയ് ചെയ്തുകണ്ട ചിത്രമാണ്. ജിത്തുവാണ് നമ്മുടെ ഒരു സിനിമ വരുന്നുണ്ടെന്നും അതില്‍ ചേച്ചിക്ക് ഒരു റോള്‍ ഉണ്ടെന്നും പറയുന്നത്. ജിത്തുവിന്‍റെ കൂടെ വര്‍ക്ക് ചെയ്യാന്‍ സന്തോഷമാണ്. അങ്ങനെയൊരു അന്തരീക്ഷമാണ് ജിത്തുവിന്‍റെ സെറ്റില്‍. അതുകൊണ്ടുതന്നെയാണ് ഇത്രയും നന്നായി ചെയ്യാന്‍ കഴിഞ്ഞതെന്ന് വിശ്വസിക്കുന്നു.
ബിബിമോന്‍ എന്‍റെ മോനാണ്
ആദ്യസീനില്‍ ബിബിമോനുമായി കോളേജില്‍ ജോയിന്‍ ചെയ്യാന്‍ പോകുമ്പോള്‍ തന്നെ അവന്‍ എന്‍റെ മോനായി അഭിനയിക്കുകയാണെന്ന് തോന്നിയിട്ടേയില്ല. എന്‍റെ മോള്‍ ഭാവന ഒരിക്കല്‍ സെറ്റില്‍ വന്നപ്പോള്‍ ഞങ്ങളെ ഒരുമച്ച് കണ്ടപ്പോള്‍ ഞങ്ങളുടെ ചിരിയെല്ലാം ഒരുപോലെ ഇരിക്കുന്നുവെന്ന് പറഞ്ഞിരുന്നു. അത് കൂടുതല്‍ കോണ്‍ഫിഡന്‍സ് നല്‍കി. ഹോസ്റ്റലില്‍ വിടാന്‍ പോവുമ്പോള്‍ പുറത്തുനിന്ന് ജനല്‍ വഴി ഉള്ളിലേക്ക് നോക്കുന്ന ഒരു സീനുണ്ട്. എന്‍റെ മക്കളുമായി ഞാന്‍ ഇങ്ങനെ ജോയിന്‍ ചെയ്യാന്‍ പോവുകയാണല്ലോ.
അങ്ങനെ,തന്നെയാണ് ചെയ്യുക. ബിബിമോന്‍റെ അമ്മയെപ്പോലെ തന്നെയാണ് ഞാന്‍ ജീവിതത്തിലും. ആദ്യസീനുകള്‍ ഒഴിച്ചാല്‍ പിന്നെയുള്ളതെല്ലാം ഫോണിലൂടെയുള്ള സംഭാഷണങ്ങളാണ്. പക്ഷേ ഞങ്ങളുടെ കെമിസ്ട്രി വര്‍ക്ക് ആയതുകൊണ്ടാണ് മറ്റുള്ളവര്‍ക്കും ഞങ്ങളുടെ ബോണ്ട് വര്‍ക്കായത്. എന്‍റെ ജീവിതത്തിലും ഫ്രണ്ട് കൂടുതലും എന്‍റെ മക്കളുടെ കൂട്ടുകാരാണ്. ചില്‍ മമ്മി തന്നെയാണ് ഞാന്‍ ജീവിതത്തിലും. ആദ്യദിവസം ലൊക്കേഷനില്‍ എത്തിയപ്പോള്‍ ഇതാണ് കഥാപാത്രം എ ന്നുപറഞ്ഞപ്പോള്‍ ഇതുതന്നെയല്ലേ ഞാനും എന്നാണ് ആദ്യം ഓര്‍ത്തത്. തിരുവനന്തപുരം സ്ലാങ്ങ് പിടിക്കണം എന്ന് മാത്രമാണ് ജിത്തു പറഞ്ഞത്. ഞാന്‍ ബേസിക്കലി തിരുവനന്തപുരമായതുകൊണ്ട് അതിന് വലിയ ബുദ്ധിമുട്ടുണ്ടായില്ല.