NEWS

എന്നെ ഫോളോ ചെയ്യുന്നവരുടെ എണ്ണം വലുതാണ് നേഹ സക്‌സേന

News

 

മോഹൻലാൽ നായകനാവുന്ന ബിഗ് ബജറ്റ് ചിത്രമായ ഋഷഭയിൽ നേഹ സക്‌സേന മുഴുനീള കഥാപാത്രമാവുന്നു. മറ്റ് അന്യഭാഷാനടിമാരിൽ നിന്നും വ്യത്യസ്തമായി ഏതൊരു കാര്യത്തെക്കുറിച്ചും കൃത്യമായ നിലപാടുള്ള മലയാളത്തെ ഹൃദയത്തോട് ചേർത്തുനിർത്തുന്ന അഭിനേത്രിയാണ് നേഹ. രാജ്യത്തെ പ്രമുഖ മോഡലായിരുന്ന നേഹ സിനിമയിലെത്തിയിട്ട് പതിനാല് വർഷം പിന്നിട്ടിരിക്കുന്നു.

ഋഷഭയെന്ന ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് സൂചിപ്പിക്കാമോ?

വളരെയധികം സന്തോഷമുണ്ട്. നന്ദകിഷോർ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ ഋഷഭയിൽ വളരെ ബോൾഡായ യശോദയെന്ന കഥാപാത്രമായാണ് ഞാൻ അഭിനയിക്കുന്നത്. മോഹൻലാൽ സാറിന്റെ ചിത്രത്തിൽ മുഴുനീള കഥാപാത്രമായി അഭിനയിക്കുന്നതുതന്നെ മഹാഭാഗ്യമല്ലേ. എ.വി.എസ് സ്റ്റുഡിയോയും, മോഷൻ, ബാലാജി പിക്‌ച്ചേഴ്‌സുമാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

നാദിർഷായുടെ പുതിയ ചിത്രത്തിലും നേഹയ്ക്ക് ശ്രദ്ധേയമായ കഥാപാത്രമാണോ...?

അതെ. നാദിർഷ സംവിധാനം ചെയ്യുന്ന പേരിടാത്ത പുതിയ ചിത്രത്തിൽ കുറ്റാന്വേഷണ ഉദ്യോഗസ്ഥയായ എ.ഡി.ജി.പി റാണി പട്ടേൽ എന്ന കഥാപാത്രമായാണ് അഭിനയിക്കുന്നത്. വളരെ ബോൾഡായ പോലീസ് ഓഫീസറാണ്.

പേപ്പട്ടിയെന്ന ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച്?

സലിംബാവ സംവിധാനം ചെയ്യുന്ന പേപ്പട്ടിയെന്ന ചിത്രത്തിൽ സുൽത്താനയെന്ന ബോൾഡായ ക്യാരക്ടറായാണ് അഭിനയിക്കുന്നത്. സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റുകളെ എത്തിക്കുന്ന കഥാപാത്രമാണ് സുൽത്താന. ഞാൻ ആദ്യമായാണ് സുൽത്താന എന്ന ഒരു മുസ്ലീം കഥാപാത്രമായി അഭിനയിക്കുന്നത്.

 

ദയാഭാരതിയെന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായാണല്ലോ അഭിനയിക്കുന്നത്?

ദയാഭാരതിയിലെ കഥയാണ് എന്നെ ആകർഷിച്ചത്. ഗർഭിണിയായിരിക്കേ ഭർത്താവ് മരിച്ച വിധവയായ ദയാഭാരതിയെന്ന കഥാപാത്രത്തിന്റെ മാനസികാവസ്ഥയെക്കുറിച്ച് സംവിധായകൻ വിവരിച്ചപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു. അമ്മ ഏഴുമാസം എന്നെ ഗർഭം ധരിച്ചിരിക്കുന്ന അവസരത്തിലാണ് എന്റെ അച്ഛൻ ആക്‌സിഡന്റിൽ മരണപ്പെടുന്നത്. എന്റെ സ്വന്തം ജീവിതകഥയായി ദയാഭാരതി ഫീൽ ചെയ്തു. സഖാവിന്റെ പ്രിയസഖിയെന്ന ചിത്രത്തിലെ പെർഫോമൻസ് കണ്ടാണ് സംവിധായകൻ ദയാഭാരതിലേക്ക് എന്നെ വിളിച്ചത്. എന്റെ അഭിനയജീവിതത്തിൽ ഏറ്റവും അവിസ്മരണീയമായ കഥാപാത്രമാണ് ഗർഭിണിയായ ദയാഭാരതി. ആദിവാസി ഊരുകളിൽ കുട്ടികളെ പഠിപ്പിക്കുന്ന ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപികയാണ് ദയാഭാരതി.

നാൽപ്പത്തിയഞ്ച് ദിവസവും ആതിരപ്പള്ളിയിലെ കാട്ടിനകത്ത് ആദിവാസികൾക്കൊപ്പമായിരുന്നു ചിത്രീകരണം നടന്നത്. മേക്കപ്പില്ലാതെ, ലിപ്സ്റ്റിക്കില്ലാതെ ക്യാമറയുടെ മുന്നിലെ അഭിനയം വല്ലാത്തൊരനുഭവമായിരുന്നു. നാൽപ്പത്തിയഞ്ച് ദിവസവും മൊബൈൽ നെറ്റ് വർക്കില്ലാത്ത കാട്ടിനകത്തെ ലൊക്കേഷനിലായിരുന്നു ചിത്രീകരണം നടന്നത്. ഷൂട്ടിംഗിനിടയിൽ ആദിവാസികളുടെ ജീവിതം കണ്ടറിയാനും, അവരുമായി സൗഹൃദം സ്ഥാപിക്കാനും കഴിഞ്ഞു. ഞാൻ ഏറെ ആരാധിക്കുന്ന പാട്ടുകാരൻ ഹരിഹരൻ സാറ് ദയാഭാരതിയിൽ വൈൽഡ് ഫോട്ടോഗ്രാഫറായി അഭിനയിക്കാനെത്തിയിരുന്നു.

 

നേഹ ഇപ്പോൾ സെലക്ടീവാണോ..?

കുറച്ച് സെലക്ടീവാണ്. കഥാപാത്രത്തിന്റെ വലുപ്പ ചെറുപ്പത്തെക്കാൾ പ്രേക്ഷകരുടെ മനസ്സിൽ നിറയുന്ന കഥാപാത്രങ്ങളെ അഭിനയിച്ച് പ്രതിഫലിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. ഞാൻ ക്യാമറയുടെ മുന്നിലെത്തിയിട്ട് പതിനാല് വർഷം പിന്നിടുന്നു. മലയാളസിനിമയിലെ പ്രേക്ഷകർക്കിടയിൽ എന്റെ പേരും രജിസ്റ്റർ ചെയ്യപ്പെട്ടുകഴിഞ്ഞു.

 

മറ്റ് നടികളിൽ നിന്ന് വ്യത്യസ്തമായി സോഷ്യൽ മീഡിയയിൽ നേഹ സജീവമാണല്ലോ...?

അതെ. പബ്ലിക് ഹോം എന്ന നിലയിൽ സോഷ്യൽ മീഡിയയിൽ ഞാൻ ആക്ടീവാണ്. എന്റെ പോസ്റ്റുകൾക്ക് ചുവട്ടിലൊന്നും ആരും തന്നെ ഇതേവരെ മോശം കമന്റ് ഇട്ടിട്ടില്ല. സോഷ്യൽ മീഡിയയിൽ ഞാനെപ്പോഴും സജീവമായതിനാൽ ഞാനെന്താണെന്നും, എവിടെയാണെന്നുമൊക്കെ എല്ലാവർക്കും വളരെ വേഗം അറിയാൻ കഴിയുന്നുണ്ട്. എന്നെ ഫോളോ ചെയ്യുന്നവരുടെ എണ്ണവും വളരെ വലുതാണ്. സിനിമാതാരമെന്നതിനേക്കാൾ വളരെ വലിയൊരു സൗഹൃദവലയം എനിക്ക് സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.

വിവാഹം കഴിക്കുന്നില്ലേ?

ഇപ്പോൾ അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. മലയാളം, തമിഴ്, തെലുങ്ക്, ഇൻഡസ്ട്രിയിൽ നിന്നൊക്കെ ആലോചന വരുന്നുണ്ട്. ഇപ്പോൾ ഞാനും എന്റെ അമ്മയും മാത്രമാണുള്ളത്. പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യുന്ന ആളെ വിവാഹം കഴിക്കാൻ താൽപ്പര്യമില്ല. എന്റെ കുടുംബത്തിൽ ആണുങ്ങളില്ല. അതുകൊണ്ടുതന്നെ വയസ്സായ എന്റെ അമ്മയേയും സ്‌നേഹിക്കാൻ കഴിയുന്ന ഒരാളെയാണ് ആഗ്രഹിക്കുന്നത്. അങ്ങനെയൊരു ആളെ ഇതേവരെ കണ്ടെത്തിയിട്ടില്ല. ഒരാളെ ഇഷ്ടമായാൽ അയാളോട് നിങ്ങളെ എനിക്ക് കല്യാണം കഴിക്കണമെന്ന് പറയാനൊന്നും എനിക്ക് മടിയില്ല. ഇപ്പോൾ ഷൂട്ടിംഗില്ലാത്തപ്പോൾ വീടും അമ്മയും അമ്പലവുമാണ് എനിക്കെല്ലാം. കേരളത്തിലെത്തിയാൽ ചോറ്റാനിക്കര അമ്മയെ തൊഴാൻ പോവാറുണ്ട്. തിരുവനന്തപുരത്ത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലും ദർശനം നടത്താറുണ്ട്.

നേഹയുടെ പുതിയ ചിത്രങ്ങൾ...?

ഋഷഭ, നാദിർഷയുടെ പുതിയ ചിത്രം എന്നിവയ്ക്ക് പുറമെ പേപ്പി എന്ന ചിത്രവുമുണ്ട്. മിൽട്ടൻ ഇൻ മാൾട്ടയാണ്. ഇറ്റലിയിലെ ഒരു സ്വതന്ത്ര ദ്വീപാണ് മാൾട്ട. ചിത്രത്തിന്റെ ഫസ്റ്റ് ഷെഡ്യൂൾ മാൾട്ടയിൽ നടന്നു. സെക്കന്റ് ഷെഡ്യൂളിനായി വൈകാതെ തന്നെ മാൾട്ടയിലേക്ക് പോവാനുള്ള തയ്യാറെടുപ്പിലാണ്.

 

എം.എസ്. മാട്ടുമന്ത

ഫോട്ടോ: ഷാബു പോൾ


LATEST VIDEOS

Top News